ബംഗളുരു: അനധികൃത സ്വത്ത് കേസില്‍ ബംഗളുരു ജയിലില്‍ തടവുശിക്ഷ അനുഭവിക്കുന്ന എ.ഐ.എ.ഡി.എം.കെ ജനറല്‍ സെക്രട്ടറി ശശികല നടരാജന് പിഴ അടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയാല്‍ ഒരു വര്‍ഷം കുടി തടവുശിക്ഷ അനുഭവിക്കേണ്ടി വരും. പത്ത് കോടി രൂപയാണ് ബംഗളുരു വിചാരണക്കോടതി ശശികലയ്ക്ക് പിഴ ചുമത്തിയത്. ഇത് സുപ്രീം കോടതിയും ശരിവച്ചിരുന്നു. ഈ പിഴ തുക അടയ്ക്കുന്നതില്‍ ശശികല വീഴ്ച വരുത്തിയാല്‍ 13 മാസം കൂടി തടവുശിക്ഷ അനുഭവിക്കേണ്ടി വരുമെന്ന് ബംഗളുരു ജയില്‍ സൂപ്രണ്ട് കൃഷ്ണകുമാര്‍ വ്യക്തമാക്കി.
ശശികലയെയും കൂട്ടുപ്രതികള്‍ക്കും മൂന്ന് വര്‍ഷവും 11 മാസവുമാണ് സുപ്രീം കോടതി ശിക്ഷ വിധിച്ചത്. ഇതിന് പുറമെയാണ് പത്ത് കോടി രൂപയുടെ പിഴ. ശശികലയ്ക്ക് പുറമെ അവരുടെ ബന്ധുക്കളായ ഇളവരശി, സുധാകരന് എന്നിവരാണ് കേസിലെ മറ്റ് പ്രതികള്‍. സുധാരകനെ പുരുഷ തടവുകാരുടെ സെല്ലിലും ശശികലയെയും ഇളവരശിയെയും വനിതാ സെല്ലിലുമാണ് പാര്‍പ്പിച്ചിരിക്കുന്നത്.





