
കമ്യൂണിസ്റ്റ് സമരപോരാട്ടങ്ങളുടെ ചരിത്രത്തില്‍ ഇടംപിടിച്ച ഇടപ്പള്ളി പോലീസ് സ്റ്റേഷന് ആക്രമണത്തിന് ഇന്ന് 75 വയസ്. 1950 ഫെബ്രുവരി 28 ന് പുലര്‍ച്ച ഇടപ്പള്ളി പോലീസ് സ്റ്റേഷനിലേക്ക് 17 പേരടങ്ങുന്ന സമരസംഘം ഇരച്ചുകയറി സഹപ്രവര്‍ത്തകരെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെ രണ്ട് പോലീസുകാര്‍ കൊല്ലപ്പെട്ട സംഭവമാണ് സി.പി.എമ്മും സി.പി.ഐയും ചേര്‍ന്ന് ഇടപ്പള്ളി സ്മരണയായി ആചരിക്കുന്നത്. പോണേക്കരയില്നിന്ന് ഇടപ്പള്ളി പോലീസ് സ്റ്റേഷന് ലക്ഷ്യമാക്കി കെ.സി. മാത്യുവിന്റെ നേതൃത്വത്തില്‍ നീങ്ങിയ സംഘം കൈയില്‍ കരുതിയ വാക്കത്തികളും മരവടികളും ഏറുപടക്കവുമായി സ്റ്റേഷനിലേക്ക് ഇരച്ചുകയറി മിന്നലാക്രമണം നടത്തുകയായിരുന്നു.
1950 മാര്‍ച്ച് ഒമ്പതിന് അഖിലേന്ത്യാ റെയില്‍വേ പണിമുടക്കിന് കമ്മ്യൂണിസ്റ്റ് യൂണിയന് ആഹ്വാനം ചെയ്തിരുന്നു. പണിമുടക്ക് വിജയിപ്പിക്കാന്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി ബി.ടി. രണദിവെ എല്ലാ ഘടകങ്ങളോടും ആവശ്യപ്പെട്ടു. ഇടപ്പള്ളിയില്‍ ട്രെയിന്‍ തടയുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ തീരുമാനിക്കാന്‍ പോണേക്കര കാടിപറമ്പത്ത് യോഗം ചേരാനായിരുന്നു തീരുമാനം. നേതാക്കളായ എം.എം ലോറന്‍സ്, എസ്. ശിവശങ്കരപ്പിള്ള, വി. വിശ്വനാഥമേനോന് ഉള്‍പ്പെടെയുള്ളവര്‍ യോഗത്തില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് രണ്ടു പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് ഇടപ്പള്ളി ലോക്കപ്പില്‍ ഇട്ടിട്ടുണ്ടെന്നന്നും അതില്‍ ഒരാള്‍ ലോക്കപ്പ് മര്‍ദനത്തില്‍ മരിച്ചിട്ടുണ്ടെന്നും അറിയുന്നത്.
കെ.സി. മാത്യുവിന്റെ നേതൃത്വത്തില്‍ തൊഴിലാളി സംഘം പുലര്‍ച്ചെ റെയിലിലൂടെ നടന്ന് ഇടപ്പള്ളി ജങ്ഷനിലുള്ള പോലീസ് സ്റ്റേഷനിലേക്ക് നീങ്ങി. മുന്‍ ധാരണപ്രകാരം കെ.സി. മാത്യു, അറ്റാക്ക് പറഞ്ഞതോടെ മിന്നലാക്രമണമായിരുന്നു. അതിനിടെ, ലോക്കപ്പില്‍ കഴിയുന്ന എന്‍.കെ. മാധവന്, മഞ്ഞുമ്മല്‍ വറീതുകുട്ടി എന്നിവരെ കണ്ടു. ലോക്കപ്പിന്റെ താഴ് വെട്ടിപ്പൊളിക്കാനുള്ള ശ്രമം പരാജയപ്പെട്ടു. ചെറുത്തുനില്‍പ്പിനിടെ മാത്യു, വേലായുധന് എന്നീ രണ്ടു പോലീസുകാര്‍ കൊല്ലപ്പെടുകയും ചെയ്തു.
മര്‍ദനത്തിന് ഇരയായി ലോക്കപ്പില്‍ കഴിയുന്ന സഖാക്കളെ രക്ഷപ്പെടുത്താനുള്ള ശ്രമം വിഫലമായി. സ്റ്റേഷന് ആക്രമിച്ചെന്ന കാരണത്തില്‍ പിറ്റേദിവസം മുതല്‍ പോലീസ് കമ്മ്യൂണിസ്റ്റുകാരെ വേട്ടയാടിയെന്നാണ് ചരിത്രം. വിവിധ ഇടങ്ങളില്‍നിന്ന് അറസ്റ്റ് ചെയ്ത കമ്മ്യൂണിസ്റ്റ് അനുഭാവികളും പ്രവര്‍ത്തകരുമായ നിരവധിപേര്‍ മര്‍ദനമുറകള്‍ക്കു വിധേയരായി.17 പേര് പങ്കെടുത്ത സംഭവത്തില്‍ 33 പേരെ പ്രതികളാക്കി കേസെടുത്തു. മര്‍ദനത്തില്‍ ഗുരുതരമായ പരുക്കേറ്റ കെ.യു. ദാസ് ചികിത്സ നിഷേധിച്ചതിനെത്തുടര്‍ന്ന് മരണത്തിനു കീഴടങ്ങി. പ്രതികളെ ജീവപര്യന്തം തടവിനു ശിക്ഷിച്ച് വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ അടച്ചു.
കേസില്‍ 22 മാസത്തോളം വിചാരണ തടവുകാരനായി ജയിലില്‍ കിടന്ന എം.എം. ലോറന്‍സ് സുപ്രീം കോടതിവരെ പോയാണ് കേസില്‍നിന്ന് ഒഴിവായത്. ഈ സമരത്തില്‍ പങ്കെടുത്തവരില്‍ അവശേഷിച്ചിരുന്ന ലോറന്‍സും ഏതാനും മാസം മുന്‍പ് വിടപറഞ്ഞു. 1957 ല്‍ കേരളത്തില്‍ ആദ്യത്തെ കമ്യൂണിസ്റ്റ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ രാഷ്ട്രീയ തടവുകാരെ മോചിപ്പിക്കാനെടുത്ത തീരുമാനത്തെ തുടര്‍ന്ന് 1957 ഏപ്രില്‍ 12ന് ഇടപ്പള്ളി സ്റ്റേഷന് ആക്രമണത്തിലെ എല്ലാ പ്രതികളേയും സര്‍ക്കാര്‍ മോചിപ്പിച്ചു.
ഇടപ്പള്ളി സ്റ്റേഷന് സ്മാരകമാക്കണമെന്ന ആവശ്യം ദീര്‍ഘകാലമായുണ്ടെങ്കിലും ഇനിയും യാഥാര്‍ഥ്യമായിട്ടില്ല. ഇരു കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെയും നേതൃത്വത്തില്‍ ഇടപ്പള്ളി പോലീസ് സ്റ്റേഷന് ആക്രമണത്തിന്റെ 75 -ാം വാര്‍ഷികം ഇന്നു വൈകിട്ട് ആറിന് എറണാകുളം ടൗണ്‍ഹാളില്‍ ആചരിക്കും. സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്, സി.പി.ഐ. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം എന്നിവര്‍ പങ്കെടുക്കും.






