
ഹൈദരാബാദ്: തിരുപ്പതി ഭഗവാന് നന്ദിസൂചകയായി തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവു സമര്‍പ്പിക്കുന്നത് 5.6 കോടി രൂപയുടെ ആഭരണം. സ്വര്‍ണവും വജ്രവും പതിച്ച കിരീടമാണിത്. പ്രത്യേക തെലങ്കാന സംസ്ഥാനം രൂപീകരിക്കുന്നതിന് വേണ്ടി കെ.സിആര്‍ നടത്തിയ സമരപോരാട്ടത്തിനിടെയാണ് തിരുപ്പതിയിലേക്ക് നേര്‍ച്ച നടത്തിയത്. നേര്‍ച്ച നിര്‍വഹിക്കുന്നതിനായി കെ.സി.ആറും കുടുംബവും മന്ത്രിമാരും നാളെ തിരുമല ക്ഷേത്രത്തില്‍ എത്തും.
തിരുപ്പതി ഭഗവാന് കിരീടം സമര്‍പ്പിക്കുന്നതിനൊപ്പം സ്വരസ്വതി ദേവിക്ക് മൂക്കുത്തിയും കെ.സി.ആര് സമര്‍പ്പിക്കുന്നുണ്ട്. പൊതുഖജനാവില്‍ നിന്നുള്ള പണമെടുത്താണ് ചന്ദ്രശേഖര റാവുവിന്റെ നന്ദിപ്രകടനം.
പ്രത്യേക വിമാനം ചാര്‍ട്ട് ചെയ്താണ് കെ.സി.ആറും കുടുംബവും നാളെ തിരുപ്പതിയില്‍ എത്തുന്നത്.2014ല്‍ തെലങ്കാന സംസ്ഥാനം രൂപീകരിച്ച ശേഷം പലതവണ കെ.സി.ആര് തീര്‍ഥാടന കേന്ദ്രങ്ങളില്‍ സന്ദര്‍ശനം നടത്തിയിട്ടുണ്ട്. കഴിഞ്ഞ ഒക്ടോബറില്‍ വാറങ്കലിലേക്ക് നടത്തിയ യാത്രയില്‍ മൂന്നു കോടി രുപ വിലമതിക്കുന്ന 11 കിലോ സ്വര്‍ണത്തില്‍ തീര്‍ത്ത കിരീടമാണ് ഭദ്രകാളി ദേവിക്ക് സര്‍പ്പിച്ചത്. ഹൈദരാബാദിലെ ഒരു പ്രമുഖ ജ്വല്ലറിയാണ് ഈ കിരീടം നിര്‍മ്മിച്ചത്.
2015 ഡിസംബറില്‍ കോടികള്‍ ചെലവിട്ട് റാവു നടത്തിയ യജ്ഞം വിവാദമായിരുന്നു. സംസ്ഥാനം കടുത്ത വരള്‍ച്ച നേരിടുന്നതിനിടെയായിരുന്നു ഇത്. എന്നാല്‍ സര്‍ക്കാരിന്റെ പണമല്ല കുടുംബസ്വത്തും സംഭാവനകളും കൊണ്ടാണ് യാഗം നടത്തുന്നതെന്നായിരുന്നു റാവുവിന്റെ വിശദീകരണം.
കഴിഞ്ഞ നവംബറില്‍ ഹൈദരാബാദിലെ ഹൃദയഭാഗത്ത് സ്ഥാപിച്ച് പുതിയ മന്ദിരത്തിലേക്ക് റാവു താമസം മാറ്റിയിരുന്നു. ഒന്‍പത് ഏക്കറില്‍ സ്ഥിതി ചെയ്യുന്ന ഈ വസതിയില്‍ 250 പേര്‍ക്ക് ഇരിക്കാവുന്ന തീയേറ്ററും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കുള്ള താമസ സ്ഥലവും ഉള്‍പ്പെടുന്നു. വാസ്തു ശാസ്ത്രപ്രകാരം നിര്‍മ്മിച്ച മന്ദിരത്തിന്റെ ചെലവ് 50 കോടിയായിരുന്നു.
നികുതിദായകരുടെ പണം മുഖ്യമന്ത്രി ആഡംബരത്തിനും മതപരമായ ആചാരങ്ങള്‍ക്കുമായി ധൂര്‍ത്തടിക്കുന്നുവെന്ന ആരോപണം പ്രതിപക്ഷം തുടര്‍ച്ചയായി ഉന്നയിക്കുന്നുമുണ്ട്.






