
50,000 യുവാക്കൾക്ക് ഉടൻ ജോലി നൽകുമെന്ന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ. മൂന്ന് വർഷത്തിനിടെ വിവിധ സർക്കാർ വകുപ്പുകളിലായി 51,000 ജോലികൾ സംസ്ഥാന സർക്കാർ ഇതിനകം നൽകിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
763 പേർക്കുള്ള നിയമന കത്ത് വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു ഭഗവന്ത് മൻ. സഹകരണം, ആരോഗ്യം, കുടുംബക്ഷേമം, ഉന്നത വിദ്യാഭ്യാസം തുടങ്ങിയ വകുപ്പുകളിലായിരുന്നു നിയമനം. വൈകാതെ സംസ്ഥാന സർക്കാർ ഒരു ലക്ഷം സർക്കാർ ജോലിയെന്ന കണക്ക് മറികടക്കുമെന്ന് ഭഗവന്ത് മൻ പറഞ്ഞു.
ഇന്ത്യക്കാരെ യുഎസിൽ നിന്ന് നാടുകടത്തുന്നത് എല്ലാവരുടെയും കണ്ണ് തുറപ്പിക്കുന്നതാണെന്നും വിദേശത്തേക്ക് പോകുന്നതിന് പകരം പഞ്ചാബിലെ യുവാക്കൾ ഇവിടെ തന്നെ കഠിനാധ്വാനം ചെയ്യണമെന്നും മുഖ്യമന്ത്രി പറഞ്ഞു. യുവജനങ്ങൾക്ക് ജീവിതത്തിന്റെ എല്ലാ മേഖലകളിലും മികവ് തെളിയിക്കാൻ അവസരങ്ങൾ ഉറപ്പാക്കാൻ സംസ്ഥാന സർക്കാർ ശ്രമിക്കുന്നുണ്ട്. സംസ്ഥാന സർക്കാരിന്റെ ശ്രമഫലമായി സംസ്ഥാനത്ത് റിവേഴ്സ് മൈഗ്രേഷൻ നടക്കുന്നുണ്ടെന്നും വിദേശത്ത് നിന്ന് യുവാക്കൾ ഇവിടെ സേവനമനുഷ്ഠിക്കുന്നുണ്ടെന്നും ഭഗവന്ത് മൻ പറഞ്ഞു.
യുവജനങ്ങൾക്ക് തൊഴിൽ നൽകുന്നതിലൂടെ ലഹരിവസ്തുക്കളിൽ നിന്ന് അവർ അകന്നുപോകും. അതിനാൽ പരമാവധി യുവാക്കൾ സാമൂഹ്യ വിപത്തുകളിൽ അകപ്പെടാതിരിക്കാൻ തൊഴിൽ ഉറപ്പാക്കാൻ സംസ്ഥാന സർക്കാർ പരമാവധി ശ്രമിക്കുന്നുവെന്ന് ഭഗവന്ത് മൻ കൂട്ടിച്ചേര്‍ത്തു.






