
കണ്ണൂര്‍: കണ്ണൂരിലെ പ്രമുഖ സിപിഎം നേതാവ് പി. ജയരാജനെ ഇത്തവണയും സംസ്ഥാനസമിതിയില്‍ ഉള്‍പ്പെടുത്തിയതിന് പിന്നാലെ മകന്റെ വാട്സാപ്പ് സ്റ്റാറ്റസ് ചര്‍ച്ചയാകുന്നു. 'വര്‍ത്തമാനകാല ഇന്ത്യയില്‍ മറിച്ചൊരു വിധി ഉണ്ടാകുമെന്ന് നിഷ്കളങ്കരേ നിങ്ങള്‍ പ്രതീക്ഷിച്ചിരുന്നോ?' എന്ന എം സ്വരാജിന്റെ വാചകമാണ് സ്റ്റാറ്റസാക്കിയിട്ടുള്ളത്. ഇത് പ്രതിഷേധ സൂചകമാണോ എന്ന തരത്തിലാണ് ചര്‍ച്ചകള്‍ കൊഴുക്കുന്നത്.
കണ്ണൂരിലെ മുതിര്‍ന്ന നേതാവ് എന്‍ സുകന്യയുടെ ഫേസ്ബുക്ക് പോസ്റ്റും വലിയ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടിട്ടുണ്ട്. 'ഓരോ അനീതിയിലും നീ കോപത്താല്‍ വിറയ്ക്കുന്നുണ്ടെങ്കില്‍ നീ എന്റെ സഖാവാണ്' എന്നാണ് സുകന്യ പങ്കുവെച്ചിട്ടുള്ള വാചകം. എന്നാല്‍, തനിക്കൊരു അതൃപ്തിയും ഇല്ലെന്നും ദുര്‍വ്യാഖ്യാനം വേണ്ടെന്നുമാണ് സുകന്യ ഈ വിഷയത്തില്‍ പ്രതികരിച്ചത്. 27 വര്‍ഷമായി സംസ്ഥാന കമ്മിറ്റിയിലുളള പി. ജയരാജന് അടുത്ത സംസ്ഥാന സമ്മേളനം വരുമ്പോള്‍ സംസ്ഥാന കമ്മറ്റിയില്‍ നിന്നും പുറത്താകും. അതോടെ സംസ്ഥാനത്തെ ഉന്നത നേതൃത്വത്തിലേക്കുള്ള പി ജയരാജന്റെ വളര്‍ച്ചയും ഇവിടെകൊണ്ട് അവസാനിക്കുമോ എന്നാണ് ആശങ്ക.
ഒപ്പമുണ്ടായിരുന്ന പലരും സംസ്ഥാന സെക്രട്ടേറിയേറ്റിലേക്ക് വരെ വളര്‍ന്നപ്പോള്‍ മുപ്പത് വര്‍ഷമായി എത്തി നില്‍ക്കുന്നിടത്ത് നിന്നുകൊണ്ടു തന്നെ എല്ലാം അവസാനിപ്പിക്കേണ്ടി വരും. ചടയന്‍ ഗോവിന്ദന് മുതല്‍ പിണറായി വിജയന്, കോടിയേരി ബാലകൃഷ്ണന്, ഇപി ജയരാജന്, എംവി ഗോവിന്ദന്- ഒടുവിലിതാ എംവി ജയരാജന് വരെ. സിപിഎമ്മിന്റെ കണ്ണൂര്‍ ജില്ലാ സെക്രട്ടറി പദവിയില്‍ നിന്ന് ഇവരെല്ലാം സംസ്ഥാന സെക്രട്ടേറിയറ്റിലെത്തി. ഇപ്പോള്‍ 72 കാരനായ പി. ജയരാജന് അടുത്ത സമ്മേളനമാകുമ്പോള്‍ എഴുപത്തിയഞ്ചാകും.






