
മംഗലുരു: കേരളാ മുഖ്യമന്ത്രി പിണറായി വിജയനെതിരേ സംഘപരിവാറിന്റെ അയിത്തം വീണ്ടും. ഇത്തവണ കര്‍ണാടകത്തിലെ മംഗലുരുവില്‍ പിണറായി സന്ദര്‍ശിക്കുന്നതിനെ തുടര്‍ന്ന് വിഎച്ച്പിയും ബജ്റംഗദളും ചേര്‍ന്ന് ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. പിണറായി ദക്ഷിണ കന്നഡ ജില്ലയില്‍ പ്രവേശിക്കുന്നത് വിലക്കണമെന്ന് വിഎച്ച്പി നേതാക്കള്‍ ജില്ലാ ഭരണകൂടത്തോട് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ഹര്‍ത്താലും.
വാര്‍ത്താഭാരതി കന്നഡ ദിനപ്പത്രത്തിന്റെ പുതിയ ഓഫീസ് കോംപ്ളക്സ് നിര്‍മ്മാണ ഉദ്ഘാടനത്തിനും സിപിഎം സംഘടിപ്പിക്കുന്ന മതസൗഹാര്ദ്ദറാലിയ്ക്കും വേണ്ടി പിണറായി വിജയന് മംഗലുരുവില്‍ എത്തുന്നുണ്ട്. ഇതേ തുടര്‍ന്ന് 25 ന് മംഗളുരു കോര്പ്പറേഷന് പരിധിയില്‍ മാത്രം വിഎച്ച്പിയും ബജ്റംഗദളും ചേര്‍ന്ന് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുകയാണ്. പിണറായി വിജയന് എത്തുന്നത് തടയുക മാത്രമാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നതെന്ന് പരസ്യമായി ഇവര്‍ പ്രസ്താവിക്കുകയും ചെയ്തു. അതേസമയം പരിപാടി നടത്തുന്നതില്‍ തടസ്സമില്ല.
പിണറായി വിജയന് ജില്ലയില്‍ പ്രവേശിക്കുന്നത് വിലക്കണമെന്നാവശ്യപ്പെട്ട് ജില്ലാ ഡെപ്യൂട്ടി കമ്മീഷണര്‍, ജില്ലാ പോലീസ് സൂപ്രണ്ട്, സിറ്റി പോലീസ് കമ്മീഷണര്‍ തുടങ്ങിയവര്‍ക്ക് വിഎച്ച്പി ഡിവിഷണല്‍ വര്‍ക്കിംഗ് കമ്മറ്റി നിവേദനം നല്‍കിയിട്ടുണ്ട്. എതിരാളികളെ ഉന്മൂലനം ചെയ്യുന്ന കേരളം ഭരിക്കുന്ന ഏകാധിപതിയാണ് പിണറായിയെന്നും സ്വന്തം സംസ്ഥാനത്ത് സമാധാനം പാലിക്കാത്തയാള്‍ എങ്ങിനെ മറ്റു സംസ്ഥാനങ്ങളിലെ മതസൗഹാര്‍ദ്ദറാലിയില്‍ പങ്കെടുക്കുമെന്നും ഇവര്‍ ചോദിച്ചു. ഇത്തരത്തില്‍ പിണറായിക്ക് എതിര്‍പ്പ് നേരിടേണ്ടി വരുന്നത് രണ്ടാം തവണയാണ്.
കഴിഞ്ഞ വര്‍ഷവും പിണറായിക്ക് സംഘപരിവാറിന്റെ എതിര്‍പ്പ് നേരിടേണ്ടി വന്നിരുന്നു. ഇതേ തുടര്‍ന്ന് 2016 ഡിസംബറില്‍ ഭോപ്പാലിലെ വിവിധ മലയാളി കൂട്ടായ്മകളില്‍ പങ്കെടുക്കേണ്ടിയിരുന്ന പരിപാടികള്‍ പിണറായി ഉപേക്ഷിക്കുകയും ചെയ്തിരുന്നു. ആര്‍എസ്എസുകാരുടെ മരണങ്ങള്‍ക്ക് തങ്ങള്‍ മാപ്പു തരില്ലെന്ന് പറഞ്ഞ് പിണറായി ഗോ ബാക്ക് എന്ന പ്ളക്കാര്‍ഡുകളുമേന്തി ആയിരുന്നു സംഘപരിവാര്‍ പ്രതിഷേധം സംഘടിപ്പിച്ചത്.






