
തൃശ്ശൂര്‍: കൂടല്‍മാണിക്യം ക്ഷേത്രത്തിലെ കഴകം ജോലിയില്‍ നിന്ന് മാറ്റണം എന്നാവശ്യപ്പെട്ട് വി എ ബാലു അപേക്ഷ നല്കി. ജാതിവിവേചനം നേരിട്ടതുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ക്കിടയിലാണ് ദേവസ്വം അധികൃതര്‍ക്ക് അപേക്ഷ നല്‍കിയത്. വാട്സാപ്പ് മുഖേനെ ദേവസ്വം അഡ്മിനിസ്ട്രേറ്റര്‍ക്കാണ് അപേക്ഷ നല്‍കിയത്. ദേവസ്വം ബാലുവിന്റെ അപേക്ഷ പരിഗണിച്ച് സര്‍ക്കാരിനെ വിവരം ധരിപ്പിച്ചേക്കും.
വിഷയം സംബന്ധിച്ച് കൂടല്‍മാണിക്യം ദേവസ്വം കമ്മിറ്റി യോഗം ഇന്ന് ചേരുന്നുണ്ട്. റിക്രൂട്ട്മെന്റ് ബോര്‍ഡ് മുഖേന നിയമനം നേടിയ ബാലു നിലവില്‍ അവധിയിലാണെന്നാണ് ദേവസ്വം ബോര്‍ഡ് ചെയര്മാന് സി കെ ഗോപി പറഞ്ഞിട്ടുള്ളത്. ദേവസ്വം മാനേജിങ് കമ്മിറ്റിയുടെ തീരുമാനം അനുസരിച്ച് തുടര്‍ കാര്യങ്ങളെക്കുറിച്ച് തീരുമാനിക്കാനാണ് ബാലു ഉദ്ദേശിക്കുന്നത്.
ഉത്സവകാലം അടുത്തുവരുന്നതിനാല്‍ താന്‍ കാരണം ഒരു പ്രശ്നം ഉണ്ടാക്കാന്‍ ആഗ്രഹിക്കുന്നില്ല. കഴകം ജോലിക്ക് ഇല്ലെന്നും ദേവസ്വം പുനഃക്രമീകരിച്ച ഓഫീസ് ജോലിക്കാണെങ്കില്‍ വരാമെന്നും ഉള്ള നിലപാടില്‍ തന്നെ ഉറച്ചുനില്‍ക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. അതേസമയം
കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ജാത്യധിക്ഷേപം നടന്നതായറിയില്ലെന്നു ദേവസ്വം ബോര്‍ഡ് ചെയര്മാന് കഴിഞ്ഞദിവസം പറഞ്ഞിരുന്നു.
അവധിയിലായ ബാലു തിരികെയെത്തുമ്പോള്‍, ജോലിയുമായി ബന്ധപ്പെട്ട പ്രതസന്ധിയെക്കുറിച്ച് ആരായും. സര്‍ക്കാര്‍ നിയമിച്ച കഴകം ജോലിയില്‍ത്തന്നെ ബാലുവിനെ നിയോഗിക്കാനാണ് ദേവസ്വത്തിനു താത്പര്യമെന്നും ചെയര്മാന് വ്യക്തമാക്കി. എന്നാല്‍, തനിക്കു താത്പര്യം അഡ്മിനിസ്ട്രേറ്റര്‍ നിര്‍ദേശിച്ച ദേവസ്വം ഓഫീസിലെ അറ്റന്‍ഡര്‍ ജോലിയാണെന്നും അവധി കഴിഞ്ഞ് തിരിച്ചെത്തുമ്പോള്‍ അതില്‍ തുടരാന്‍ അനുവദിക്കണമെന്നുമാണ് ബാലുവിന്റെ നിലപാട്. ഇത് അംഗീകരിച്ചാല്‍ പ്രശ്നം തത്കാലം കെട്ടടങ്ങുമെന്നാണു ദേവസ്വം ബോര്‍ഡിന്റെ പ്രതീക്ഷ.






