ഭൂമിയില്‍നിന്നു ചന്ദ്രനിലേക്കുള്ള ഏകദേശ ദൂരം 3,84,000 കിലോമീറ്ററാണ്. പക്ഷേ, അതിലുമേറെ സഞ്ചരിക്കാനാണ് അര്‍ട്ടെമിസ് 2ലൂടെ നാസ ലക്ഷ്യമിടുന്നത്. നാലു യാത്രികരുമായി അര്‍ട്ടെമിസ് 2 ബഹിരാകാശത്തുകൂടി സഞ്ചരിക്കുകയാണിപ്പോള്‍. 10 ദിവസത്തിലെ യാത്രയില്‍ അവര്‍ ഏകദേശം 11 ലക്ഷം കിലോമീറ്റര്‍ പിന്നിടും. ബഹിരാകാശ യാത്രയ്‌ക്കുള്ള ശ്രമങ്ങള്‍ക്കൊപ്പമാണു ഭൂമിയുടെ ആഴങ്ങളിലേക്കുള്ള ദൗത്യങ്ങള്‍ക്കുള്ള ശ്രമവും തുടങ്ങിയത്. പക്ഷേ, ഇതുവരെ മനുഷ്യര്‍ക്ക് നേരിട്ട് എത്താനായത് കഷ്‌ടിച്ച് 11 കിലോമീറ്റര്‍. പ്രത്യേക അന്തര്‍വാഹിനിയുടെ സഹായത്തോടെ പസഫിക് സമുദ്രത്തിലെ മരിയാന ട്രഞ്ച് വരെ എത്താന്‍ മനുഷ്യര്‍ക്കായി. അതിനായി പിന്നിട്ടത് 10,935 മീറ്റര്‍. നാസയുടെ വൊയേജര്‍ പേടകങ്ങള്‍ സൗരയൂഥം പിന്നിടുമ്പോഴും മനുഷ്യര്‍ കുഴിച്ചുകുഴിച്ചെത്തിയത് കഷ്‌ടിച്ച് 12 കിലോമീറ്റര്‍. അവിടംവരെ എത്തിയത് യന്ത്രങ്ങള്‍ മാത്രം. അത്രയും ദൂരം പിന്നിട്ടപ്പോള്‍ റഷ്യക്കാര്‍ തോല്‍വി സമ്മതിച്ചു പിന്മാറി. ആ രീതിയില്‍ ചൈനയും ശ്രമിക്കുന്നുണ്ട്. അവരും പരമാവധി 10 കിലോമീറ്റര്‍ വരെയെ എത്തൂ.
*****************************
ബഹിരാകാശമത്സരം തുടങ്ങിയ അതേ കാലഘട്ടത്തില്‍, മറ്റൊരു വ്യത്യസ്‌ത ശാസ്‌ത്രീയ പോരാട്ടവും നടക്കുകയായിരുന്നു. മുകളിലേക്ക് ഉയരുന്നതിന് പകരം, ഭൂമിയുടെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാനുള്ള മത്സരം!. ആ പോരാട്ടത്തില്‍ സോവിയറ്റ് യൂണിയന്‍ മുന്നിലെത്തി. കൊള സൂപ്പര്‍ഡീപ് ബോര്‍ഹോളായിരുന്നു അവര്‍ തീര്‍ത്തത്. അത് ഭൂമിയുടെ പുറംപാളിയില്‍ തീര്‍ത്ത ഏറ്റവും വലിയ 'കുഴി'യായി മാറി. ശാസ്‌ത്രീയ മികവിനായുള്ള പോരാട്ടം മനുഷ്യരാശിയുടെ വികാസത്തില്‍ ഒരു പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. ചരിത്രത്തിലുടനീളം, അത്തരം പോരാട്ടങ്ങള്‍ ശാസ്‌ത്രമുന്നേറ്റങ്ങളിലേക്ക് നയിച്ചിട്ടുണ്ട്. കൊള ബോര്‍ഹോള്‍ എന്നത് പല ബോര്‍ഹോളുകളുടെ ഒരു കൂട്ടമാണ്,. ഒന്നല്ല. അവിടെ നിരവധി തുരങ്കങ്ങള്‍ തുരന്നിട്ടുണ്ട്, ഏറ്റവും ആഴമുള്ളത് 1989ലാണു തീര്‍ത്തത്. അതിന് എസ്.ജ.ി3 എന്നാണു പേര്. അത് ലോകത്തിലെ ഏറ്റവും ആഴമുള്ളതാണ്. കൊള സൂപ്പര്‍ഡീപ് ബോര്‍ഹോള്‍ ഏകദേശം 12 കിലോമീറ്റര്‍ ആഴത്തില്‍ എത്തി. അത് ഏകദേശം 250 കോടി വര്‍ഷം പഴക്കമുള്ള പാറകളില്‍വരെ 'സ്‌പര്‍ശിച്ചു'. 250 കോടി വര്‍ഷം മുമ്പ് ഭൂമി ഇന്നത്തേതില്‍നിന്ന് വ്യത്യസ്‌തമായിരുന്നു. ആദ്യകാല ഉപരിതലം കൂടുതലും വെള്ളത്താല്‍ മൂടപ്പെട്ടതായിരുന്നു. ആര്‍ക്കിയന്‍ കാലഘട്ടത്തില്‍ നിലനിന്നിരുന്ന ആദ്യകാല ജീവജാലങ്ങള്‍ സൂക്ഷ്‌മാണുക്കളുടെ കൂട്ടങ്ങളായിരുന്നു, അവ ആഴം കുറഞ്ഞ ജലാശയങ്ങളില്‍ വളര്‍ന്നു.
കൊള പദ്ധതിയിലെ ഏറ്റവും അതിശയകരമായ കണ്ടെത്തലുകളിലൊന്ന് ആദ്യകാല ജീവികളുടെ അവശേഷിപ്പുകളാണ്. ഏകദേശം 6 കിലോമീറ്റര്‍ ആഴത്തില്‍നിന്നു ലഭിച്ച സാമ്പിളുകളില്‍നിന്നു മൈക്രോസ്‌കോപ്പിക് ഫോസിലുകള്‍ വീണ്ടെടുക്കപ്പെട്ടു. ഭൂമിയുടെ ആഴത്തില്‍നിന്നു ഹൈഡ്രജന്റെ സാന്നിധ്യം സംബന്ധിച്ച തെളിവുകളും ലഭിച്ചു. ബോര്‍ഹോളില്‍നിന്ന് പുറത്തെത്തിയ ചെളി ഹൈഡ്രജന്‍ നിറഞ്ഞു 'തിളച്ചുമറിയുക'യായിരുന്നു
22 വര്‍ഷം നീണ്ട
കുഴിയെടുക്കല്‍
1970 മേയ് 24ന് യുറാല്‍മാഷ്4ഇ ഡ്രില്ലിങ് റിഗ് ഉപയോഗിച്ച് കൊളയില്‍ തുരക്കല്‍ തുടങ്ങി. 1979ല്‍, കൊള തുരങ്കം ചരിത്രത്തിലെ ഏറ്റവും ആഴമേറിയ മനുഷ്യനിര്‍മിതിയായി. ഇത് അമേരിക്കയിലെ ഓക്‌ലഹോമയിലെ വാഷിറ്റ കൗണ്ടിയിലുള്ള ബേര്‍ത്ത് റോജേഴ്‌സിന്റെ റെക്കോഡ് തകര്‍ത്തു. 9,583 മീറ്ററായിരുന്നു റോജേഴ്‌സിന്റെ ആഴം. 1989ല്‍ കൊള 12,262 മീറ്റര്‍ ആഴത്തിലെത്തി, ഇത് ഭൂമിയിലെ ഏറ്റവും ആഴമേറിയ മനുഷ്യനിര്‍മിത തുരങ്കമായി. ആ റെക്കോഡ് ഇതുവരെ തകര്‍ന്നിട്ടില്ല. അതിന്റെ ആഴം മരിയാന ട്രഞ്ചിനേക്കാളും എവറസ്‌റ്റ് കൊടുമുടിയുടെ ഉയരത്തെക്കാളും കൂടുതലാണ്.
2008ല്‍ ഖത്തറിലെ അല്‍ ഷഹീന്‍ എണ്ണക്കിണര്‍ 12,289 മീറ്റര്‍ എന്ന റെക്കോഡ് സൃഷ്‌ടിച്ചു. കൊള ബോര്‍ഹോള്‍ പദ്ധതി 1992ല്‍ ഉപേക്ഷിക്കപ്പെട്ടു. ശാസ്‌ത്രജ്‌ഞരുടെ കണക്കുകള്‍ തെറ്റിയതായിരുന്നു കാരണം. തുരക്കല്‍ സമയത്ത് 212 ഡിഗ്രി 100 ഡിഗ്രി സെല്‍ഷ്യസ് താപനിലയാണ് അവര്‍ പ്രതീക്ഷിച്ചത്. പക്ഷേ, യഥാര്‍ഥ താപനില 180 ഡിഗ്രി സെല്‍ഷ്യസായിരുന്നു. ആ ആഴങ്ങളില്‍, പാറയുടെ സാന്ദ്രത കൂടും. താപനിലയും സമ്മര്‍ദവുമെല്ലാം ചേരുമ്പോള്‍ കുഴിയെടുക്കുന്നത് ചൂടുള്ള സൂപ്പ് പാത്രത്തിന്റെ നടുവില്‍ കുഴി നിലനിര്‍ത്തുന്നതുപോലെയാണെന്നു ഗവേഷകര്‍ പറയും.
വജ്രം തീര്‍ത്ത ആഴം
ഭൂമിയുടെ പുറംതോട് തുരക്കാനുള്ള ശ്രമങ്ങള്‍ മുമ്പും ഉണ്ടായിട്ടുണ്ട്. 1958ല്‍ അമേരിക്കന്‍ ശാസ്‌ത്രജ്‌ഞര്‍ മെക്‌സിക്കോയിലെ ഗ്വാഡലൂപ്പ് തീരത്തുള്ള പസഫിക് സമുദ്രത്തിനടിയിലൂടെ തുരന്ന് 'പ്രോജക്‌റ്റ് മോഹോള്‍' ഉപയോഗിച്ച് മാന്റിലില്‍ എത്താന്‍ ശ്രമിച്ചു. സാങ്കേതിക- സാമ്പത്തിക പ്രശ്‌നങ്ങള്‍ മൂലം 1966ല്‍ പദ്ധതി നിലച്ചു. 1970ല്‍, സോവിയറ്റ് ഭൂമിശാസ്‌ത്രജ്‌ഞര്‍ ആ വെല്ലുവിളി ഏറ്റെടുത്തു. അതാണു കൊളയില്‍ കലാശിച്ചത്. അവര്‍ക്ക് കാഠിന്യമേറിയ ഡ്രില്‍ ബിറ്റുകള്‍ വേണ്ടിവന്നു. ടങ്‌സ്‌റ്റണ്‍ കാര്‍ബൈഡ് അല്ലെങ്കില്‍ വജ്രം പോലുള്ള കഠിനമായ വസ്‌തുക്കളാലാണു ഡ്രില്‍ ബിറ്റുകള്‍ നിര്‍മിച്ചത്. ആഴത്തിലെത്തിയപ്പോള്‍ ടോര്‍ക്ക്, ഡ്രില്‍ സ്‌ട്രിങ് ഭാരം, താപനില എന്നിവയുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങള്‍ ഉണ്ടായി. കൃത്യമായ പരിഹാരങ്ങളിലൂടെയായിരുന്നു മുന്നേറ്റം. 2008ല്‍ കൊള അടച്ചു. അതിന്ന് സോവിയറ്റ് യൂണിയന്റെ വലിയ ശാസ്‌ത്രീയ സംഭാവനകളില്‍ ഒന്നാണ്.
പുറംതോടിനേറ്റ പോറല്‍
ഭൂമിയുടെ 6,378 കിലോമീറ്റര്‍ ആരവുമായി താരതമ്യപ്പെടുത്തുമ്പോള്‍ പുറംതോടിനേറ്റ നേരിയ പോറല്‍ പോലെയാണു കൊള. ഭൂമിയുടെ കേന്ദ്രത്തിലെത്താന്‍ ഇനിയുമേറെ സഞ്ചരിക്കണം. ശരിക്കും ഭൂമിയുടെ മധ്യഭാഗത്തേക്ക് എത്താന്‍ 6,378 കിലോമീറ്റര്‍ തുരക്കണം. ഭൂമി തുരന്ന് മറുവശത്തെത്താന്‍ പിന്നെയും 6,378 കിലോമീറ്റര്‍ കൂടി തുരക്കണം.
പുറംതോട് ഭൂമിയുടെ ഏറ്റവും മുകളിലെ പാളിയാണ്. അത് അത്ര ആഴമുള്ളതല്ല. 40 നും 70 കിലോമീറ്ററിനും ഇടയിലാണ് അതിന്റെ ആഴം. പ്രധാനമായും ഗ്രാനൈറ്റ് പോലുള്ള ഇളം പാറകള്‍ കൊണ്ടാണ് അത് നിര്‍മിച്ചിരിക്കുന്നത്. ചില മേഖലകളില്‍, പ്രത്യേകിച്ച് സമുദ്രങ്ങള്‍ക്ക് താഴെ പുറംതോടിന് ഏകദേശം 5 കിലോമീറ്റര്‍ കനമേയുള്ളൂ. പക്ഷേ അത് സാള്‍ട്ട് പാറയാണ്.
തുരങ്കത്തിനായി ശരിയായ സ്‌ഥലം തെരആെഞ്ഞടുക്കുന്നത് നിര്‍മാണഘട്ടത്തില്‍ പ്രധാനമാണ്. ഭൂമധ്യരേഖയ്‌ക്ക് സമീപം തുരങ്കം ആരംഭിച്ചാല്‍ അതിലൂടെ താഴേക്കുള്ള യാത്ര എളുപ്പമല്ല. കാരണം, ഭൂമിയുടെ ഭ്രമണമാണ്. ശാസ്‌ത്രജ്‌ഞര്‍ അതിനെ കൊറിയോലിസ് പ്രഭാവം എന്നു വിളിക്കുന്നു. ഭൂമധ്യരേഖയില്‍, ഉപരിതലവും അതിലുള്ള വസ്‌തുക്കളും ഏകദേശം 1,600 കിലോമീറ്റര്‍ വേഗതയില്‍ കിഴക്കോട്ട് കറങ്ങുന്നു. ഭൂമധ്യരേഖയില്‍ ഏറെ ആഴത്തില്‍ കുഴിക്കാനാകില്ല. കൊറിയോലിസ് പ്രഭാവം കാരണം ഡ്രില്ലിങ് ബിറ്റുകള്‍ ടണലിന്റെ കിഴക്കന്‍ ഭിത്തിയില്‍ ഇടിക്കും. ഭിത്തിയില്‍ ഇടിക്കുന്നത് ഒഴിവാക്കാനുള്ള ശ്രമങ്ങള്‍ ടണലിനെ കൂടുതല്‍ സങ്കീര്‍ണമാക്കും.
ആ സാഹചര്യത്തില്‍ ധ്രുവങ്ങളാകും മെച്ചം. ദക്ഷിണധ്രുവം അന്റാര്‍ട്ടിക്കന്‍ ഭൂഖണ്ഡത്തിലാണ്. അവിടെ പുറംതോട് വളരെ കട്ടിയുള്ളതാണ്, 30 നും 40 കിലോമീറ്ററിനും ഇടയില്‍. ഉത്തര ധ്രുവം ആര്‍ട്ടിക് സമുദ്രത്തിന്റെ മധ്യഭാഗത്താണ്. ഈ സമുദ്ര പുറംതോട് വളരെ സാന്ദ്രതയുള്ളതാണ്. പക്ഷേ അത് നേര്‍ത്തതാണ്. ഇവിടെ, ടെക്‌റ്റോണിക് പ്ലേറ്റുകള്‍ വളരെ സാവധാനത്തില്‍ വേര്‍പെടുന്നു, അതുകൊണ്ട് ചില സ്‌ഥലങ്ങളില്‍ ഭൂമിയുടെ പുറംതോടിന് 4 കിലോമീറ്ററില്‍ താഴെവരെ ആഴമുള്ളൂ. അതിനാല്‍, ആര്‍ട്ടിക് സമുദ്രത്തില്‍നിന്ന് കുഴിച്ചു തുടങ്ങിയാല്‍ ഉടന്‍ തന്നെ ഭൂമിയുടെ മാന്റിലിലെത്താന്‍ കഴിയും. പക്ഷേ, വെള്ളത്തിനടിയില്‍ തുരങ്കം ഉണ്ടാക്കേണ്ടി വരും. അത് വലിയ ചെലവിനു കാരണമാകും.
സമയമാണു മറ്റൊരു ഘടകം. 12 കിലോമീറ്റര്‍ ആഴമുള്ള കൊള ഉണ്ടാക്കാന്‍ ശാസ്‌ത്രജ്‌ഞര്‍ക്ക് 24 വര്‍ഷം വേണ്ടിവന്നു. അവര്‍ പ്രതിവര്‍ഷം ശരാശരി അര കിലോമീറ്റര്‍ തുരന്നു. ബഹിരാകാശത്തുകൂടി മണിക്കൂറില്‍ പതിനായിരക്കണക്കിന് കിലോമീറ്റര്‍ വേഗത്തില്‍ കുതിക്കുന്ന റോക്കറ്റുകള്‍ ഉണ്ടാക്കുന്ന മനുഷ്യര്‍ക്ക് ആഴത്തിലുള്ള യാത്രയ്‌ക്ക് ഇത്രയും വേഗം പോരാ.
മുന്നോട്ടുപോകാന്‍
പുതിയവിദ്യ വേണം
നിലവിലുള്ള വേഗത്തില്‍ തുരന്നാല്‍ ഭൂമിയുടെ കേന്ദ്രഭാഗത്ത് എത്താന്‍ 24,984 വര്‍ഷമെടുക്കും. ഭൂമിയുടെ ഓരോ പാളിയെയും വ്യത്യസ്‌തമായി സമീപിക്കണം. പുറംതോടില്‍ പരമ്പരാഗത റോട്ടറി ഡ്രില്ലിങ് ഡയമണ്ട് ബിറ്റുകള്‍ ഉപയോഗിക്കാം. അതിനു വലിയ ചെലവാകും.
ആഴങ്ങളിലേക്ക് പോകുന്തോറും, പാറകള്‍ക്ക് ചൂടുകൂടും. അവ ചൂടുള്ള, പ്ലാസ്‌റ്റിക് പോലെയാകും. പിന്നെയുള്ള സാധ്യത ലേസര്‍ ഡ്രില്ലിങ്ങാണ്. പാറയെ വാതകമാക്കി പുറംതള്ളാനുള്ള കരുത്ത് അവയ്‌ക്കു വേണ്ടിവരും. അടുത്തത് ഭൂവല്‍കമാണ്. അതിന്റെ പുറംപാളിക്ക് 45 കിലോമീറ്റര്‍ മുതല്‍ 670 കിലോമീറ്റര്‍ വരെ ആഴമുണ്ട്. അത് പ്രധാനമായും പെരിഡോട്ടൈറ്റ് എന്ന പാറ കൊണ്ടാണ് നിര്‍മിച്ചിരിക്കുന്നത്. അവിടെ കൊടുംചൂടാണ്. ആ താപനിലയില്‍ പാറകള്‍ ദ്രാവക രൂപത്തിലാണു കാണപ്പെടുന്നത്. ദ്രാവകത്തില്‍ ദ്വാരം ഉണ്ടാക്കാന്‍ കഴിയില്ലല്ലോ.
അതിനെ മറികടക്കാനുള്ള ഏക വഴി കുഴലുകള്‍ സ്‌ഥാപിക്കുന്നതാണ്. അത് വളരെ ദൈര്‍ഘ്യമേറിയതും കഠിനവുമായ പ്രക്രിയയാണ്. പക്ഷേ, അതിനുള്ള സാങ്കേതികവിദ്യ നിലവിലില്ല. ് ലഭ്യമായാല്‍ തന്നെ തുരങ്കം ഭൂവല്‍ക്കത്തിന്റെ അകംപാളിയിലെത്തില്ല. അവിടെ ഭൂമിയുടെ ഉപരിതലത്തില്‍നിന്നുള്ളതിനേക്കാള്‍ 13 ലക്ഷം ഇരട്ടി കൂടുതല്‍ സമ്മര്‍ദവും കടുത്ത താപനിലയും ഉണ്ടാകും. ആ താപം ഏതൊരു വസ്‌തുവിനെയും ചാരമാക്കാന്‍ പര്യാപ്‌തമായിരിക്കും. ആ പാളിക്ക് 670 കിലോമീറ്റര്‍ മുതല്‍ 2890 കിലോമീറ്റര്‍ വരെ ആഴമുണ്ട്. അതു നേരിടാന്‍ കരുത്തുള്ള സാങ്കേതിക വിദ്യ ഇതുവരെ ലഭ്യമല്ല. ശരിക്കും ആഴങ്ങളേക്കാള്‍ ആകാശമാണു ശാസ്‌ത്രജ്‌ഞര്‍ക്കിഷ്‌ടം.





