ന്യുഡല്‍ഹി: കശ്മീരികള്‍ക്കെതിരായ വിവാദ പ്രസ്താവനയില്‍ കരസേന മേധാവിയെ പിന്തുണച്ച് പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കറും ബി.ജെ.പിയും. കശ്മീരികള്‍ തീവ്രവാദികളെ പിന്തുണയ്ക്കുന്നു എന്നായിരുന്നു കരസേന മേധാവി ജനറല്‍ ബിപിന്‍ റാവത്തിന്റെ ആക്ഷേപം.
തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുത്തുകയോ പാകിസ്താന്റേയോ ഇസ്ലാമിക് സ്റ്റേറ്റിന്റെയോ പതാക കശ്മീരില്‍ ഉയര്‍ത്തുകയോ ചെയ്യുന്നവരെ രാജ്യവിരുദ്ധരായി കാണുമെന്നും കരസേന മേധാവി പ്രസ്താവിച്ചിരുന്നു. അതിനാല്‍ ഇവര്‍ക്കെതിരെ സൈന്യം ആയുധം പ്രയോഗിക്കാന്‍ മടിക്കില്ലെന്നും കരസേന മേധാവി പറഞ്ഞിരുന്നു.
കരസേന മേധാവിയുടെ പ്രസ്താവനയ്ക്കെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ന്നിരുന്നു. ഇത്തരം പ്രസ്താവനകള്‍ കശ്മീരികള്‍ക്കിടയില്‍ സൈന്യത്തെ ഒറ്റപ്പെടുത്താനും കലാപം സൃഷ്ടിക്കാനും മാത്രമേ ഉപകരിക്കൂ എന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടിയിരുന്നു. പ്രതിപക്ഷ പാര്‍ട്ടികളും വിഘടനവാദികളും ഒരുപോലെ കരസേന മേധാവിയുടെ പ്രസ്താവനയെ വിമര്‍ശിച്ചിരുന്നു.
അതേസമയം ബിപിന്‍ റാവത്തിനെ പുര്‍ണ്ണമായി പിന്തുണച്ച് പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കറും ബി.ജെ.പിയും രംഗത്ത് വന്നു. കശ്മീരിലെ തീവ്രവാദികള്‍ക്കെതിരെ എന്ത് നടപടി സ്വീകരിക്കണമെന്ന് തീരുമാനിക്കാന്‍ കരസേന മേധാവിക്ക് പൂര്‍ണ്ണ അധികാരമുണ്ടെന്ന് പരീക്കര്‍ പറഞ്ഞു. കരസേന മേധാവി ആശങ്ക പ്രകടിപ്പിക്കുക മാത്രമാണ് ചെയ്തതെന്നും നടപടി ഭീഷണി ഉയര്‍ത്തിയിട്ടില്ലെന്നും കേന്ദ്രമന്ത്രി ജിതേന്ദര്‍ സിങ്ങും പ്രസ്താവിച്ചു.






