
പൂനെ: പോലീസ് വിവരം നല്‍കുന്നവര്‍ക്ക് ഒരുലക്ഷം രൂപ ഇനാം പ്രഖ്യാപിച്ച ബലാത്സംഗകേസ് പ്രതി പിടിയില്‍. പൂനെയില്‍ നടന്ന സംഭവത്തില്‍ നിര്‍ത്തിയിട്ടിരുന്ന ബസിനുള്ളിലിട്ട് യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതി നേരത്തേ മുങ്ങിയിരുന്നു. ഇയാളെ മഹാരാഷ്ട്ര പോലീസ് ഷിരൂരില്‍ വെച്ച് പിടികൂടി. പ്രതിയെ പിടികൂടുന്നതിനായി സംസ്ഥാന വ്യാപകമായി 13 പൊലീസ് സംഘങ്ങളെ നിയോഗിച്ചിരുന്നു.
നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ദത്താത്രേയ ഗഡേ (26) വിവിധകേസുകളില്‍ പിടിക്കപ്പെട്ട് ജയിലിലാകുകയും ജാമ്യം നേടി പുറത്തുവരികയും ചെയ്തയാളാണ്. ജാമ്യകാലാവധിയില്‍ കഴിയുമ്പോഴാണ് ഇയാള്‍ പുതിയ കേസ് ഉണ്ടാക്കിയിരിക്കുന്നത്. കഴിഞ്ഞദിവസം അര്‍ദ്ധരാത്രി തന്നെ ഇയാളെ പോലീസ് പൊക്കി. മോഷണം, കവര്‍ച്ച, ചെയിന്‍ തട്ടിപ്പ് അടക്കം നിരവധി കേസുകളില്‍ പ്രതിയാണ് ദത്താത്രേയ ഗഡേ.
പൊലീസ് സ്റ്റേഷന് 100 മീറ്റര്‍ മാത്രം അകലെയുള്ള ബസ് സ്റ്റാന്‍ഡില്‍ നിര്‍ത്തിയിട്ടിരുന്ന ബസിലായിരുന്നു യുവതിക്കെതിരായ അതിക്രമം നടന്നത്. നാട്ടിലേക്കുള്ള ബസെന്ന് തെറ്റിദ്ധരിപ്പിച്ച് പ്രതി യുവതിയെ നിര്‍ത്തിയിട്ടിരുന്ന ബസില്‍ എത്തിക്കുകയും ബലാത്സംഗം ചെയ്യുകയുമായിരുന്നു. സംഭവത്തിന് ശേഷം നാട്ടിലേയ്ക്ക് പോകാനുള്ള മറ്റൊരു ബസില്‍ കയറിയ യുവതി ഇതിനിടെ സുഹൃത്തിനെ കാണുകയും പീഡന വിവരം വെളിപ്പെടുത്തുകയുമായിരുന്നു. സുഹൃത്തിന്റെ നിര്‍ദേശമനുസരിച്ചാണ് പൊലീസില്‍ പരാതി നല്‍കിയത്.






