തിരുവനന്തപുരം: ഡിഫറന്റ് ആര്‍ട് സെന്ററിലെ പ്രതിഭാധനരായ ഭിന്നശേഷിക്കാര്‍ നാടിന്റെ സമ്പത്താണെന്ന് രജിസ്ട്രേഷന്-പുരാവസ്തു-മ്യൂസിയം വകുപ്പ് മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി. മാനുഷികതയുടെ ജീവിതം പഠിക്കാന്‍ ഏറ്റവും ഉചിതമായൊരിടം ഡിഫറന്റ് ആര്‍ട് സെന്ററാണെന്നും കലയും കലാകാരനുമൊക്കെ ജാതിമത ചിന്തകള്‍ക്കപ്പുറമാണെന്നും മന്ത്രി പറഞ്ഞു. ലോക ഓട്ടിസം അവബോധ ദിനാചരണത്തിന്റെ ഭാഗമായി ഡിഫറന്റ് ആര്‍ട് സെന്ററില്‍ ആരംഭിച്ച ഓട്ടിസം കുട്ടികളുടെ ബാന്‍ഡിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.പാട്ടുകള്പാടിയും ക്യാരിക്കേച്ചര് വരച്ചു നല്‍കിയും മന്ത്രി കുട്ടികളെ സന്തോഷിപ്പിച്ചു. ഗൗതം ഷീന്‍ മന്ത്രിയുടെ ഛായാചിത്രം വരച്ച് നല്കി. ചലച്ചിത്രതാരം മോഹന്‍ അയിരൂര്‍, ഡിഫറന്റ് ആര്‍ട് സെന്റര്‍ എക്സിക്യുട്ടീവ് ഡയറക്ടര്‍ ഗോപിനാഥ് മുതുകാട്, ഇന്റര്‍വെന്‍ഷന്‍ ഡയറക്ടര്‍ ഡോ.അനില്‍ നായര്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. പുതുതായി രൂപീകരിച്ച ഡി.ബാന്‍ഡിന്റെ പ്രകടനവും അരങ്ങേറി. ക്രിസ്റ്റീന്‍ റോസ് ടോജോ, മുഹമ്മദ് റബീ, അഭിജിത്ത്.പി, നിഖില എസ്.എസ്, അഖിലേഷ്, ജോണ്‍ ജോസ്, അശ്വിന് ഷിബു, ശിവ നന്ദു, അലന് മൈക്കിള്‍, പിയൂഷ് രാജ്, മാനവ്. പി.എം എന്നിവരാണ് ഡി.ബാന്‍ഡിന് നേതൃത്വം നല്‍കുന്നത്.

