ബംഗലൂരു: അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട് ബംഗലൂരു പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന എ.ഐ.എ.ഡി.എം.കെ ജനറല്‍ സെക്രട്ടറി വി.കെ ശശികല ചെന്നൈ പുഴല്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറാന്‍ ശ്രമം തുടങ്ങി. അഭിഭാഷകര്‍ വഴിയാണ് ശശികലയുടെ നീക്കം. ജയില്‍ മാറ്റത്തിന് ശശികല ഉടന്‍ അപേക്ഷ നല്‍കും. പരപ്പന ജയിലിലെ സുരക്ഷാപ്രശ്നം ചൂണ്ടിക്കാട്ടിയാണ് ശശികലയുടെ നീക്കം.
നിലവിലെ സാഹചര്യത്തില്‍ ശശികലയുടെ അപേക്ഷയെ കര്‍ണാടകയും എതിര്‍ത്തേക്കില്ലെന്നാണ് സൂചന. തമിഴ്നാട്ടില്‍ ശശികലയുടെ വിശ്വസ്തന് എടപ്പാടി പളനിസാമി മുഖ്യമന്ത്രിയായതും അനുകൂല ഘടകമാണ്. പളനിസാമി വൈകാതെ വീണ്ടും ബംഗലൂരു ജയിലിലെത്തി ശശികലയെ കാണും. ശശികലയ്ക്കൊപ്പം വി.എന്‍ സുധാകരനും ജെ.ഇളവരശിയും ചെന്നൈയിലേക്കുള്ള മാറ്റത്തിന് അപേക്ഷ നല്‍കും.
ജയില്‍മാറ്റത്തിന് ശശികലയുടെ അഭിഭാഷകന് പരപ്പന ജയില്‍ സൂപ്രണ്ടിനും അതുവഴഇ നിയമമന്ത്രിക്കും അപേക്ഷ സമര്‍പ്പിക്കേണ്ടതുണ്ട്. ഇരു ജയില്‍ സൂപ്രണ്ടുമാരും അംഗീകരിച്ചാല്‍ സാധാരണ നിലയില്‍ ജയില്‍മാറ്റത്തിന് തടസ്സമില്ല. എന്നാല്‍ സുപ്രീം കോടതി ഉത്തരവ് പ്രകാരമാണ് ശശികലയേയും മറ്റു പ്രതികളെയും ബംഗലൂരു ജയിലില്‍ പാര്‍പ്പിച്ചിരിക്കുന്നതെന്നും സുപ്രീം കോടതി അനുമതിയില്ലാതെ ജയില്‍ മാറ്റം നടത്തിയാല്‍ അതിനെ കോടതിയില്‍ ചോദ്യം ചെയ്യാമെന്നും കേസിലെ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ബി.വി ആചാര്യ പറഞ്ഞു.
ജയില്‍ മാറ്റത്തിന് അപേക്ഷിക്കാന്‍ നിയമപരമായി ശശികലയ്ക്ക് അവകാശമുണ്ടെന്ന് എ.ഐ.എ.ഡി.എം.കെ വക്താവ് അവാദി കുമാര്‍ പറഞ്ഞു. റിപ്പോര്‍ട്ടിനെ അനുകൂലിക്കാനോ നിഷേധിക്കാനോ പാര്‍ട്ടിയില്ല. എന്നാല്‍ അവരെ ചെന്നൈയിലേക്ക് മാറ്റണമെന്നാണ് പാര്‍ട്ടിയുടെ ആഗ്രഹമെന്നും പാര്‍ട്ടി വക്താവ് പ്രതികരിച്ചു.
അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ കര്‍ണാടക വിചാരണ കോടതി വിധിച്ച ശിക്ഷ ഈ മാസം 14നാണ് സുപ്രീം കോടതി ശരിവച്ചത്. കേസില്‍ മുന്‍ മുഖ്യമന്ത്രി ജയലളിതയും പ്രതിയായിരുന്നു. അന്തരിച്ചതിനെ തുടര്‍ന്ന് ഇവരെ കേസില്‍ നിന്ന് ഒഴിവാക്കി. വിചാരണ കോടതിയുടെ ശിക്ഷ ബംഗലൂരു ഹൈക്കോടതി നേരത്തെ റദ്ദാക്കുകയും പ്രതികളെ വെറുതെ വിടുകയും ചെയ്തിരുന്നു. ഈ വിധി റദ്ദാക്കിക്കൊണ്ടാണ് സുപ്രീം കോടതി വിചാരണ കോടതി വിധി പുനഃസ്ഥാപിച്ചത്.
അതിനിടെ, സുപ്രീം കോടതിയില്‍ റിവ്യൂ പെറ്റീഷന് നല്‍കാനും ആലോചനയുണ്ടെന്ന് ശശികലയുടെ അഭിഭാഷകന് പറഞ്ഞു. വിധി വന്ന് 30 ദിവസത്തിനകം ശശികല ഇതിനായി അപേക്ഷ നല്‍കേണ്ടതുണ്ട്.
ഇന്നലെ ശശികലയുടെ അനന്തരവനും പാര്‍ട്ടി ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറിയുമായ ടിടിവി ദിനകരന് പരപ്പന അഗ്രഹാര ജയിലില്‍ എത്തി. രണ്ടു മണിക്കൂറോളം ഇരുവരും കൂടിക്കാഴ്ച നടത്തി. കോടതിവിധി വന്നതിനു തൊട്ടുപിന്നാലെയാണ് ദിനകരനെ പാര്‍ട്ടി ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറിയായി നിയമിച്ചത്്.
വിദ്യാഭ്യാസ മന്ത്രി കെ.എസ് ചെങ്കോട്ടിയാനും വനംമന്ത്രി ഡിണ്ഡിഗല് ശ്രീനിവാസനും ഇന്ന് ജയിലിലെത്തിയേക്കും.





