
ആഫ്രിക്കന്‍ ഫുട്ബോളിലെ കരുത്തരായ കാമറൂണിനെ മറികടന്ന് ആഫ്രിക്കയില്‍ നിന്നും ആറാമത്തെ സ്ളോട്ട് ഉറപ്പിച്ച് ലോകകപ്പിന് കേപ്പ് വെര്‍ദേ എത്തുന്നു. അടുത്തവര്‍ഷം നടക്കാനിരിക്കുന്ന അമേരിക്ക, കാനഡ, മെക്സിക്കോ ലോകകപ്പില്‍ പങ്കെടുക്കാനെത്തുന്ന ജനസംഖ്യയുടെ കാര്യത്തില്‍ ഏറ്റവുചെറിയ രണ്ടാമത്തെ രാജ്യമായിട്ടാണ് കേപ്പ് വെര്‍ദേ എത്തുന്നത്. അവസാന മത്സരത്തില്‍ ഐലന്‍ഡുകാര്‍ സ്വന്തം മൈതാനത്ത് എസ്വാറ്റിനിയെ 3-0 ന് തോല്‍പ്പിച്ചതോടെയാണ് ലോകകപ്പ് യോഗ്യത നേടിയെടുത്തത്.
രണ്ടാം പകുതിയുടെ തുടക്കത്തില്‍ ബോക്സിനുള്ളില്‍ ഒരു ലൂസ് ബോള്‍ ലക്ഷ്യത്തിലേക്ക് തിരിച്ചുവിട്ടുകൊണ്ട് ഡെയ്ലോണ്‍ ലിവ്രമെന്റോ പ്രയയില്‍ ആതിഥേയര്‍ക്കായി സ്കോറിംഗ് ആരംഭിച്ചത് മുതല്‍ ആവേശത്തിലായ സ്റ്റേഡിയം തുടര്‍ന്ന് വില്ലി സെമെഡോയും മത്സരത്തിന്റെ ഇഞ്ചുറി സമയത്ത് വെറ്ററന്‍ ഡിഫന്‍ഡര്‍ സ്റ്റോപ്പിറ കൂടി ഗോള്‍ നേടിയതോടെ പൊട്ടിത്തെറിച്ചു. 15,000 പേരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന നാഷണല്‍ സ്റ്റേഡിയത്തില്‍ മുഴുവന്‍ സമയ വിസില്‍ ആഘോഷത്തിന്റെ സന്തോഷകരമായ രംഗങ്ങള്‍ക്ക് തിരികൊളുത്തി.
ലോകബാങ്കിന്റെ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം 5,25,000 ല്‍ താഴെ ജനസംഖ്യയുള്ള അറ്റ്ലാന്റിക് സമുദ്രത്തിലെ 10 ദ്വീപുകളുടെ ഒരു ദ്വീപസമൂഹമായ കേപ് വെര്‍ഡെ 1975 ലാണ് പോര്‍ച്ചുഗലില്‍ നിന്ന് സ്വാതന്ത്ര്യം നേടിയത്. 2002 മുതലാണ് അവര്‍ ലോകകപ്പ് യോഗ്യതയ്ക്കുള്ള പോരാട്ടങ്ങള്‍ക്ക് ഇറങ്ങിയത്. സമീപ വര്‍ഷങ്ങളില്‍ ആഫ്രിക്കന്‍ കപ്പ് ഓഫ് നേഷന്‍സില്‍ ടീം മികച്ച പ്രകടനം കാഴ്ചവച്ചു, 2013 ലും 2023 ലും അരങ്ങേറ്റ മത്സരത്തില്‍ ക്വാര്‍ട്ടര്‍ ഫൈനലിലെത്തി, നിലവില്‍ ലോക റാങ്കിംഗില്‍ 70-ാം സ്ഥാനത്താണ്.
റഷ്യയില്‍ നടന്ന 2018 ലോകകപ്പില്‍ പങ്കെടുത്ത ഐസ്ലാന്‍ഡ് ആണ് ആഗോള ഷോപീസിന് യോഗ്യത നേടുന്ന ഏറ്റവും ചെറിയ ജനസംഖ്യയുള്ള രാജ്യം. കഴിഞ്ഞ മാസം തലസ്ഥാനത്ത് നടന്ന യോഗ്യതാമത്സരത്തില്‍ കരുത്തരായ കാമറൂണിനെ കേപ്പ് വെര്‍ദേ ഒരുഗോളിന് കീഴടക്കിയിരുന്നു. നാട്ടുകാരന് തന്നെയായ ബുബിസ്റ്റയാണ് ടീമിന്റെ പരിശീലകന്. 2020 ജനുവരി മുതല്‍ ടീമിനെ പരിശീലിപ്പിക്കുകയാണ്. മൊറോക്കോ, ടുണീഷ്യ, ഈജിപ്ത്, അള്‍ജീരിയ, ഘാന എന്നിവര്‍ക്കൊപ്പമാണ് കേപ്പ് വെര്‍ദെയും യോഗ്യതനേടിയത്. മൂന്ന് ടീമുകള്‍ കൂടി ചേരും.






