
തിരുവനന്തപുരം: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല (കുസാറ്റ്)യിലെ സംവരണനിയമനം റദ്ദാക്കിയ ഹൈക്കോടതിയെ വൈസ് ചാന്‍സലറും രജിസ്ട്രാറും തെറ്റിദ്ധരിപ്പിച്ചു. ഇരുവരും കോടതിയില്‍ നല്കിയതു വ്യാജസത്യവാങ്മൂലം. ഈ വിഷയത്തില്‍ സര്‍വകലാശാല ഹൈക്കോടതിയെ സമീപിച്ചതു സിന്‍ഡിക്കേറ്റ് അറിയാതെ.
സംസ്ഥാനത്തെ സര്‍വകലാശാലകളില്‍ പട്ടികജാതി/വര്‍ഗ സംവരണതസ്തികകളില് മലയാളികളെയേ നിയമിക്കാവൂ എന്ന സര്‍ക്കാര്‍ നിര്‍ദേശത്തിന്റെ ലംഘനമാണു കുസാറ്റില്‍ നടന്നത്. ഹിന്ദി അസിസ്റ്റന്റ്് പ്രഫസര്‍ തസ്തികയിലേക്കു യോഗ്യതയുള്ള മലയാളി ഉദ്യോഗാര്ഥികളുണ്ടായിട്ടും ഐ.എ.എസ്. ഉന്നതന്റെ ബന്ധുവായ ഉത്തര്‍പ്രദേശ് സ്വദേശിക്കാണു നിയമനം നല്‍കിയത്. ഉന്നതസ്വാധീനത്തേത്തുടര്ന്നു നടത്തിയ അനധികൃത നിയമനമാണിതെന്ന് ആരോപണമുണ്ട്. ഉദ്യോഗാര്‍ഥികളിലൊരാള്‍ നല്കിയ ഹര്‍ജിയേത്തുടര്‍ന്ന് നിയമനം ഹൈക്കോടതി സിംഗിള്‍ ബെഞ്ച് റദ്ദാക്കി. ഇതിനെതിരേയാണു വി.സി: ഡോ.ജെ. ലതയും രജിസ്ട്രാര്‍ ഡോ. ഡേവിഡ് പീറ്ററും അപ്പീല്‍ നല്‍കിയത്. തുടര്‍ന്ന് സിംഗിള്‍ ബെഞ്ച് ഉത്തരവ് ഒരുമാസത്തേക്കു ഡിവിഷന് ബെഞ്ച് നീക്കി.
സിന്‍ഡിക്കേറ്റിന്റെ അനുമതിയോടെയാണ് അപ്പീല്‍ നല്‍കുന്നതെന്ന വ്യാജസത്യവാങ്മൂലവും സര്‍വകലാശാല നല്കി. രണ്ടു നിയമസഭാംഗങ്ങള്‍ ഉള്‍പ്പെട്ട സിന്‍ഡിക്കേറ്റിന്റെ അനുമതി അപ്പീല്‍ പരിഗണിക്കവേ കോടതി ഗൗരവമായെടുത്തു. കോടതിയെ തെറ്റിദ്ധരിപ്പിച്ച ഈ നടപടിക്കെതിരേ സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ക്കിടയില്‍ ശക്തമായ പ്രതിഷേധമുയര്‍ന്നിരുന്നു.
കേരളത്തില്‍നിന്നുള്ള പട്ടികജാതി/വര്‍ഗ ഉദ്യോഗാര്‍ഥികള്‍ക്കു നിയമനം നല്‍കാതെ ഇതരസംസ്ഥാനക്കാരെ പരിഗണിക്കുന്നതു ഗുരുതരപ്രത്യാഘാതങ്ങള്ക്കിടയാക്കും. മറ്റു സ്ഥാപനങ്ങളും ഈ മാതൃക പിന്തുടര്ന്നാല് സംസ്ഥാനത്തെ പിന്നാക്കകാരുടെ അവസ്ഥ പരിതാപകരമാകുമെന്നു വിദഗ്ധര്‍ വിലയിരുത്തുന്നു. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളിലും പട്ടികജാതി/വര്‍ഗ വിഭാഗങ്ങളില്‍പെട്ടവരുടെ എണ്ണം കേരളത്തേക്കാള്‍ ഏറെയാണ്.






