തൃശൂര്‍: കഴിഞ്ഞ ദിവസം തൃശൂരില്‍ യുവമോര്‍ച്ച പ്രവര്ത്തകന് കൊല്ലപ്പെട്ട സംഭവത്തില്‍ അറസ്റ്റിലായവരില്‍ ബി.ജെ.പി പ്രവര്‍ത്തകനും. യുവമോര്‍ച്ച പ്രവര്ത്തകന് നെട്ടിശേരി പൊറാടന്‍ നിര്മ്മലെന്ന 20കാരന് കുത്തേറ്റ് മരിച്ച സംഭവത്തില്‍ തൃശൂര്‍ എലഞ്ഞിക്കുളം സ്വദേശിയായ അരുണാണ് അറസ്റ്റിലായത്. ഇയാള്‍ ബി.ജെ.പിയുടെ സജീവ പ്രവര്‍ത്തകനാണ്. കൊലപാതകത്തില്‍ രാഷ്ട്രീയമില്ലെന്ന് പോലീസ് വ്യക്തമാക്കി.
അരുണിന് പുറമെ മുക്കാട്ടുകര സ്വദേശി സൂരജ്, ഊരത്ത് സിദ്ദു, പയ്യപ്പാട്ട് യേശുദാദ്, കാഞ്ഞാലി സച്ചിന് എന്നിവരാണ് അറസ്റ്റിലായത്. കൊലപാതകത്തിന് പിന്നില്‍ സി.പി.എമ്മാണെന്ന് ആരോപിച്ച് ബി.ജെ.പി തൃശൂരില്‍ ഹര്‍ത്താല്‍ നടത്തിയിരുന്നു. എന്നാല്‍ കൊലപാതകത്തില്‍ രാഷ്ട്രീയമില്ലെന്നും ഇരു സംഘങ്ങള്‍ തമ്മിലുള്ള തര്‍ക്കമാണ് കൊലയിലേക്ക് നയിച്ചതെന്നും പോലീസ് വ്യക്തമാക്കി. ക്ഷേത്ര പരിസരത്ത് കുമ്മാട്ടിക്കളിയുമായി ബന്ധപ്പെട്ട് ഇരു വിഭാഗങ്ങള്‍ തമ്മില്‍ നേരത്തെ തര്‍ക്കം നിലനിന്നിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് കൊലപാതകം.
കൊലപാതകവുമായി സി.പി.എമ്മിന് ബന്ധമില്ലെന്ന് സി.പി.എം ജില്ലാ സെക്രട്ടറി കെ. രാധാകൃഷ്ണന് വ്യക്തമാക്കിയിരിന്നു.






