തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗി (കെ.സി.എല്‍)ന്റെ മൂന്നാം സീസണില്‍ നിലവിലെ ചാമ്പ്യന്മാരായ കൊച്ചി ബ്ലൂ ടൈഗേഴ്‌സിനെ സാലി സാംസണ്‍ നയിക്കും. ഇന്ത്യന്‍ താരം സഞ്‌ജു സാംസണിന്റെ സഹോദരനായ സാലി ഇതു രണ്ടാം തവണയാണ് ബ്ലൂ ടൈഗേഴ്‌സിന്റെ ക്യാപ്‌റ്റന്‍ കുപ്പായമണിയുന്നത്. ആദ്യ സീസണില്‍ ടീമിനെ നയിച്ച പേസ് ബൗളര്‍ ബേസില്‍ തമ്പിയാണ് വൈസ് ക്യാപ്‌റ്റന്‍.
വെസ്‌റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ഇതിഹാസതാരവും ടീം സഹഉടമയുമായ ക്രിസ് ഗെയിലും ടീം ഉടമ സുഭാഷ് മാനുവലും ചേര്‍ന്ന് ലണ്ടനിലാണ് ബ്ലൂ ടൈഗേഴ്‌സിന്റെ പുതിയ സീസണിലെ നേതൃനിരയെ പ്രഖ്യാപിച്ചത്.
കഴിഞ്ഞ സീസണില്‍ കൊച്ചിയെ കിരീടത്തിലേക്ക് നയിച്ച സാലി സാംസണിന്റെ നേതൃപാടവവും ബേസില്‍ തമ്പിയുടെ അനുഭവസമ്പത്തും ടീമിന് ഗുണകരമാകുമെന്നാണ് മാനേജ്‌മെന്റിന്റെ വിലയിരുത്തല്‍. ഇതോടൊപ്പം വണ്‍സ് എ ബ്ലൂടൈഗേഴ്‌സ്, ഓള്‍വെയ്‌സ് എ ബ്ലൂ ടൈഗേഴ്‌സ് എന്ന പുതിയ ടീം സ്ലോഗനും അവതരിപ്പിച്ചു. ടീമിന്റെ ഔദ്യോഗിക സാമൂഹികമാധ്യമ പേജുകളിലൂടെയാണ് ക്രിസ് ഗെയില്‍ പ്രഖ്യാപനം നടത്തിയത്.



Comments