ചെന്നൈ: താന്‍ വിശ്വാസ വോട്ടെടുപ്പില്‍ വിജയിച്ചതിലൂടെ ശശികല നടരാജന്റെ ശപഥം നിറവേറിയെന്ന് തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി. താന്‍ ഭൂരിപക്ഷം നേടിയതില്‍ തമിഴ് ജനത സന്തോഷവാന്മാരാണെന്നും പളനിസ്വാമി പറഞ്ഞു. വിശ്വാസ വോട്ടെടുപ്പില്‍ വിജയിച്ച ശേഷം മറീന ബീച്ചില്‍ എം.ജി.ആറിന്റെയും ജയലളിതയുടെ ശവകുടീരത്തില്‍ എത്തിയ പളനിസ്വാമി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.
നിയസഭയില്‍ നിന്ന് ഡി.എം.കെ നടത്തിയ അതിക്രമങ്ങള്‍ മാധ്യമങ്ങള്‍ പകര്‍ത്തിയിട്ടുണ്ട്. വിശ്വാസ വോട്ടെടുപ്പ് തടയാനായിരുന്നു അവരുടെ ശ്രമം. എന്നാല്‍ അത് സാധിച്ചില്ല. ചിന്നമ്മയുടെ ശപഥം നിറവേറി. അമ്മയുടെയും എം.ജി.ആറിന്റെയും സ്വപ്നങ്ങള്‍ നിറവേറ്റുമെന്നും പളനിസ്വാമി പറഞ്ഞു. പനീര്‍സെല്‍വത്തിന്റെ നേതൃത്വത്തിലുള്ള വിമത പക്ഷത്തിന്റെ ലക്ഷ്യങ്ങള്‍ പരാജയപ്പെട്ടുവെന്നും പളനിസ്വാമി കൂട്ടിച്ചേര്‍ത്തു.
ശശികല പറഞ്ഞത് പോലെ വിമതരുടെ ലക്ഷ്യം പാര്‍ട്ടിയെ തകര്‍ക്കുകയായിരുന്നു. വിമതര്‍ ഡി.എം.കെയുമായി ചേര്‍ന്ന് നടത്തിയ നീക്കങ്ങള്‍ അതിന്റെ തെളിവാണ്. ഡി.എം.കെ സഭയില്‍ കാണിച്ച അതിക്രമങ്ങളോട് വിമതര്‍ പ്രതികരിച്ചില്ലെന്നും പളനിസ്വാമി ആരോപിച്ചു. രഹസ്യ ബാലറ്റ് അനുവദിക്കാതിരുന്നതിനെക്കുറിച്ച്, അത് സ്പീക്കറുടെ വിവേചനാധികാരത്തില്‍ പെടുന്നതാണെന്ന് പളനിസ്വാമി പറഞ്ഞു.
എനിക്ക് വോട്ട് ചെയ്തവരാണ് അമ്മയുടെ വിശ്വസ്തര്‍. സംസ്ഥാനത്തെ വരള്‍ച്ച ഉള്‍പ്പെടെയുള്ള പ്രശ്നങ്ങളില്‍ ഉടന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി കൂടിക്കാഴ്ച നടത്തുമെന്നും പളനിസ്വാമി കൂട്ടിച്ചേര്‍ത്തു.






