
മലപ്പുറം: താനൂരില്‍ രണ്ട് പെണ്‍കുട്ടികള്‍ നാടുവിട്ട സംഭവത്തില്‍ സഹായിച്ചെന്ന് ആരോപണം ഉയര്‍ന്ന യുവാവ് കസ്റ്റഡിയില്‍. എടവണ്ണ സ്വദേശി റഹിം അസ്ലത്തിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. മുംബൈയില്‍ നിന്ന് മടങ്ങിയ റഹിം അസ്ലത്തെ തിരൂരില്‍ നിന്നാണ് കസ്റ്റഡിയിലെടുത്തത്. ഇയാളെ ഉടന്‍ ചോദ്യം ചെയ്യും. പെണ്‍കുട്ടികളുടെ നാടുവില്‍ സംഭവവുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയാല്‍ അറസ്റ്റ് ചെയ്യും. മുബൈയില്‍ നിന്ന് പൊലീസ് കണ്ടെത്തിയ പെണ്‍കുട്ടികളെ ഇന്ന് ഉച്ചയോടെ മലപ്പുറം താനൂരിലെത്തിക്കും.
ഇന്ന് പുലര്‍ച്ചെ മുംബൈ ലോണാവാലയില്‍ നിന്നാണ് പെണ്‍കുട്ടികളെ പോലീസ് കണ്ടെത്തിയത്. മുംബൈ-ചെന്നൈ എഗ്മേര്‍ ട്രെയിനില്‍ യാത്ര ചെയ്യുകയായിരുന്നു. ബുധനാഴ്ച ഉച്ചയോടെ പരീക്ഷയ്ക്കെന്ന് പറഞ്ഞ് വീട്ടില്‍ നിന്ന് ഇറങ്ങിയ വിദ്യാര്‍ത്ഥിനികളാണ് നാടുവിട്ടത്. പരീക്ഷാസമയം കഴിഞ്ഞും കാണാതെ വന്നതോടെ സ്കൂള്‍ വീട്ടില്‍ വിവരം തേടിയതോടെയാണ് കുട്ടികളെ കാണാതായ വിവരം പുറത്തുവന്നത്. ഉടന്‍ തന്നെ കുടുംബം പൊലീസില്‍ പരാതി നല്കി. അന്വേഷണത്തില്‍ തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങള്‍ കണ്ടെത്തി.
തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് രണ്ട് മണിയോടെ വിദ്യാര്‍ത്ഥിനികള്‍ കോഴിക്കോട് എത്തിയത്. ഇതിന് പിന്നാലെ ഇവരുടെയും മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫായി. മൊബൈല്‍ സ്വിച്ച് ഓഫ് ആകുന്നതിന് മുന്‍പായി ഇരുവരുടേയും ഫോണില്‍ ഒരേ നമ്പറില്‍ നിന്ന് കോള്‍ വന്നതായി പൊലീസ് കണ്ടെത്തിയിരുന്നു. റഹീം അസ്ലത്തിന്റെ പേരിലുള്ള സിം കാര്‍ഡില്‍ നിന്നായിരുന്നു കോളുകള്‍ വന്നത്.
ഈ നമ്പറിന്റെ ടവര്‍ ലൊക്കേഷന്‍ മഹാരാഷ്ട്രയിലാണ് കാണിച്ചിരുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം മഹാരാഷ്ട്രയിലേക്ക് വ്യാപിപ്പിപ്പിക്കുകയും ഒടുവില്‍ പെണ്‍കുട്ടികളെ കണ്ടെത്തുകയുമായിരുന്നു. പെണ്‍കുട്ടികള്‍ മുംബൈയിലെ സലൂണില്‍ എത്തി മുടിവെട്ടിയതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഈ വിവരങ്ങള്‍ കുട്ടികളെ കണ്ടെത്തുന്നതില്‍ നിര്‍ണായകമായി. മൂന്നാം തീയതി ഇരുവരും സ്കൂളിലെത്തി പരീക്ഷ എഴുതിയിരുന്നു. ബുധനാഴ്ച ഒരാള്‍ക്ക് മാത്രമാണ് പരീക്ഷ ഉണ്ടായിരുന്നത്.






