
റൺവേയിൽ വിമാനഭാഗം ഉരഞ്ഞ് തീപ്പൊരി. വലിയ ആശങ്കയ്ക്കിടെ 186 യാത്രക്കാരുമായി പറന്നിറങ്ങി ഇൻഡിഗോ വിമാനം. ഞായറാഴ്ച ഉച്ച കഴിഞ്ഞ് ചെന്നൈ വിമാനത്താവളത്തില്‍ ഉണ്ടായ സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്.
ഉച്ചയ്ക്ക് 1.45ഓടെയാണ് ഇൻഡിഗോ വിമാനം 186 പേരുമായി ചെന്നൈയിലെ പ്രധാന റൺവേയിൽ ഇറങ്ങിയത്. എന്നാൽ വിമാനത്തിന്റെ വാലറ്റം റൺവേയിൽ ഉരഞ്ഞ് തീപ്പൊരി ചിതറുന്ന രീതിയിലായിരുന്നു യാത്രാ വിമാനത്തിന്റെ ലാൻഡിംഗ്. ഇത് ശ്രദ്ധയിൽ വന്നതോടെ അടിയന്തര പ്രോട്ടോക്കോൾ വിമാനത്താവള അധികൃതർ സ്വീകരിച്ചിരുന്നു. യാത്രക്കാരെ ഉടൻ തന്നെ സുരക്ഷിതമായി പുറത്ത് എത്തിച്ച ശേഷം വിമാനം ടാക്സി വേയിലേക്ക് പരിശോധനയ്ക്ക് എത്തിക്കുകയായിരുന്നു.
മൂന്ന് മണിക്ക് മുംബൈയിലേക്ക് തിരികെ പോവേണ്ട വിമാനത്തിന് പകരം മറ്റൊരു വിമാനം 4.30ഓടെ സജ്ജമാക്കി ഇൻഡിഗോ യാത്രാ ക്ലേശം പരിഹരിച്ചു. വിമാനത്തിന്റെ അടിഭാഗം റൺവേയിൽ ഉരഞ്ഞ് പെയിന്റ് ഇളകിയ നിലയിലാണ് ഉള്ളത്.






