നൂറുശതമാനം ഇടതുപക്ഷ മണ്ഡലമാണ് ഇരിങ്ങാലക്കുട. ഇടതുമുന്നണിയും ഐക്യമുന്നണിയും വേര്‍പിരിഞ്ഞശേഷമുള്ള ആദ്യത്തെ തെരഞ്ഞെടുപ്പ് 1980-ല്‍ ആയിരുന്നു. അന്ന് ഇടതുമുന്നണിക്കൊപ്പമുണ്ടായിരുന്ന കോണ്‍ഗ്രസിലെ ആന്റണി ഗ്രൂപ്പിന്റെ സ്‌ഥാനാര്‍ഥിയായി ജോസ് താന്നിക്കല്‍ ജയിച്ചു. 1982-ല്‍ താന്നിക്കലും കോണ്‍ഗ്രസിലെ എ ഗ്രൂപ്പും ഐക്യമുന്നണിയിലേക്കു പോയി. അവിടെ കേരളാ കോണ്‍ഗ്രസ് മാണിഗ്രൂപ്പില്‍നിന്ന് കൂറുമാറി വന്ന ലോനപ്പന്‍ നമ്പാടന്‍ ഇടതുസ്‌ഥാനാര്‍ഥിയായി. കൂറുമാറുന്നതിന് നമ്പാടന്‍ വച്ച ഒറ്റ ഉപാധി തന്റെ സിറ്റിങ് സീറ്റായിരുന്ന കൊടകരയില്‍നിന്ന് ഇരിങ്ങാലക്കുടയ്‌ക്ക് ഒരു സ്‌ഥലം മാറ്റമായിരുന്നു.
കാരണം കൊടകര ഇടതുപക്ഷസ്വഭാവമുള്ള മണ്ഡലമായിരുന്നുവെങ്കിലും ഇരിങ്ങാലക്കുടയോളം ഉറച്ച ഇടതുമണ്ഡലമായിരുന്നില്ല. നമ്പാടന്‍ ഇരിങ്ങാലക്കുടയില്‍ മത്സരിക്കുകയും ജോസ് താന്നിക്കലിനെ തോല്‍പ്പിക്കുകയും ആ സീറ്റ് സ്വന്തമാക്കുകയും ചെയ്‌തു. അതിനുശേഷം സ്‌ഥിരമായി നമ്പാടന്‍ ജയിച്ചു. 1987-ല്‍ ജയിച്ച അദ്ദേഹം അഞ്ചുകൊല്ലം മന്ത്രിയായി. 1991ലും 96ലും ജയം ആവര്‍ത്തിച്ചു. 2001-ല്‍ അദ്ദേഹം ഇരിങ്ങാലക്കുടയില്‍ മത്സരിച്ചാലും ജയിക്കുമായിരുന്നു. പക്ഷേ, മാര്‍ക്‌സിസ്‌റ്റ് പാര്‍ട്ടി അദ്ദേഹത്തെ കൊടകരയ്‌ക്കു മാറ്റി ഇരിങ്ങാലക്കുടയില്‍ ടി. ശശിധരനെ മത്സരിപ്പിച്ചു.
ഡി.വൈ.എഫ്.ഐയുടെ കത്തിച്ചാല്‍ കത്തുന്ന നേതാവും അത്യുജ്വല പ്രഭാഷകനുമൊക്കെയായിരുന്നു ശശിധരന്‍. പക്ഷേ, എ.കെ. ആന്റണി തരംഗം ആഞ്ഞടിച്ച 2001-ല്‍ ശശിധരന്‍ നേരിയ വ്യത്യാസത്തില്‍ തോമസ് ഉണ്ണിയാടനോട് പരാജയപ്പെട്ടു. ഉണ്ണിയാടന്‍ ഇരിങ്ങാലക്കുടക്കാരനല്ല, കോട്ടയം ജില്ലയിലെ വൈക്കം സ്വദേശിയാണ്. കോണ്‍ഗ്രസ് ഉപേക്ഷിച്ച് മാണി ഗ്രൂപ്പിന്റെ ചുമലില്‍ വച്ച സീറ്റാണ് ഇരിങ്ങാലക്കുട. ഇരിങ്ങാലക്കുടയില്‍ തോല്‍ക്കാന്‍ വേണ്ടി നേര്‍ച്ചക്കോഴിയായി വന്നയാളാണ് ഉണ്ണിയാടന്‍. 1996-ല്‍ മത്സരിച്ചു. ആദ്യം നമ്പാടനോടു തോറ്റു. പക്ഷേ, ഉണ്ണിയാടന് ഇരിങ്ങാലക്കുട നന്നായി ബോധിച്ചു. നല്ലയാളുകള്‍, മര്യാദക്കാര്‍. കോട്ടയം ജില്ലയിലേതുപോലെ ബുദ്ധിമുട്ടുകളും ഇല്ല. അങ്ങനെ ഇരിങ്ങാലക്കുടയില്‍ താമസക്കാരനായി.
2001-ല്‍ തരംഗമുണ്ടെങ്കില്‍ക്കൂടിയും നമ്പാടന്‍ സ്‌ഥാനാര്‍ഥി ആയിരുന്നെങ്കില്‍ ഉണ്ണിയാടന്‍ തോല്‍ക്കുമായിരുന്നു. പക്ഷേ, തരംഗത്തിന്റെ ശക്‌തിയില്‍ ശശിധരന്‍ പരാജയപ്പെട്ടു. സൗമ്യനും സ്‌നേഹസമ്പന്നനുമാണ് ഉണ്ണിയാടന്‍. പൊതുവേ ഇരിങ്ങാലക്കുടക്കാര്‍ ഇതരസ്‌ഥലങ്ങളില്‍നിന്നു വരുന്നവരെ സ്വീകരിക്കാറില്ല. തൃശൂര്‍ ജില്ലയില്‍ പൊതുവേ അങ്ങനെയാണ്. പ്രത്യേകിച്ച് ഇരിങ്ങാലക്കുടയില്‍. മാത്രമല്ല, ഉണ്ണിയാടന്‍ സംസാരിക്കുന്നത് കോട്ടയം സ്ലാങ്ങിലാണ്. ഇരിങ്ങാലക്കുടക്കാര്‍ കരുതുന്നത് ലോകത്തിന്റെ നടുമധ്യം ഇരിങ്ങാലക്കുടയാണെന്നാണ്. പുറമേ നിന്നുവരുന്നവരോട്, പ്രത്യേകിച്ച് തെക്കു നിന്ന് വരുന്നവരോട് അവര്‍ക്ക് തീരെ താല്‍പ്പര്യവുമില്ല.
നമ്പാടന്‍ ഇരിങ്ങാലക്കുടയ്‌ക്കു സമീപമുള്ള പേരാമ്പ്രക്കാരനാണ്. അതുകൊണ്ട് നമ്പാടനെ സ്വീകരിച്ചതുപോലെ, അല്ലെങ്കില്‍ ജോസ് താന്നിക്കലിനെ വരവേറ്റപോലെ ഉണ്ണിയാടനെ അംഗീകരിക്കുകയില്ല. പിന്നെ ഉണ്ണിയാടന്റെ നയം, വിനയം, അഭിനയം എന്നിവ ഇരിക്കാലക്കുടക്കാര്‍ക്ക് സാമാന്യമായി രസിച്ചതിനാല്‍ ഉണ്ണിയാടന്‍ 2001-ല്‍ ജയിച്ചു. 2006-ലെ വി.എസ്. തരംഗത്തിലും ഉണ്ണിയാടന്‍ ജയിച്ചു. അതു ചെറിയകാര്യമല്ല. 2011-ല്‍ മണ്ഡലം പുനര്‍വിഭജിച്ചു. പുനര്‍വിഭജനത്തില്‍ മാള മണ്ഡലം ഇല്ലാതായി. മാളയുടെ ഭാഗവും കമ്യൂണിസ്‌റ്റ് ചെങ്കോട്ടയുമായ ആളൂര്‍ പഞ്ചായത്ത് ഇരിങ്ങാലക്കുടയിലേക്കു വന്നു. അതോടെ മണ്ഡലത്തിന്റെ ഇടതുസ്വഭാവം ഒന്നുകൂടെ കൂടി. പക്ഷേ, 2011-ലും ഉണ്ണിയാടന്‍ ജയിച്ചു. പി.സി. ജോര്‍ജ് രാജിവച്ചപ്പോള്‍ കുറച്ചു നാള്‍ ചീഫ് വിപ്പുമായി.
2016-ല്‍ വേറൊരു വലിയ ഇരുട്ടടിയുണ്ടായി. നായാടി മുതല്‍ നമ്പൂതിരിവരെയുള്ളവരെ കൂട്ടിയോജിപ്പിച്ച് വെള്ളാപ്പള്ളി നടേശന്‍ ബി.ഡി.ജെ.എസ്. രൂപീകരിച്ചു. ശരിക്കുപറഞ്ഞാല്‍, തൃശൂര്‍ ജില്ലയില്‍ കോണ്‍ഗ്രസിന്റെ കടപുഴക്കിയത് ബി.ഡി.ജെ.എസിന്റെ രൂപീകരണമായിരുന്നു. ഈഴവര്‍ക്ക് വലിയ പ്രാമുഖ്യമുള്ള സ്‌ഥലമാണ് തൃശൂര്‍ ജില്ല. അതില്‍ത്തന്നെ ചാലക്കുടി, കൊടുങ്ങല്ലൂര്‍, ഇരിങ്ങാലക്കുട, കയ്‌പമംഗലം, നാട്ടിക, തൃശൂര്‍, മണലൂര്‍, ഗുരുവായൂര്‍ എന്നീ എട്ടുമണ്ഡലങ്ങളും ഈഴവ പ്രാമുഖ്യമുള്ളതാണ്. മറ്റുള്ള സമുദായക്കാര്‍ പൊതുവില്‍ കുറവാണ്. ഈഴവരില്‍ ജീവിക്കാന്‍ പൊതുവേ നിവൃത്തിയില്ലാത്തവര്‍ മാര്‍ക്‌സിസ്‌റ്റുകാരാണ്. കൈയില്‍ കാശുള്ള കുറച്ച് ഈഴവര്‍, കാശുണ്ടെന്ന കാരണത്താല്‍ പണ്ടുമുതലേ കോണ്‍ഗ്രസുകാരാണ്. അവര്‍ സ്വര്‍ണക്കട ഉടമകളോ ഷാപ്പു മുതലാളിയോ ഒക്കെയാണ്. വെള്ളാപ്പള്ളിയുടെ ഭാഷയില്‍ പറഞ്ഞാല്‍ ഈഴവ ബ്രാഹ്‌മണര്‍.
പത്തുകാശുള്ള കോണ്‍ഗ്രസുകാരായ ഈഴവര്‍ ബി.ഡി.ജെ.എസിലേക്കു പോയി. അവരാകട്ടെ സാധാരണ ഈഴവരില്‍നിന്ന് അകലംപാലിക്കുന്നവരാണ്. ഈ വിഭാഗക്കാര്‍ എസ്.എന്‍.ഡി.പി.ശാഖ, യൂണിയന്‍ എന്നിവയിലെ ഭാരവാഹികളും തദ്വാരാ വെള്ളാപ്പള്ളിയുടെ സില്‍ബന്ധികളുമാണ്. അവര്‍ ബി.ഡി.ജെ.എസിലേക്കും ബി.ജെ.പിയിലേക്കും മാറി. ഇതാണ് 2016-ല്‍ സംഭവിച്ചത്. സാമാന്യം ധനസ്‌ഥിതിയിലുള്ള അബ്‌കാരിയും എസ്.എന്‍.ഡി.പി. യൂണിയന്‍ പ്രസിഡന്റുമായ സന്തോഷ് ചെര്‍ക്കളമായിരുന്നു ബി.ജെ.പി. സ്‌ഥാനാര്‍ഥിയായി മത്സരിച്ചത്.
സംസ്‌ഥാനത്ത് പൊതുവേ ഇടതുതരംഗവുമായിരുന്നു 2016-ല്‍. മേല്‍പ്പറഞ്ഞ എട്ടു മണ്ഡലങ്ങളിലും ബി.ജെ.പി, ബി.ഡി.ജെ.എസ്. സ്‌ഥാനാര്‍ഥികള്‍ കാര്യമായി വോട്ടുപിടിച്ചു;25000 മുതല്‍ 40000 വരെ. അത് ഇരിങ്ങാലക്കുടയിലും പ്രതിഫലിച്ചു. അവിടെ ബി.ജെ.പി. സ്‌ഥാനാര്‍ഥിയുടെ വോട്ട് 25000 കടന്നപ്പോള്‍ മാര്‍ക്‌സിസ്‌റ്റ് സ്‌ഥാനാര്‍ഥിയും ശ്രീനാരായണീയനുമായ കെ.യു. അരുണന്‍ ജയിച്ചു. അരുണനെ തോല്‍ക്കാന്‍ വേണ്ടി നിര്‍ത്തിയതായിരുന്നു. ജയിക്കാനായിരുന്നെങ്കില്‍ മാര്‍ക്‌സിസ്‌റ്റ് പാര്‍ട്ടിയിലെ ഏതെങ്കിലും നേതാവ് മത്സരിച്ചേനെ. അതിനുപകരമാണ് അറിയപ്പെടാത്ത അരുണനെ നിര്‍ത്തിയത്. പക്ഷേ, അരുണന്‍ ജയിച്ചു.
നേരത്തേ നമ്പാടനെതിരേ യു.ഡി.എഫ്. ഉണ്ണിയാടനെ മത്സരിപ്പിച്ച അതേ ചേതോവികാരത്തിലാണ് ഇടതുപക്ഷം അരുണനെ നിര്‍ത്തിയത്. ജയിക്കുമെന്ന് അരുണന്‍ പോലും കരുതിയിരുന്നതല്ല. ബി.ജെ.പി. പിടിച്ച 30420 (20.5%) വോട്ടില്‍ ഉണ്ണിയാടന്‍ തോറ്റു. തോറ്റെങ്കിലും പക്ഷേ, ഉണ്ണിയാടന്‍ വിട്ടില്ല. അടുത്ത തെരഞ്ഞെടുപ്പില്‍ മേക്കപ്പ് ചെയ്യാമെന്നു കരുതി. 2021-ല്‍ പക്ഷേ, സ്‌ഥിതി മാറിയില്ലെന്നു മാത്രമല്ല ബി.ജെ.പി. സ്‌ഥാനാര്‍ഥിയായി മുന്‍ ഐ.പി.എസുകാരനായ ജേക്കബ് തോമസ് വരികയും ചെയ്‌തു. അദ്ദേഹവും ഇരിങ്ങാലക്കുടക്കാരനല്ല. പാലാ മീനച്ചില്‍ താലൂക്കുകാരനായ അതിപുരാതന സുറിയാനി കത്തോലിക്കനാണ്. ബി.ജെ.പിയുടെ വോട്ട് കൂടി 34329 ആയി.
ഒറ്റത്തവണയേ ജയിച്ചുള്ളൂവെങ്കിലും അരുണനെ പാര്‍ട്ടി മാറ്റി. സുരക്ഷിത സീറ്റ് എന്ന നിലയ്‌ക്ക് പാര്‍ട്ടി സെക്രട്ടറിയുടെ ചുമതല വഹിച്ചിരുന്ന പോളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവന്‍, അദ്ദേഹത്തിന്റെ സഹധര്‍മിണി ആര്‍. ബിന്ദുവിനെ മത്സരിപ്പിച്ചു. അവര്‍ ജയിക്കുകയും മന്ത്രിയാകുകയും ചെയ്‌തു. ഇക്കുറി പഴയപോരാളികള്‍ വീണ്ടും ഏറ്റുമുട്ടുന്നു. കേരളാ കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പില്‍നിന്ന് ഉണ്ണിയാടനും സി.പി.എമ്മില്‍നിന്ന് ആര്‍. ബിന്ദുവും. ബി.ജെ.പി. വീണ്ടും സന്തോഷ് ചെര്‍ക്കളത്തെയും മത്സരിപ്പിക്കുന്നു. ശ്രീനാരായണീയന്‍, എസ്.എന്‍.ഡി.പിയുടെ ഭാരവാഹി, പണക്കാരന്‍. ഈ മൂന്നു ഗുണങ്ങളും തികഞ്ഞയാള്‍ താമര അടയാളത്തില്‍ മത്സരിക്കുന്നു. മുദ്രാവാക്യം 'നായാടിമുതല്‍ നസ്രാണിവരെ' എന്ന് വെള്ളാപ്പള്ളി അല്‍പം വിപുലീകരിച്ചിട്ടുണ്ട്.
ഫലം ഏറെക്കുറെ പ്രവചനീയമാണ്. ഉണ്ണിയാടന് പഴയ ഗ്‌ളാമര്‍ ഇല്ല. എത്രാമത്തെ മത്സരമാണെന്ന് ഉണ്ണിയാടനുപോലും തിട്ടമില്ല. ഏഴാമതോ എട്ടാമതോ ആകാം. എന്നാലും മത്സരിച്ച് മത്സരിച്ച് ഉണ്ണിയാടന് അവിടുള്ള മൈല്‍ക്കുറ്റികള്‍ വരെ പരിചിതരായി. ഉണ്ണിയാടന് പ്രധാന പാരയും കോണ്‍ഗ്രസുകാരാണ്. പക്ഷേ, ഉണ്ണിയാടന്‍ മാറുകയുമില്ല, കോണ്‍ഗ്രസിന് സീറ്റ് കൊടുക്കുകയുമില്ല. കേരളാ കോണ്‍ഗ്രസ് ജോസഫിന് അവിടെ പറയത്തക്ക അടിത്തറയില്ല. പള്ളിക്കാരുടെയും പട്ടക്കാരുടെയും വോട്ടുവേണം ജയിക്കാന്‍. പിന്നെ കാശ് നല്ലതുപോലെ ഇറക്കണം. തൃശൂര്‍ ജില്ലയിലെ കോണ്‍ഗ്രസുകാര്‍ കാശുകിട്ടാതെ ഇരുന്നേടത്തു നിന്ന് എഴുന്നേല്‍ക്കില്ല. പോസ്‌റ്റര്‍ ഒട്ടിക്കാനും ബാനര്‍ കെട്ടാനും ഫ്‌ളക്‌സ് കെട്ടാനും ഓരോന്നിനും രൂപ അണപ്പൈസ കൃത്യമായിട്ടു നല്‍കണം. എത്ര കിട്ടിയാലും മതിയെന്നു പറയുകയുമില്ല. മൊത്തം വാണിജ്യാധിഷ്‌ഠിതമാണ്. ഈ ഭാരമൊക്കെ ഉണ്ണിയാടന്‍ വഹിക്കണം. ബി.ഡി.ജെ.എസ്. സ്‌ഥാനാര്‍ഥിയും സമ്പന്നന്‍. ഒരു ഭാഗത്ത് പണം. മറുഭാഗത്ത് രാഷ്‌ട്രീയം. നായാടിമുതല്‍ നസ്രാണിവരെയുള്ളവരുടെ ഐക്യം. അങ്ങനെ സന്ദിഗ്‌ധാവസ്‌ഥയിലൂടെയാണ് ഇരിങ്ങാലക്കുട കടന്നുപോകുന്നത്.
ഒ.വി.വിജയന്‍ മരിച്ചുപോയി എന്നുള്ളതു മാത്രമാണ് പരീധനത. വിജയന്‍ പണ്ട് ഇരിങ്ങാലക്കുടയെക്കുറിച്ച് കഥ എഴുതിയിട്ടുണ്ട്. ആ കഥയുടെ രണ്ടാം ഭാഗം എഴുതാനായിട്ട് ഒ.വി. വിജയന്‍ വേണ്ടിയിരുന്നുവെന്ന് നമുക്ക് ഇപ്പോള്‍ തോന്നിപ്പോകും. കാരണം ഇരിങ്ങാലക്കുടയിലെ തെരഞ്ഞെടുപ്പു പ്രചരണവും മത്സരവും അതിന്റെ ആത്യന്തിക ഫലവും കഥയ്‌ക്കു പറ്റുന്നതാകും.
ബിന്ദു എം.എല്‍.എ. എന്ന നിലയ്‌ക്ക് പരാജയമാണ്. മന്ത്രി എന്ന നിലയ്‌ക്ക് പരമ പരാജയവും. തൃശൂര്‍ മേയര്‍ ആയിരുന്നപ്പോഴും അവര്‍ വന്‍ പരാജയമായിരുന്നു. ബിന്ദുവിന് ജയിക്കാന്‍ ലഗ്‌നാലോ ചന്ദ്രാലോ യാതൊരു സാധ്യതയോ അര്‍ഹതയോ യോഗ്യതയോ ഇല്ല. ബി.ജെ.പി., ബി.ഡി.ജെ.എസ് വിഭാഗം പണ്ടെത്തേക്കാളുമോ അതിനേക്കാളുമോ ശക്‌തമാണ്. അതുകൊണ്ട് എല്‍.ഡി.എഫ്. വിരുദ്ധ തരംഗത്തിന്റെ ആനുകൂല്യം ഉണ്ണിയാടനു കിട്ടുന്നതിനേക്കാള്‍ സന്തോഷ് ചെര്‍ക്കളം എന്ന ബി.ജെ.പി. സ്‌ഥാനാര്‍ഥിക്കു കിട്ടാനാണ് സാധ്യത. സ്വന്തം കഴിവുകൊണ്ടോ മേന്മകൊണ്ടോ യോഗ്യതകൊണ്ടോ അല്ലെങ്കിലും എതിരാളികളുടെ സവിശേഷസാന്നിധ്യം കൊണ്ട് ബിന്ദു നിയമസഭയില്‍ എത്തുമെന്നാണ് അനുമാനം.






