
സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടേറിയേറ്റ് അംഗം പദ്മകുമാറിനെതിരായ നടപടി വെള്ളിയാഴ്ച തീരുമാനിക്കും. പരസ്യപ്രതികരണവും അച്ചടക്ക ലംഘനവും സംസ്ഥാന സെക്രട്ടേറിയറ്റ് ചർച്ച ചെയ്യും. അന്നുതന്നെ ചേരുന്ന സംസ്ഥാന കമ്മിറ്റിയിൽ നടപടിയിലെ തീരുമാനം അറിയിക്കും.
വിവാദത്തിനിടെ ഇന്ന് ചേർന്ന പത്തനംതിട്ട ജില്ലാ കമ്മിറ്റിയിൽ പദ്മകുമാർ വിഷയം ചർച്ചയായില്ല. തെറ്റുപറ്റിയെന്ന് പത്മകുമാർ തുറന്നു സമ്മതിച്ചെങ്കിലും പാർട്ടിയെ പ്രതിസന്ധിയിലാക്കിയതിൽ നടപടി വരും.
മന്ത്രി വീണ ജോർജിനെ സംസ്ഥാന സമിതിയിൽ ഉൾപ്പെടുത്തിയതിൽ പ്രതിഷേധിച്ചാണ് പദ്മകുമാർ ഫേസ്ബുക്കിലൂടെ പ്രതിഷേധം ഉയർത്തിയതും പരസ്യമായി വെല്ലുവിളിച്ചതും. നടപടിയെടുക്കാൻ പാർട്ടിയെ വെല്ലുവിളിച്ചെങ്കിലും പിന്നീട് നിലപാടുകൾ തിരുത്തി പാർട്ടിക്ക് കീഴ്പ്പെടുകയായിരുന്നു.






