
തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തിനു കാരണം സാമ്പത്തികബാധ്യതയുണ്ടാക്കിയ മാനസിക സമ്മര്‍ദം എന്ന നിഗമനത്തിലേക്ക് പോലീസ്. പ്രതിയായ അഫാന്റെ മാതാവ് ഷെമിക്ക് 65 ലക്ഷം രൂപയുടെ കടബാധ്യതയുണ്ടായിരുന്നു. നാട്ടില്‍ കുടുംബത്തിനുള്ള കടബാധ്യതയും വിദേശത്തുള്ള പിതാവിന്റെ സാമ്പത്തിക പ്രതിസന്ധിയും പ്രതി അഫാനെ അലട്ടിയിരുന്നു.
ബാധ്യതയില്‍നിന്നു രക്ഷപ്പെടാന്‍ സഹായിക്കാത്ത ബന്ധുക്കളേയും ഉറ്റവരേയും വകവരുത്തിയത് കടം വീട്ടാന്‍ കഴിയില്ലെന്ന അഫാന്റെ ഭയമായിരുന്നു. മുത്തശ്ശി സല്‍മാ ബീവിയെ കൊലപ്പെടുത്തിയ ശേഷം കൈക്കലാക്കിയ മാല പണയംവച്ച് കിട്ടിയ 74000 രൂപയില്‍നിന്ന് 40000 രൂപ അഫാന് സ്വന്തം അക്കൗണ്ട് വഴി കടക്കാര്‍ക്ക് നല്‍കിയെന്ന് കണ്ടെത്തിയിട്ടുണ്ട്. രാസ ലഹരി ഉപയോഗം അഫാനില്ലെന്നാണു സൂചനകള്‍.
ഉമ്മയുടെ കാന്‍സര്‍ ചികിത്സാച്ചെലവിനും സഹോദരന്റെ വിദ്യാഭ്യാസച്ചെലവിനും പണം കണ്ടെത്താനാകാതെ അഫാന് വലഞ്ഞു. ജോലി ഇല്ലാത്തതും നിത്യച്ചെലവിനുപോലും പണം കിട്ടാത്തതും പ്രതിസന്ധി കൂട്ടി. സ്നേഹിച്ച പെണ്‍കുട്ടിയെ സ്വന്തമാക്കാന്‍ കടബാധ്യത വില്ലനാകുമെന്നും ഭയന്നു. ഈ സാഹചര്യത്തിലാണ് അനുജനേയും പെണ്‍സുഹൃത്തിനേയും അഫാന് കൊന്നത്. സ്നേഹക്കൂടുതല് കാരണം അമ്മയേയും കൊല്ലാന്‍ ശ്രമിച്ചു. എന്നാല്‍, അമ്മ മാത്രം രക്ഷപ്പെട്ടു. മുത്തശ്ശിയേയും വല്യച്ഛനേയും വല്യച്ഛന്റെ ഭാര്യയേയും കൊന്നത് പ്രതിസന്ധി കാലത്ത് സഹായിക്കാത്തതിന്റെ പകയിലാണെന്നും വ്യക്തമായിട്ടുണ്ട്.
അഫാന്റെ പിതാവ് റഹീമിന് സൗദിയില്‍ സാമ്പത്തികബാധ്യതകളുള്ളതിനാല്‍ നാട്ടിലേക്കു പണം അയച്ചിരുന്നില്ല. കാന്‍സര്‍ രോഗിയായ മാതാവിന്റെ ചികിത്സയ്ക്കുള്‍പ്പെടെ ചില നാട്ടുകാരില്‍നിന്നും അടുത്ത ബന്ധുക്കളില്‍നിന്നും പണം കടം വാങ്ങിയിരുന്നു. താമസിക്കുന്ന വീടു വിറ്റ് കടം വീട്ടാനുള്ള ശ്രമവും നടത്തി. വ്യാഴാഴ്ച അഫാനും ഫര്‍സാനയും സ്വര്‍ണം പണയം വച്ചത് കടബാധ്യതകളില്‍ ചിലത് തീര്‍ക്കാനായിരുന്നുവെന്നും വ്യക്തമായി.
കൃത്യമായ ആസൂത്രണത്തോടെയാണ് അഫാന് എല്ലാം ചെയ്തത്. ഫര്‍സാനയെ കൊലപ്പെടുത്തുന്നതിന് വേണ്ടി സഹോദരനായ അസ്ഫാനെ വെഞ്ഞാറമൂട്ടിലേക്ക് കുഴിമന്തി വാങ്ങാന്‍ പറഞ്ഞയയ്ക്കുകയായിരുന്നു. അസ്ഫാന് ഓട്ടോറിക്ഷയില്‍ വെഞ്ഞാറമൂട്ടില്‍ എത്തുന്നതിന്റെയും കുഴിമന്തി വാങ്ങുന്നതിന്റേയും ദൃശ്യങ്ങള്‍ ഇതിന് തെളിവാണ്. ഫര്‍സാനയെ കൊലപ്പെടുത്തുന്നതിനായി സഹോദരനെ തന്ത്രപൂര്‍വം വീട്ടില്‍നിന്ന് മാറ്റുകയായിരുന്നു. ഏറ്റവും ഒടുവില്‍ അഫാന് കൊലപ്പെടുത്തിയത് സഹോദരന് അഫ്സാനെയാണ്. മറ്റു നാലുപേരെ ആക്രമിച്ചശേഷം അഫാന് മദ്യപിച്ചതായും പോലീസ് സംശയിക്കുന്നുണ്ട്. പെണ്‍സുഹൃത്ത് ഫര്‍സാനയെ കാണുന്നതിന് മുന്‍പ് പത്ത് മിനിറ്റ് ബാറില്‍ ചെലവഴിച്ചെന്നും കണ്ടെത്തി. അപ്പോഴും മദ്യപിച്ചിരുന്നു. അവിടെനിന്നു പാഴ്സലായും മദ്യം വാങ്ങി.
മദ്യപാനത്തിന് അപ്പുറം രാസലഹരി ഉപയോഗം ഉണ്ടെന്നതിന് തെളിവൊന്നും കിട്ടിയിട്ടില്ല. ബാറില്‍നിന്ന് മദ്യം വാങ്ങി വീട്ടിലെത്തി എലിവിഷം കലര്‍ത്തി കഴിച്ചെന്നാണ് സംശയം. കൃത്യമായ കാരണങ്ങള്‍ ചികിത്സയിലുള്ള മാതാവ് ഷെമിക്ക് അറിയാമെന്നാണ് പോലീസിന്റെ വിലയിരുത്തല്‍. ഷെമിയുടെ മൊഴി എല്ലാ ദുരൂഹതകളും മാറ്റുമെന്നു പോലീസ് കരുതുന്നു. ഫര്‍സാനയുടെ വീട്ടിലെത്തി ബന്ധുക്കളുടെ മൊഴി അന്വേഷണസംഘം ശേഖരിച്ചു. അഫാന്റെ ബന്ധുക്കളുടെ മൊഴിയും എടുക്കുന്നുണ്ട്. അഫാന്റെയും മാതാവ് ഷെമിയുടെയും ഫോണുകള്‍ ഫോറന്‍സിക് പരിശോധനയ്ക്കായി കൈമാറി. ഇതില്‍നിന്നും കൂടുതല്‍ തെളിവുകള്‍ കിട്ടുമെന്നാണ് പ്രതീക്ഷ.






