ൈക്രസ്‌തവര്‍ ഇന്ന് തങ്ങളുടെ രക്ഷകനായ യേശുക്രിസ്‌തുവിന്റെ ഉയിര്‍പ്പ് തിരുനാള്‍ ആഘോഷിക്കുകയാണ്. കേവലമൊരു മതാചാരത്തിനപ്പുറം, മനുഷ്യരാശിയെ നീതിയുടെയും സമാധാനത്തിന്റെയും യാഥാര്‍ത്ഥ്യത്തിലേക്ക് നയിക്കാനുള്ള വലിയൊരു സന്ദേശമാണ് ഉത്ഥാനത്തിലുള്ളത്. മരണത്തെ ജയിച്ചുവന്ന ക്രിസ്‌തു തന്റെ ശിഷ്യന്മാര്‍ക്ക് നല്‍കിയ ആദ്യത്തെ വാക്ക് തന്നെ, 'നിങ്ങള്‍ക്ക് സമാധാനം ഉണ്ടായിരിക്കട്ടെ' എന്നാണ്. മതവിശ്വാസിയായാലും നിരീശ്വരവാദിയായാലും ഏതൊരു മനുഷ്യനും അടിസ്‌ഥാനപരമായി ആഗ്രഹിക്കുന്നത് ഈ സമാധാനമാണ്.
എന്നാല്‍, ഇന്നത്തെ ലോകത്തിന്റെ അവസ്‌ഥ എന്താണ്? യുദ്ധം ചെയ്യുന്നവരും അതിനെ എതിര്‍ക്കുന്നവരും ഒരേപോലെ അവകാശപ്പെടുന്നത് തങ്ങള്‍ സമാധാനത്തിന് വേണ്ടിയാണ് നിലകൊള്ളുന്നത് എന്നാണ്. ഇവിടെ നാം നമ്മോടു തന്നെ ചോദിക്കേണ്ട ഒരു വലിയ ചോദ്യമുണ്ട്: അപരനെ കൊന്നൊടുക്കിയും, ഇല്ലാതാക്കിയും ഭരണാധികാരികളും ചില മതനേതാക്കളും ഇവിടെ സ്‌ഥാപിക്കാന്‍ ശ്രമിക്കുന്ന സമാധാനം യഥാര്‍ത്ഥത്തില്‍ അസമാധാനത്തിന്റെ വിത്തുകളേല്ല പാകുന്നത്?
ഗാസയിലും യുൈക്രനിലും, ഇറാനിലും ഇറാഖിലും, മ്യാന്‍മാറിലും സുഡാനിലും നൈജീരിയയിലുമൊക്കെ പിഞ്ചുകുഞ്ഞുങ്ങളുടെ ചോര വീഴുന്ന മണ്ണില്‍നിന്ന് ഭരണകൂടങ്ങള്‍ സമാധാനം വിതയ്‌ക്കുകയാണെന്ന് അലമുറയിടുന്നുണ്ട്. ഈ കാപട്യത്തെക്കുറിച്ച് വത്തിക്കാന്‍ സ്‌റ്റേറ്റ് സെക്രട്ടറി കര്‍ദിനാള്‍ പിയട്രോ പരോളിന്‍ ചൂണ്ടിക്കാണിച്ചത് ഇങ്ങനെയാണ്: 'യുദ്ധങ്ങള്‍ എപ്പോഴും പരാജയമാണ്, മനുഷ്യത്വത്തിന്റെ ഏറ്റവും വലിയ പരാജയം. സംവാദത്തിന്റെ വാതിലുകള്‍ അടയുകയും ആയുധങ്ങള്‍ സംസാരിക്കാന്‍ തുടങ്ങുകയും ചെയ്യുമ്പോള്‍ അവിടെ നീതി എന്നെന്നേക്കുമായി മരിക്കുന്നു.' ആയുധങ്ങള്‍ കൊണ്ട് എന്നെങ്കിലും ലോകത്ത് സമാധാനം പുലര്‍ന്നിട്ടുണ്ടോ എന്ന ചരിത്രത്തിന്റെ ചോദ്യമാണ് അദ്ദേഹം ഉയര്‍ത്തുന്നത്.
യുദ്ധക്കൊതിയന്മാരായ ഭരണാധികാരികള്‍ക്ക് കുടപിടിക്കുന്ന മതനേതാക്കള്‍ ഇന്നത്തെ സമൂഹത്തിന്റെ വലിയൊരു ദുരന്തമാണ്. റഷ്യയുടെ യുൈക്രന്‍ അധിനിവേശത്തിന്റെ പശ്‌ചാത്തലത്തില്‍, റഷ്യന്‍ ഓര്‍ത്തഡോക്‌സ് സഭയുടെ പാത്രിയര്‍ക്കീസ് കിറില്‍ ഭരണകൂടത്തെ അനുകൂലിച്ച് സംസാരിച്ച സംഭവം ഇതിനൊരു ഉദാഹരണമാണ്.
'യേശു ഉയിര്‍ത്തെഴുന്നേറ്റു, റഷ്യ വിജയിക്കുന്നു, ദൈവം നമ്മോടൊപ്പമുണ്ട്' എന്ന അദ്ദേഹത്തിന്റെ പ്രസ്‌താവനയോട് ഫ്രാന്‍സിസ് പാപ്പ പ്രതികരിച്ചത് വളരെ നിശിതമായാണ്. 'മതനേതാക്കള്‍ ഒരിക്കലും ഭരണാധികാരികളുടെ അള്‍ത്താര ബാലന്മാരാകരുത്' എന്ന് പാപ്പ അന്ന് ഓര്‍മ്മിപ്പിച്ചു. യഥാര്‍ത്ഥ മതബോധം ഒരിക്കലും അക്രമത്തെ ന്യായീകരിക്കില്ല. ഫ്രാന്‍സിസ് പാപ്പ എപ്പോഴും ആവര്‍ത്തിക്കുന്നതുപോലെ, 'ദൈവത്തിന്റെ നാമത്തില്‍ യുദ്ധം ചെയ്യുന്നത് ഏറ്റവും വലിയ മതനിന്ദയാണ്.'
ജറുസലേമിലെ ലാറ്റിന്‍ പാത്രിയര്‍ക്കീസ് കര്‍ദിനാള്‍ പിയര്‍ബത്തിസ്‌ത പിസബല്ലയുടെ വാക്കുകള്‍ യുദ്ധഭൂമികളിലെ മനുഷ്യരുടെ അവസ്‌ഥയെ കൃത്യമായി വരച്ചുകാട്ടുന്നുണ്ട്:
'നീതിയില്ലാത്ത സമാധാനം വെറുമൊരു മിഥ്യയാണ്. ആയുധങ്ങള്‍ നിശബ്‌ദമാകുന്നതല്ല, മറിച്ച് മനുഷ്യന്റെ അന്തസ്സ് സംരക്ഷിക്കപ്പെടുമ്പോഴാണ് യഥാര്‍ത്ഥ സമാധാനം ഉണ്ടാകുന്നത്.' സമാധാനം എന്നത് നിശബ്‌ദതയല്ല, അത് നീതിയുടെ പ്രായോഗിക രൂപമാണ്. നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് പോപ്പ് ലിയോ പതിമൂന്നാമന്‍ സമാധാനത്തെക്കുറിച്ച് നല്‍കിയ പ്രബോധനവും ഇതിനോട് ചേര്‍ത്ത് വായിക്കേണ്ടതാണ്: 'അടിച്ചമര്‍ത്തലിലൂടെ നേടുന്ന ശാന്തത സമാധാനമല്ല, അത് അടിമത്തമാണ്. മനുഷ്യന്റെ മനസില്‍ നീതിബോധം വാഴാതെ സമൂഹത്തില്‍ സമാധാനം സാധ്യമല്ല.'
യുദ്ധങ്ങളുടെയും ഭിന്നിപ്പുകളുടെയും ഈ കാലഘട്ടത്തില്‍, നിലവിലെ മാര്‍പാപ്പയായ ലിയോ പതിനാലാമന്‍ നല്‍കുന്ന സന്ദേശവും ഏറെ ശ്രദ്ധേയമാണ്. 'സംവാദങ്ങളിലൂടെയും ഹൃദയങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന പാലങ്ങള്‍ പണിയുന്നതിലൂടെയും ആയുധമുപേക്ഷിച്ചുള്ള ഒരു യഥാര്‍ത്ഥ സമാധാനം നാം കെട്ടിപ്പടുക്കണം' എന്ന് അദ്ദേഹം ലോകത്തോട് ആഹ്വാനം ചെയ്യുന്നു. ആയുധങ്ങളുടെ ബലത്തിലല്ല, മറിച്ച് മനുഷ്യര്‍ തമ്മിലുള്ള സംവാദങ്ങളിലാണ് സമാധാനത്തിന്റെ വേരുകള്‍ കിടക്കുന്നത് എന്നതാണ് ആ വാക്കുകളുടെ പൊരുള്‍.
രാഷ്‌ട്രീയക്കാരുടെ അധികാരക്കൊതിക്കും യുദ്ധവെറിക്കും മുന്നില്‍ തങ്ങളുടെ മനഃസാക്ഷിയെ പണയം വയ്‌ക്കാതിരിക്കുക എന്നതാണ് ഓരോ മതനേതാവിനുമുള്ള വിളി. അത് ക്രിസ്‌ത്യാനിയായാലും, മുസ്ലീമായാലും, ഹിന്ദുവായാലും ഈ സത്യം തിരിച്ചറിയണം.
രാഷ്‌ട്രീയക്കാരുടെ മനഃസാക്ഷിയെ സമാധാനത്തിന്റെ മനഃസാക്ഷിയാക്കി മാറ്റാന്‍ മതനേതൃത്വങ്ങള്‍ക്കും, മതേതര ചിന്തകര്‍ക്കും ഒരുപോലെ കഴിയണം. ഈ വിളി മനസിലാക്കാതെ പോകുന്ന നേതാക്കള്‍ തങ്ങളുടെ മതങ്ങള്‍ പഠിപ്പിക്കുന്ന സമാധാനവും സ്‌നേഹവും അഹിംസയും വെറും പുസ്‌തകത്താളുകളില്‍ ഒതുക്കിവയ്‌ക്കുകയാണ് ചെയ്യുന്നത്.
മതം പഠിപ്പിക്കുന്ന സ്‌നേഹം വിശുദ്ധ ഗ്രന്‌ഥങ്ങളിലെ അക്ഷരങ്ങളില്‍ മാത്രം ഒതുങ്ങി നില്‍ക്കാനുള്ളതല്ല;അത് തെരുവുകളിലും മനുഷ്യഹൃദയങ്ങളിലും പ്രാവര്‍ത്തികമാക്കാനുള്ളതാണ്. അപരനെ സ്‌നേഹിക്കാനും മനുഷ്യനെ മനുഷ്യനായി കാണാനും കഴിയുമ്പോഴാണ് ഇത്തരം ആഘോഷങ്ങള്‍ അര്‍ത്ഥപൂര്‍ണമാകുന്നത്. ക്രിസ്‌തുവിന്റെ ഉത്ഥാനം അവശേഷിപ്പിക്കുന്ന ഏറ്റവും വലിയ സന്ദേശവും ഈ സമാധാനത്തിനായുള്ള വിളിയാണ്.
ഫാ. മിഥുന്‍ ജെ. ഫ്രാന്‍സിസ്
കൊച്ചുകല്ലന്‍വിള, എസ്.ജെ.



