
തിരുവനന്തപുരം: സന്ദര്‍ശക വീസയില്‍ ജോര്‍ദാനിലെത്തിയ മലയാളി ഇസ്രയേലിലേക്ക് കടക്കുന്നതിനിടെ വെടിയേറ്റു മരിച്ചു. തുമ്പ സ്വദേശി തോമസ് ഗബ്രിയേല്‍ പെരേരയാണ് അതിര്‍ത്തിയില്‍ ജോര്‍ദാന്‍ സൈന്യത്തിന്റെ വെടിയേറ്റു മരിച്ചത്. ഗബ്രിയേലിന്റെ തലയ്ക്കാണു വെടിയേറ്റത്. ഇദ്ദേഹ ത്തിനൊപ്പം ഇസ്രയേലിലേക്കു കടക്കാന്‍ ശ്രമിച്ച മേനംകുളം സ്വദേശി എഡിസണ് നാട്ടിലെത്തി. ഇദ്ദേഹത്തിനു കാലിനു വെടിയേറ്റെങ്കിലും രക്ഷപ്പെട്ടു. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മറ്റു രണ്ടു മലയാളികള്‍ ഇസ്രയേലില്‍ ജയിലില്‍ ആണെന്നാണു സൂചന.
ഇസ്രയേലിലേക്കു കടക്കുന്നതു തടയാന്‍ ജോര്‍ദാന്‍ സൈന്യം ശ്രമിക്കവേ മലയാളികളുടെ സംഘം പാറക്കെട്ടുകള്‍ക്കിടയില്‍ ഒളിക്കുകയും തുടര്‍ന്നു സൈന്യം വെടിവയ്പ് നടത്തുകയുമായിരുന്നു. കാലില്‍ വെടിയേറ്റ എഡിസണെ ചികിത്സയ്ക്കുശേഷം ജോര്‍ദാന്‍ ഇന്ത്യയിലേക്കു തിരിച്ചയയ്ക്കുകയായിരുന്നു. ഗബ്രിയേലിന്റെ മരണത്തെക്കുറിച്ച് നേരത്തേ തന്നെ എംബസിയില്‍നിന്നു കുടുംബത്തിന് ഇ-മെയില്‍ അയച്ചിരുന്നു. പക്ഷേ ആരും ശ്രദ്ധിച്ചില്ല. ഗബ്രിയേലിനെ ബന്ധപ്പെടാന്‍ കഴിയാത്തത് ആശങ്കയുമായി. ഇതിനിടെയാണു പരുക്കേറ്റ എഡിസണ് നാട്ടിലെത്തിയത്. ഇതിനു ശേഷം എംബസിയെ ബന്ധപ്പെട്ടപ്പോഴാണ് ഇ-മെയിലിനെക്കുറിച്ച് അറിഞ്ഞത്.
സമീപവാസികളായ തോമസ് ഗബ്രിയേല്‍ പെരേരയും എഡിസണും ഒന്നിച്ചാണു ജോര്‍ദാനിലെത്തിയത്. ടൂറിസ്റ്റ് വിസയിലാണു പോയതെന്നാണ് ഗബ്രിയേലിന്റെ കുടുംബം പറയുന്നത്. എന്നാല്‍, ജോര്‍ദാന്‍ സൈന്യം തലയ്ക്കു വെടിവച്ചതില്‍ പ്രതിഷേധം ഉയരുന്നുണ്ട്. ഇവരെ ഇസ്രയേലിലേക്കു കടത്താന്‍ ഏജന്റ് ഉണ്ടായിരുന്നെന്നാണു വിവരം. വേളാങ്കണ്ണിയില്‍ പോകുന്നുവെന്ന് പറഞ്ഞാണു ഗബ്രിയേല്‍ വീട്ടില്‍നിന്നു പോയതെന്നു ബന്ധു ബീന പറഞ്ഞു. ജോര്‍ദാനിലേക്കോ ഇസ്രയേലിലേക്കോ പോകുന്നുവെന്ന കാര്യം ഭാര്യയോടു പോലും പറഞ്ഞിട്ടില്ലെന്നും എഡിസണ് നാട്ടിലെത്തിയപ്പോഴാണ് എല്ലാം അറിഞ്ഞതെന്നുമാണ് വീട്ടുകാരുടെ വിശദീകരണം. വിഷയത്തില്‍ പോലീസ് വിശദമായഅന്വേഷണം നടത്തും. കേന്ദ്ര ഏജന്‍സികളും പരിശോധന നടത്തുന്നുണ്ട്. ഇസ്രയേലിലെ ഉയര്‍ന്ന ശമ്പളം മോഹിച്ചാണ് ഇവര്‍ പോയതെന്നാണു സൂചന.






