
ചെന്നൈ : ജയലളിതയുടെ വസതിയായ പോയസ് ഗാര്‍ഡനിലെ 'വേദനിലയം' ജയലളിത സ്മാരകം ആക്കാനുള്ള ഒപ്പുശേഖരണം തുടങ്ങി. 'വേദനിലയ'ത്തില്‍ ശശികലയാണ് ഇപ്പോള്‍ താമസിക്കുന്നത്. അതുകൊണ്ടു തന്നെ വേദനിലയം സ്മാരകമാക്കാന് സര്‍ക്കാര്‍ തീരുമാനിച്ചാല്‍ ശശികലയ്ക്ക് അത് വന്‍ തിരിച്ചടിയാകും.
അമ്മയുടെ ഈ വീട് തമിഴ്മക്കളുടെ വികാരത്തിന്റെ ഒരു ഭാഗമാണ്. ജയലളിത ജീവിച്ചിരിക്കുമ്പോള്‍ തന്നെ ഈ വീട്ടിലേയ്ക്ക് പാര്‍ട്ടി പ്രവര്‍ത്തകരുടെയും ആരാധകരുടെയും പ്രവാഹമായിരുന്നു. ഇത് കണക്കിലെടുത്ത് പനീര്‍ശെല്‍വമാണ് ഇത്തരമൊരു നീക്കം നടത്തിയിരിക്കുന്നത്. വേദനിലയത്തിന്റെ ഒന്നാമത്തെ നിലയില്‍ ജയലളിത പാര്‍ട്ടി ചിഹ്നമായ ഇരട്ട ഇലയെ സൂചിപ്പിച്ച് രണ്ടു വിരലുകള്‍ ഉയര്‍ത്തി വീശുന്നത് കാണാനായി പ്രവര്‍ത്തകര്‍ മണിക്കൂറുകളോളം കാത്തു നിന്നിരുന്നു.
തന്റെ പിന്‍ഗാമിയെ പ്രഖ്യാപിച്ചുകൊണ്ട് ജയലളിത വില്‍പ്പത്രം എഴുതിയിട്ടില്ലാത്തതിനാല്‍ 24,000 ചതുരശ്ര അടി വരുന്ന ഈ കൂറ്റന്‍ ബംഗ്ലാവ് അടക്കമുള്ള കോടിക്കണക്കിന് സ്വത്തുക്കള്‍ ഇനി ആര്‍ക്ക് എന്ന ചോദ്യം ഉയര്‍ന്നിരുന്നു. 1967 ആണ് ജയലളിതയും അമ്മ സന്ധ്യയും ചേര്‍ന്ന് പോയസ് ഗാര്‍ഡനിലെ വസ്തുവകകള്‍ വാങ്ങുന്നത്. 1.32 ആയിരുന്നു അന്ന് അതിന്റെ വില. ഇന്ന് ബംഗ്ലാവ് ഉള്‍പ്പെടെയുള്ള ഈ വസ്തുവകകളുടെ മതിപ്പുവില 90 കോടിയാണ്.






