ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രിയായി വി.കെ ശശികല നാളെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. മദ്രാസ് സര്വകലാശകലയിലെ സെന്റിനറി ഹാളില്‍ നാളെ രാവിലെ ഒന്‍പത് മണിക്കാണ് സത്യപ്രതിജ്ഞ ചടങ്ങ്. ഞായറാഴ്ച ചേര്‍ന്ന എ.ഐ.എ.ഡി.എം.കെ എം.എല്‍.എമാരുടെ യോഗമാണ് ശശികലയെ നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുത്തത്. ഡിസംബര്‍ 31ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി സ്ഥാനം ഏറ്റെടുത്ത ശശികല നാളെ സത്യപ്രതിജ്ഞ ചെയ്യുന്നതോടെ പാര്‍ട്ടിയും ഭരണവും തന്റെ കൈപ്പിടിയിലാക്കും.
ജാനകീ രാമചന്ദ്രനും ജയലളിതയ്ക്കും ശേഷം തമിഴ്നാട് മുഖ്യമന്ത്രിയാകുന്ന മൂന്നാമത്തെ വനിതയാണ് ശശികല. നിലവില്‍ നിയമസഭാംഗമല്ലാത്ത ശശികലയ്ക്ക് ആറ് മാസത്തിനകം നിയമസഭാംഗമാകേണ്ടതുണ്ട്. ജയലളിതയുടെ മണ്ഡലമായ ആര്.കെ നഗറില്‍ തന്നെ അവര്‍ മത്സരിച്ചേക്കുമെന്നാണ് സൂചന. പാര്‍ട്ടി അണികളില്‍ ഒരു വിഭാഗത്തിന്റെ എതിര്‍പ്പ് അതിജീവിക്കുന്നതും അനധികൃത സ്വത്ത് കേസിലെ വിധിയും ശശികലയെ കാത്തിരിക്കുന്ന വെല്ലുവിളികളാണ്.






