
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പ് ആവേശത്തിലേക്ക് കടക്കവെ, കോഴിക്കോട് സൗത്ത് മണ്ഡലത്തിലെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി അഹമ്മദ് ദേവര്‍കോവില്‍ അപ്രതീക്ഷിത പ്രതിസന്ധിയില്‍. സ്ഥാനാര്‍ത്ഥി പ്രചാരണത്തിന് ഉപയോഗിച്ചുവന്ന 'ഗ്ലാസ്' ചിഹ്നം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ പുതുക്കിയ പട്ടികയില്‍ നിന്നും നീക്കം ചെയ്തു. ഗ്ലാസ് ചിഹ്നത്തില്‍ അഹമ്മദ് ദേവര്‍ കോവില്‍ പ്രചാരണം തുടങ്ങിയിരുന്നു.
2024-ലെ പട്ടികയിലുണ്ടായിരുന്ന ചിഹ്നം 2025-ലെ പുതിയ പട്ടികയില്‍ ഉള്‍പ്പെടുത്തിയില്ല. ചിഹ്നം പ്രതിസന്ധിയില്ലാതായതോടെ ചിഹ്നത്തിന്റെ കാര്യത്തില്‍ വ്യക്തത വരുന്നത് വരെ ഗ്ലാസ് അടയാളം വെച്ചുള്ള പ്രചാരണ പരിപാടികള്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ സിപിഐഎം നിര്‍ദ്ദേശിച്ചു. ചിഹ്നം അനുവദിക്കുന്നതിലെ അവ്യക്തത നീക്കാന്‍ ജില്ലാ വരണാധികാരി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷനോട് വിശദീകരണം തേടിയിട്ടുണ്ട്. സംസ്ഥാനത്ത് നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന സമയം ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിയോടെ അവസാനിക്കും.
സൂക്ഷ്മപരിശോധനകള്‍ക്ക് ശേഷം നിലവില്‍ 985 സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുള്ളത്. കോഴിക്കോട് സൗത്തില്‍ കഴിഞ്ഞ തവണ വിജയിച്ച അഹമ്മദ് ദേവര്‍കോവില്‍ ഇത്തവണയും എല്‍ഡിഎഫ് സ്വതന്ത്രനായിട്ടാണ് ജനവിധി തേടുന്നത്. ഏപ്രില്‍ 9 ന് വോട്ടെടുപ്പ് നടക്കാനിരിക്കെ ചിഹ്നത്തിന്റെ കാര്യത്തില്‍ കമ്മീഷന് നല്കുന്ന പുതിയ നിര്‍ദ്ദേശം മണ്ഡലത്തിലെ പ്രചാരണത്തെ നിര്‍ണ്ണായകമായി ബാധിക്കും.






