
തിരുവമ്പാടി പഞ്ചായത്തിലെ ആനക്കാംപൊയിലിനടുത്ത് മറിപ്പുഴ വില്ലേജില്‍നിന്ന് തുടങ്ങി മേപ്പാടി പഞ്ചായത്തിലെ കള്ളാടിവരെയാണു നിര്‍ദിഷ്ട തുരങ്കപാത. നിര്‍മാണം പൂര്‍ത്തിയാകുമ്പോള്‍ ദൈര്‍ഘ്യത്തിന്റെ കാര്യത്തില്‍ രാജ്യത്തെ മൂന്നാമത്തെ വലിയ അടിപ്പാതയാകും ഇത്. തുരങ്കപാത കൊച്ചി-ബംഗളുരു ദൂരം കുറയ്ക്കുകയും വയനാട്, കോഴിക്കോട് ജില്ലകളെ താമരശ്ശേരി ചുരം കടക്കാതെ ബന്ധിപ്പിക്കുകയും ചെയ്യും.
പശ്ചിമഘട്ടത്തിലെ പരിസ്ഥിതിലോലപ്രദേശത്തുകൂടി കടന്നുപോകുന്നുവെന്നതാണ് തുരങ്കപാതയെ എതിര്‍ക്കുന്നവരുടെ ആശങ്കയ്ക്ക് അടിസ്ഥാനം. പശ്ചിമഘട്ടത്തെ പദ്ധതി ദോഷകരമായി ബാധിക്കുമെന്നും മണ്ണിടിച്ചില്‍ സാധ്യത വര്‍ധിക്കുമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ആനക്കാംപൊയിലിനും മേപ്പാടിക്കും ഇടയിലുള്ള ദൂരം 42 കിലോമീറ്ററില്‍നിന്ന് 20 കിലോമീറ്ററില്‍ താഴെയായി കുറയുമെന്നതാണു പദ്ധതിയെ അനുകൂലിക്കുന്നവരുടെ വാദം. 2020 സെപ്റ്റംബറിലാണു പാതയുടെ സര്‍വേ ആരംഭിച്ചത്. പദ്ധതിയുടെ ഭാഗമായി കള്ളാടിയില്‍ 250 മീറ്റര്‍ റോഡും മറിപ്പുഴ ഭാഗത്ത് 750 മീറ്റര്‍ പാലവും നിര്‍മിക്കണം. കള്ളാടി-മറിപ്പുഴ റോഡ് നിര്‍മാണമാരംഭിച്ചു.
നിര്‍മാണം തുടങ്ങി മൂന്നുവര്‍ഷത്തിനുള്ളില്‍ പദ്ധതി പൂര്‍ത്തിയാക്കാനാകുമെന്നാണു പ്രതീക്ഷ. പദ്ധതിക്കായി ഉപയോഗിച്ച ഭൂമിക്കു പകരം 17.263 ഹെക്ടറില്‍ മരങ്ങള്‍ നട്ടുപിടിപ്പിച്ച് റിസര്‍വ് വനമായി പ്രഖ്യാപിക്കണമെന്നാണു കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ നിര്‍ദേശം. ഉരുള്‍പൊട്ടല്‍ സാധ്യതാപ്രദേശത്തെ നിര്‍മാണത്തില്‍ ജാഗ്രത നിര്‍ദേശിച്ച്, വയനാട് തുരങ്കപാതയ്ക്കു സംസ്ഥാന പരിസ്ഥിതി ആഘാതസമിതിയുടെ അനുമതി. 25 വ്യവസ്ഥകളോടെയാണ് അനുമതി. ചുരം ഒഴിവാക്കി വയനാട്ടിലെത്താന്‍ കഴിയുന്ന തരത്തിലാണു നിര്‍ദിഷ്ട ആനക്കാംപൊയില്‍-കള്ളാടി-മേപ്പാടി തുരങ്കപാത. മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ പദ്ധതിക്കെതിരേ പരിസ്ഥിതി പ്രവര്‍ത്തകരുള്‍പ്പെടെ ആശങ്ക പ്രകടിപ്പിച്ചിരുന്നു.
പരിസ്ഥിതി ആഘാതസമിതിയുടെ രേഖാമൂലമുള്ള അനുമതി കിട്ടുന്നതോടെ കരാര്‍ കമ്പനിക്കു വര്‍ക്ക് ഓര്‍ഡര്‍ നല്കി നിര്‍മാണം ആരംഭിക്കാനാകുമെന്നാണു സര്‍ക്കാര്‍ പ്രതീക്ഷ. സ്ഥലമെടുപ്പ് നടപടികള്‍ 90% പൂര്‍ത്തിയായി. നിര്‍ദിഷ്ട തുരങ്കപാത പരിസ്ഥിതിലോലപ്രദേശത്തായതിനാല് ഉചിതമായ സുരക്ഷാമുന്‍കരുതലുകള്‍ സ്വീകരിക്കുക, മണ്ണിടിച്ചില്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ സൂക്ഷ്മ സ്കെയില്‍ മാപ്പിങ് നടത്തി നിരീക്ഷിക്കുക, തുരങ്കപാതയുടെ ഇരുഭാഗത്തും അതിതീവ്രമഴ മുന്നറിയിപ്പ് നല്കാന് കാലാവസ്ഥാനിരീക്ഷണ സ്റ്റേഷനുകള്‍ സ്ഥാപിക്കുക, അപ്പന്‍കാപ്പ് ആനത്താര സംരക്ഷിക്കാന്‍ 3.0579 ഹെക്ടര്‍ വനഭൂമി ഏറ്റെടുക്കുക തുടങ്ങിയ നിബന്ധനകളാണു സമിതി നിര്‍ദേശിച്ചത്.
വ്യവസ്ഥകള്‍ പാലിക്കുന്നുണ്ടോയെന്നു പരിശോധിക്കാന്‍ ആറുമാസം കൂടുമ്പോള്‍ യോഗം ചേര്‍ന്ന് റിപ്പോര്‍ട്ട് നല്‍കണം. ഉപാധികള്‍ പാലിക്കാമെന്നു കരാര്‍ കമ്പനികള്‍ ഉറപ്പുനല്‍കി. 2134 കോടി രൂപയാണു പദ്ധതിച്ചെലവ്. തുരങ്കനിര്‍മാണത്തിനു ദിലീപ് ബില്‍ഡ് കോണ്‍ ലിമിറ്റഡിനും സമീപനപാത നിര്‍മാണത്തിനു റോയല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ കമ്പനിക്കുമാണ് കരാര്‍ നല്‍കിയിരിക്കുന്നത്.






