
വിദേശ സംഭാവന നിയന്ത്രണ നിയമ ഭേദഗതി (എഫ്.സി.ആര്‍.എ) ബില്ല് ഇന്ന് ലോക്‌സഭയില്‍ ചര്‍ച്ചയെ്‌ക്കടുക്കവേ കേരളത്തിന്റെ കണ്ണും കാതും പാര്‍ലമെന്റിലേക്കാകും. കഴിഞ്ഞാഴ്‌ചയാണ് ഭേദഗതി ബില്ല് പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്. നാളെ പാര്‍ലമെന്റ് പിരിയും മുമ്പ് ബില്ലില്‍ ചര്‍ച്ച പൂര്‍ത്തിയാക്കി പാസാക്കിയെടുക്കാനാകും കേന്ദ്ര നീക്കം.
അതേസമയം തെരഞ്ഞെടുപ്പ് വേളയില്‍ ബില്ലുമായി ബന്ധപ്പെട്ടു ൈക്രസ്‌തവ സഭാധ്യക്ഷന്‍മാര്‍ ആശങ്ക പ്രകടിപ്പിക്കവേ, ബില്ല് പാസാക്കുന്നത് മെയില്‍ ചേരാനിരിക്കുന്ന പാര്‍ലമെന്റിന്റെ സ്‌പെഷ്യല്‍ സമ്മേളനത്തിലേക്ക് മാറ്റിവെയ്‌ക്കുമോയെന്നും രാഷ്‌ട്രീയ കേരളം ഉറ്റുനോക്കുന്നുണ്ട്. എന്നാല്‍ നിലവിലെ പാര്‍ലമെന്റ് സമ്മേളനത്തില്‍ പുതുക്കിയ കാര്യ പരിപാടി ഇനത്തിലടക്കം ഇന്ന് ബില്ലിന്‍മേല്‍ ചര്‍ച്ച നടക്കുമെന്നാണു വ്യക്‌തമാക്കിയിരിക്കുന്നത്. ക്രിസ്‌ത്യന്‍ സഭകളുടെ ആരാധനാലയങ്ങള്‍ ഉള്‍പ്പെടെയുള്ള സ്‌ഥാപനങ്ങളും സ്വത്തുവകകളും പിടിച്ചെടുക്കാനടക്കം വ്യവസ്‌ഥ ചെയ്യുന്നതാണ് ബില്ലെന്നാണ് സഭയുമായി ബന്ധപ്പെട്ട പുരോഹിതരുടെ ആശങ്ക. എന്നാല്‍ അത്തരം നീക്കവുമുണ്ടാകില്ലെന്നും നിലവിലെ നിയമത്തില്‍ രാജ്യസുരക്ഷയെ ബാധിക്കുന്ന പഴുതുകള്‍ അടയ്‌ക്കുക മാത്രമാണ് ഭേദഗതിയിലൂടെ ഉദ്ദേശിക്കുന്നതെന്നും കേന്ദ്ര സര്‍ക്കാറും വ്യക്‌തമാക്കുന്നു.
നാല് സംസ്‌ഥാനങ്ങള്‍ തെരഞ്ഞെടുപ്പ് ആവേശത്തിലാണെങ്കിലും ബില്ല് ചലനം സൃഷ്‌ടിക്കുന്നത് കേരളത്തിലും തമിഴ്‌നാട്ടിലുമാണ്. തെരഞ്ഞെടുപ്പ് അടുക്കവേ ഏതെങ്കിലും വിഭാഗത്തിന് എതിരാകുന്ന തരത്തില്‍ നിയമ നിര്‍മാണത്തിന് കേന്ദ്ര സര്‍ക്കാര്‍ മുതിരുമോയെന്നും സംസ്‌ഥാനത്തെ ബി.ജെ.പി. നേതൃത്വവും ചോദിക്കുന്നു.
വിവാദ ഭേദഗതി
ഫോറിന്‍ കോണ്‍ട്രിബ്യൂഷന്‍ റഗുലേഷന്‍ ആക്‌ട് എന്ന വിദേശ സംഭാവന നിയന്ത്രണ നിയമ പ്രകാരമാണ് വ്യക്‌തികള്‍ക്കും സംഘടനകള്‍ക്കും വിദേശത്ത് നിന്ന് സംഭാവനകള്‍ സ്വീകരിക്കാന്‍ സാധിക്കുക. ഈ നിയമത്തിന്റെ പഴുതുകള്‍ ഉപയോഗിച്ച് സ്വീകരിക്കുന്ന സംഭാവനകളും വിദേശത്ത് നിന്ന് ഒഴുകിയെത്തുന്ന പണവും രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങളിലേക്കും വഴിമാറ്റുന്നുവെന്ന കണ്ടെത്തലിനെ തുടര്‍ന്നാണു കേന്ദ്രം നിയമ ഭേദഗതിക്കു തയാറായത്. ചില ഉപവകുപ്പുകളിലെ പഴുതുകളടച്ച് നിയമം കൂടുതല്‍ ശക്‌തവും സുരക്ഷിതത്വവുമാക്കുകയാണ് ഇതിലൂടെ കേന്ദ്ര സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.
നിലവില്‍ വിദേശ ഫണ്ട് സ്വീകരിക്കുന്ന വ്യക്‌തികള്‍ക്കും സംഘടനകള്‍ക്കും പുറമേ, നിയമാനുസൃത മാര്‍ഗത്തില്‍ പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്ന ഏതൊരു വ്യക്‌തിക്കും കൂടുതല്‍ സംഘടനകള്‍ക്കും ഫണ്ട് സ്വീകരിക്കാന്‍ സാധിക്കുന്ന വിധത്തില്‍ നിയമ വ്യവസ്‌ഥ, ഭേദഗതി ബില്ലില്‍ ഉദാരമാക്കിയിട്ടുമുണ്ട്. ന്യൂനപക്ഷക്ഷേമം മുന്‍ നിര്‍ത്തി പ്രവര്‍ത്തിക്കുന്നുവെന്ന് അവകാശപ്പെടുന്ന ചില സംഘടനകള്‍ക്ക് ലഭിച്ച കോടികളുടെ വിദേശ ഫണ്ട് രാജ്യേ്രദാഹ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിച്ചതായി കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
എന്നാല്‍ ക്രിസ്‌ത്യന്‍ സഭകള്‍ ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതായി റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ടായിരുന്നില്ല. അതേസമയം ചില സഭകള്‍ മതപരിവര്‍ത്തനത്തിനായി ഇത്തരം ഫണ്ടുകള്‍ വകമാറ്റി ചെലവഴിക്കുന്നതായും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.
അതേസമയം ഏതെങ്കിലും മത സംഘടനയെ ലക്ഷ്യംവെച്ചല്ല, മറിച്ച് രാജ്യ സുരക്ഷയ്‌ക്ക് മുന്‍ഗണന നല്‍കിയാണ് നിലവില ഭേദഗതി നീക്കമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. മാതാ അമൃതാനന്ദമയി മഠവും ഈശ ഫൗണ്ടേഷനും ശ്രീരാമകൃഷ്‌ണ മഠവും ക്രിസ്‌ത്യന്‍സഭകളും മാത്രമല്ല ഒട്ടേറെ എന്‍.ജി.ഒകളും വിദേശ സംഭാവനകള്‍ സ്വീകരിക്കുന്ന സംഘടനകളുടെ ഗണത്തില്‍ ഉള്‍പ്പെടുന്നുണ്ട്. ഇവയെ്‌ക്കല്ലാം ബാധകമായ നിയമ ഭേദഗതിയെ എങ്ങിനെയാണ്, ഏതെങ്കിലുമൊരു മത സ്‌ഥാപനത്തിന്റെ സ്വത്തുവകകള്‍ പിടിച്ചെടുക്കാനായി മാത്രം രൂപപ്പെടുത്തിയതായി വ്യാഖ്യാനിക്കാന്‍ സാധിക്കുകയെന്നാണ് മറു ചോദ്യം.
രാജ്യേ്രദാഹ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി വിദേശത്ത് നിന്ന് ഫണ്ട് സ്വീകരിക്കാന്‍ മാത്രമായി ഒട്ടേറെ കടലാസ് എന്‍.ജി.ഒകള്‍ ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നതായി വിവിധ ഏജന്‍സികളെ ഉപയോഗിച്ച് മോദി സര്‍ക്കാര്‍ നടത്തിയ അന്വേഷണത്തില്‍ വ്യക്‌തമായി. ഇത്തരം എന്‍.ജി.ഒകള്‍ ഏതെങ്കിലുമൊരു മതവിഭാഗത്തിന്റെ പേരില്‍ മാത്രമായിരുന്നില്ല. വ്യാപക സാമ്പത്തിക ക്രമക്കേടുകളും ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളും ഇതുവഴി നടക്കുന്നതായി ബോധ്യപ്പെട്ടതോടെയാണ് കേന്ദ്ര സര്‍ക്കാര്‍, നിയമത്തിന്റെ പഴുതടച്ച് ഭേദഗതിയിലൂടെ ശക്‌തമാക്കാന്‍ തീരുമാനമെടുത്തത്. എന്‍.ജി.ഒ.കള്‍ക്കും മറ്റ് സംഘടനകള്‍ക്കും കിട്ടുന്ന വിദേശ ഫണ്ടിനുള്ള നിയമപരമായ ചട്ടക്കൂടായി ഈ ഭേദഗതിയെ വിലയിരുത്താം.
ഭേദഗതിയും സുരക്ഷയും
നിലവിലുള്ളവയ്‌ക്കു പുറമെ, വിദേശ ഫണ്ട് സ്വീകരിക്കാന്‍ താല്‍പ്പര്യമുള്ള മറ്റ് എന്‍.ജി.ഒകള്‍ക്കും സംഘടനകള്‍ക്കും ഇതിന് അവസരം സൃഷ്‌ടിക്കും വിധമാണ് ഭേദഗതി. എന്നാല്‍ ഇത്തരം സംഘടനകള്‍ക്കെല്ലാം രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കി. അതേസമയം തന്നെ ഭരണപരമായ ചെലവുകള്‍ അമ്പത് ശതമാനമായിരുന്നത് 20 ശതമാനമായി കുറച്ചു. അതായത് ചാരിറ്റി മേഖലയില്‍ ചെലവഴിക്കാന്‍ വേണ്ടി സ്വീകരിക്കുന്ന വിദേശ ഫണ്ടിന്റെ പാതിയും നിലവില്‍ ഭരണപരമായ ചെലവുകളെന്ന പേരില്‍ വകമാറ്റാമായിരുന്നു. ഇത്തരം ഫണ്ടിലാണ് വ്യാപക തട്ടിപ്പ് നടന്നിരുന്നത്. ഇതു തടയാനാണു പുതിയ വ്യവസ്‌ഥ.
നിരീക്ഷണ കൃത്യതയ്‌ക്കായി വിദേശ പണം ഡല്‍ഹി സ്‌റ്റേറ്റ് ബാങ്കിന്റെ നിശ്‌ചിത ബ്രാഞ്ചുകളില്‍ കൂടി മാത്രമേ സ്വീകരിക്കാന്‍ പാടുള്ളുവെന്നതാണ് മറ്റൊരു വ്യവസ്‌ഥ. അതേസമയം തന്നെ ഒരു വ്യക്‌തിക്ക് ഇനി മുതല്‍ കൂടുതല്‍ വിദേശ ഫണ്ട് സ്വീകരിക്കാന്‍ സാധിക്കുകയും ചെയ്യും. സ്‌ഥാനാര്‍ഥികള്‍, പത്രപ്രവര്‍ത്തകര്‍, മാധ്യമസ്‌ഥാപനങ്ങള്‍, ജഡ്‌ജസ്, സര്‍ക്കാര്‍ ജീവനക്കാര്‍, രാഷ്‌ട്രീയ പാര്‍ട്ടികള്‍ എന്നീ വിഭാഗങ്ങള്‍ക്കൊന്നും വിദേശ ഫണ്ട് സ്വീകരിക്കാന്‍ അനുമതിയില്ലെന്ന നിലവിലുള്ള വ്യവസ്‌ഥ നിലനില്‍ക്കും.
1999 മുതല്‍ നിലവിലുണ്ടായിരുന്ന 'ദ് ഫോറിന്‍ എക്‌സ്‌ചേഞ്ച് മാനേജെ്‌മന്റ് ആക്‌ട് (ഫെമ) പുതുക്കി മന്‍മോഹന്‍ സിങ്ങിന്റെ നേതൃത്വത്തിലുണ്ടായിരുന്ന യു.പി.എ. സര്‍ക്കാറാണ് 2010 ല്‍ വിദേശ സംഭാവന നിയന്ത്രണ നിയമം (എഫ്.സി.ആര്‍.എ) കൊണ്ടുവന്നത്. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നടപ്പാക്കിയ നിയമ സംവിധാനം അതേപടി നിലനിര്‍ത്തി ദേശസുരക്ഷയും ഫണ്ട് വിനിയോഗത്തിലെ സുതാര്യതയും ഉറപ്പു വരുത്തുകയെന്ന ലക്ഷ്യത്തോടെ ചില ഭേഗതികള്‍ കൊണ്ടുവരികയെന്നത് മാത്രമാണു കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു.
പിടിച്ചെടുക്കുമോ സ്‌ഥാപനങ്ങള്‍?
മുകളില്‍ സൂചിപ്പിച്ച നാല് ഭേദഗതികളാണ് പ്രധാനമായും ബില്ലില്‍ ചര്‍ച്ച ചെയ്യുന്നത്. ഈ ഭേദഗതികളൊന്നും ഏതെങ്കിലുമൊരു മതത്തേയോ സംഘടനയോയോ ലക്ഷ്യംവെച്ചല്ലെന്നും വ്യക്‌തം. പിന്നെ എന്തുകൊണ്ടാണ് ബില്ലിന്‍മേല്‍ ഇത്രമാത്രം ആശങ്കയെന്ന ചോദ്യം സ്വഭാവികമായി ഉയരാം. ഭേദഗതിയിലൂടെ രൂപപ്പെടുന്ന പുതിയ അഥോറിറ്റിയെ ചൂണ്ടിയാണ് പ്രധാനമായും ആശങ്ക പ്രകടിപ്പിക്കുന്നത്. നിയമം ലംഘിക്കുന്ന എന്‍.ജി.ഒകളുടെ സ്വത്തുവകകളുടെ മേല്‍നോട്ടമായിരിക്കും അഥോറിറ്റിയുടെ ചുമതല. ഇത്തരമൊരു കണ്ടെത്തല്‍ നടത്തിയാലും വിദേശ ഫണ്ട് കൈപ്പറ്റിയ എന്‍.ജി.ഒ.കള്‍ക്ക് നിയമപരമായി ചോദ്യം ചെയ്യാനും സാധിക്കും. കോടതിയിലെ നിയമ നടപടികള്‍ക്ക് ശേഷം, ഫണ്ട് വാങ്ങിയതിലും വിനിയോഗിച്ചതിലും നിയമ ലംഘനം നടന്നെന്ന് തെളിഞ്ഞാല്‍ ഈ സ്വത്തുവകകള്‍ അഥോറിറ്റി ഏറ്റെടുക്കും. നിയമം ലംഘിച്ചിട്ടില്ലെന്ന് തെളിഞ്ഞാല്‍ മാത്രമേ ലൈസന്‍സ് പുതുക്കി നല്‍കുകയുള്ളൂ.
ഇതില്‍ പറയുന്ന മറ്റൊരു നിബന്ധനയാണ് പലരുടേയും പ്രകോപനത്തിനു കാരണം. ഇത്തരത്തില്‍ വരുന്ന വിദേശ പണം മറ്റു വ്യക്‌തികള്‍ക്കോ, സ്‌ഥാപനങ്ങള്‍ക്കോ കൈമാറാന്‍ പാടില്ല. എന്‍.ജി.ഒ. രജിസ്‌ട്രേഷനില്‍ വ്യക്‌തമാക്കുന്ന കാര്യങ്ങള്‍ക്ക് തന്നെ ഉപയോഗിക്കണം. ഈ വ്യവസ്‌ഥയാണു എതിര്‍പ്പിനുള്ള പ്രധാന കാരണമെന്നാണു വിലയിരുത്തല്‍.
ആശങ്കയുടെ ആവര്‍ത്തനം
ഇതാദ്യമല്ല, കേന്ദ്ര നിയമ നിര്‍മാണങ്ങള്‍ക്കും നിലവിലുണ്ടായിരുന്ന നിയമങ്ങളില്‍ മേലുള്ള ഭേദഗതികളിലും രാഷ്‌ട്രീയ ഭൂകമ്പങ്ങളുണ്ടാകുന്നത്. മുത്തലാഖ് നിയമ വിരുദ്ധമായി പാര്‍ലമെന്റ് പ്രഖ്യാപിച്ചപ്പോഴും രാജ്യവ്യാപകമായി തന്നെ പ്രതിഷേധമുയര്‍ന്നു.
കേരളത്തില്‍ മുസ്‌ലിം ന്യൂനപക്ഷ വോട്ട് ബാങ്ക് കൈപ്പിടിയിലൊതുക്കാന്‍ ഇടതു, വലതു മുന്നണികള്‍ പ്രതിഷേധക്കളം കൊഴുപ്പിച്ചു. മുത്തലാഖ് നിരോധന നിയമം പ്രയോഗിച്ച് മുസ്‌ലിം യുവാക്കളെ മുഴുവന്‍ ജയിലിലടയ്‌ക്കുമെന്നായിരുന്നു പ്രചാരണം. നിയമം പ്രാബല്യത്തിലായി വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും അങ്ങിനെയൊന്നും സംഭവിച്ചതേയില്ല. പഴയ പ്രതിഷേധക്കാരും ഇതെല്ലാം മറന്നു. പൗരത്വ നിയമം മുസ്‌ലിം വിഭാഗത്തില്‍ ഉള്‍പ്പെടുന്നവരെ തെരഞ്ഞുപിടിച്ച് പാകിസ്‌താനിലേക്ക് നാടുകടത്താനാണെന്നും വഖഫ് നിയമ ഭേദഗതി മുസ്‌ലിം വിഭാഗത്തിന്റെ സ്വത്തു പിടിച്ചെടുക്കാനാണെന്നും പ്രചാരണം നടന്നു. ഇതിനു സമാനമാണ് വിദേശ സംഭാവന നിയന്ത്രണ നിയമ ഭേദഗതി ബില്ലുമായി ബന്ധപ്പെട്ട് ഇപ്പോള്‍ നടക്കുന്ന വിവാദമെന്നാണ് കേന്ദ്ര സര്‍ക്കാറുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ പറയുന്നത്.
ജിനേഷ് പൂനത്ത്





