
തിരുവനന്തപുരം: ലോ അക്കാദമി വിഷയത്തില്‍ വാദപ്രതിവാദങ്ങള്‍ കൊഴുക്കുമ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരേ ആഞ്ഞടിച്ച് സിപിഐ. ലോ അക്കാദമി പ്രശ്നത്തില്‍ പ്രതിപക്ഷത്തിനൊപ്പം നില്ക്കുന്ന നിലപാട് എടുത്തിരിക്കുന്ന സിപിഐ പിണറായി വിജയന് കഴിഞ്ഞ ദിവസം പി എസ് നടരാജപിള്ളയ്ക്ക് എതിരേ നടത്തിയ പ്രസ്താവനയ്ക്ക് രൂക്ഷ മറുപടി നല്‍കുന്നത് മുഖപത്രമായ ജനയുഗത്തിലൂടെയാണ്.
സര് സി പി ചെയ്തതെല്ലാം ശരിയെങ്കില്‍ പുന്നപ്ര-വയലാര്‍ രക്തസാക്ഷികള്‍?, ഏതോ ഒരു പിള്ളയല്ല പി എസ് നടരാജപിള്ള എന്ന രണ്ടു ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചാണ് പിണറായിയെ സിപിഐ വിമര്‍ശിച്ചിട്ടുള്ളത്. ചരിത്രത്തിന്റെ പാഠങ്ങള്‍ ഉള്‍ക്കൊള്ളാത്തവരെ കാത്ത് ചരിത്രത്തിന്റെ തന്നെ ചവറ്റുകൊട്ടകള്‍ ഇരിപ്പുണ്ടെന്നത് ആരും മറക്കേണ്ടെന്ന് പിണറായിയെ വിമര്‍ശിക്കുന്നു. ലോ അക്കാദമി അനധികൃതമായി പിടിച്ചെടുത്ത ഭൂമി തിരിച്ചു പിടിക്കണമെന്ന നിലപാടില്‍ സിപിഐ ഉള്‍പ്പെടെയുള്ളവര്‍ ഉറച്ചു നില്ക്കുമ്പോള് അങ്ങിനെ ചെയ്യാന്‍ കഴിയില്ലെന്ന് കഴിഞ്ഞ ദിവസം പിണറായി ആവര്‍ത്തിച്ചിരുന്നു.
ഗവര്‍ണര്‍ മുഖ്യ രക്ഷാധികാരിയും മുഖ്യമന്ത്രി, വിദ്യാഭ്യാസമന്ത്രി, നിയമമന്ത്രി, റവന്യൂ മന്ത്രി എന്നിവര്‍ രക്ഷാധികരികളും നിയമസെക്രട്ടറി, വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി എന്നിവര്‍ അംഗങ്ങളും ജഡ്ജിമാരും നിയമവിദഗ്ദ്ധരും ഉള്‍പ്പെട്ട ട്രസ്റ്റിനാണ് ഭൂമി പാട്ടത്തിന് നല്‍കിയത്. അതൊരു കുടുംബക്കാരുടെതായതെങ്ങനെയെന്ന് ചോദ്യത്തിന് ഉത്തരം നല്കാന് ഭരണാധികാരികള്‍ക്ക് ബാധ്യതയില്ലേയെന്നും ഇത്രയും ഉന്നതര്‍ ഉള്‍പ്പെട്ട ട്രസ്റ്റ് സൃഷ്ടിക്കപ്പെട്ടതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച കറുത്ത കരങ്ങള്‍ ഏതെന്ന് അറിയാന്‍ പൊതു സമൂഹത്തിന് അര്‍ഹതയില്ലേയെന്നും ഏതേ ഒരു പിള്ളയല്ല നടരാജ പിള്ള എന്ന ലേഖനത്തില്‍ ചോദിക്കുന്നു.
വിദ്യാര്‍ത്ഥികളെ അടിമപ്പണിക്ക് നിയോഗിക്കാനും ജാതിയുടെ പേരില്‍ അവഹേളിക്കാനും ഇന്റേണല്‍ മാര്‍ക്ക് മുന്‍ നിര്‍ത്തി സ്തുതിപാഠകരെ വിജയിപ്പിക്കുവാനും അപ്രീതിയുള്ളവരെ പരാജയപ്പെടുത്താനും വേണ്ടി തുടങ്ങിയതല്ല കേരള ലോ അക്കാദമി ലോ കോളേജ് എന്നും എന്നാല്‍ അപരിഷ്കൃതമായ കൃത്യങ്ങളുടെ കൂത്തരങ്ങായി ഇത് മാറിയെന്നും വിമര്‍ശിക്കുന്നുണ്ട്. സിപി രാമസ്വാമി അയ്യര്‍ ഏറ്റെടുത്ത ഏതോ ഒരു പിള്ളയുടെ ഭൂമിയെക്കുറിച്ച് ഇനി പരിശോധനയുമില്ലെന്ന് പറയുന്ന മഹാരഥന്മാര് ഈ ചരിത്രപാഠം അറിയണമെന്ന് പറയുന്നു.
കമ്യൂണിസ്റ്റു പാര്‍ട്ടിയുടെ പിന്തുണയോടെ തിരുവനന്തപുരത്ത് നിന്നും ലോക്സഭയിലേക്ക് വിജയിച്ചയാളാണ് ഈ ഏതോ ഒരു പിള്ളയെന്ന് ഓര്‍ക്കുക എന്ന് വിമര്‍ശിക്കുന്ന രണ്ടാമത്തെ ലേഖനത്തില്‍ ദിവാന് സര് സി പി പിടിച്ചെടുത്ത ഭൂമിയില്‍ പിന്നീട് വന്ന സര്‍ക്കാരുകള്‍ക്ക് ഒരു കാര്യവുമില്ലെന്ന് പറയുമ്പോള്‍ ദിവാന് ഭരണത്തിനും രാജവാഴ്ചയ്ക്കുമെതിരേ പടയണി തീര്‍ത്തതിന്റെ പേരില്‍ നടരാജപിള്ളയുശട ഭൂമി കണ്ടു കെട്ടിയ നടപടി ശരിയായിരുന്നോ എന്നും ചോദിക്കുന്നു. സിപിയുടെ തേര്വാള്ചകള് ശരിയാണെങ്കില്‍ ദിവാന് ഭരണത്തിനെതിരേ വാരിക്കുന്തവുമായി പോരിനിറങ്ങിയ പുന്നപ്ര വയലാര്‍ സമരധീരന്മാരെ കൊടും ക്രിമിനലുകളായി മുദ്രകുത്തുമോയെന്നും ചോദിക്കുന്നു.






