ന്യുഡല്‍ഹി: ഇന്ത്യയില്‍ ഹിന്ദുക്കളുടെ എണ്ണം കുറയുകയാണെന്ന് കേന്ദ്രമന്ത്രി കിരണ്‍ റിജ്ജു. ഇന്ത്യയിലെ ഹിന്ദുക്കളുടെ ജനസംഖ്യ കുറയുകയാണ്. കാരണം അവര്‍ ന്യുനപക്ഷങ്ങളെ മതപരിവര്‍ത്തനം ചെയ്യുന്നില്ല. എന്നാല്‍ ഇന്ത്യയിലെ ന്യുനപക്ഷങ്ങള്‍ മറ്റേതൊരു രാജ്യത്തേക്കാും വര്‍ധിച്ചു കൊണ്ടിരിക്കുകയാണ്-കിരണ്‍ റിജ്ജു പറഞ്ഞു. ട്വിറ്ററിലായിരുന്നു റിജ്ജുവിന്റെ പ്രതികരണം. അരുണാചല്‍ പ്രദേശിനെ ഹിന്ദു സംസ്ഥാനമാക്കി മാറ്റാന്‍ മോഡി സര്‍ക്കാര്‍ ശ്രമിക്കുകയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. ഈ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു
കോണ്‍ഗ്രസ് പ്രകോപനപരമായ പ്രസ്താവന നടത്തുകയാണെന്ന് ആരോപിച്ച മന്ത്രി ഇത്തരം പ്രസ്താവനകളുടെ ലക്ഷ്യമെന്താണെന്നും ചോദിച്ചു. കോണ്‍ഗ്രസ് ഇത്തരം പ്രകോപനപരമായ പ്രസ്താവനകള്‍ നടത്തരുത്. ഇന്ത്യയൊരു മതേതര രാജ്യമാണ്. എല്ലാ മതവിഭാഗങ്ങളും ഇവിടെ സ്വാതന്ത്ര്യത്തോടെയും സമാധാനത്തോടെയും ജീവിക്കുന്നു. അരുണാചലില്‍ നിന്നുള്ള നേതാവാണ് കിരണ്‍ റിജ്ജു. ബുദ്ധമത വിശ്വാസിയാണ് അദ്ദേഹം.
അതേമസയം റിജ്ജുവിന്റെ പ്രസ്താവനയ്ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ശക്തമായിരിക്കുകയാണ്. മന്ത്രിയെന്നാല്‍ എല്ലാവരുടെയും മന്ത്രിയാണെന്നും ഹിന്ദുക്കളുടെ മാത്രം മന്ത്രിയല്ലെന്നും ഓള് ഇന്ത്യ മജിലിസ് ഇ ഇത്തിഹാദുള്‍ മുസ്ലീമീന് നേതാവും ഹൈദരാബാദ് എം.പിയുമായ അസാദുദീന്‍ ഒവൈസി പറഞ്ഞു. മന്ത്രി സത്യപ്രതിജ്ഞ മറക്കരുതെന്നും ഒവൈസി പറഞ്ഞു.






