ഭൂമി വിറപ്പിക്കുന്ന ശബ്‌ദത്തോടെ തിളക്കമാര്‍ന്ന വെള്ളജ്വാല പൊട്ടിത്തെറിച്ചു, വിക്ഷേപണത്തറയെ ഒന്നാകെ അഗ്നിമൂടി. നിമിഷങ്ങള്‍ക്കകം നാസയുടെ ചരിത്രത്തിലെ ഏറ്റവും ശക്‌തമായ റോക്കറ്റ് ആകാശത്തേക്ക് കുതിച്ചുയര്‍ന്നു. 'എല്ലാ മനുഷ്യരാശിക്കും വേണ്ടി ഞങ്ങള്‍ പുറപ്പെടുന്നു' - ആദ്യ സന്ദേശം ആര്‍ട്ടിമിസ് 2 പേടകത്തില്‍നിന്നു ഭൂമിയിലേക്ക്.
അര നൂറ്റാണ്ടിനുശേഷം ചന്ദ്രനെ ലക്ഷ്യമാക്കി നാസയുടെ ആര്‍ട്ടിമിസ് 2 ദൗത്യം ഫേ്ലാറിഡ തീരത്ത് നിന്ന് പറന്നുയര്‍ന്നു, നാല് സഞ്ചാരികളുമായി ചരിത്രത്തിലിടം പിടിക്കുന്ന യാത്രയ്‌ക്ക് തുടക്കം. നാസയുടെ സ്‌പേസ് ലോഞ്ച് സിസ്‌റ്റം (എസ്.എല്‍.എസ്) അതിവേഗം ആകാശത്തേക്ക്. പിന്നെയും വേഗം കൂട്ടി. രണ്ട് കണ്ണഞ്ചിപ്പിക്കുന്ന ജ്വാലകളുടെ തൂണുകളില്‍ സഞ്ചരിച്ച്... അവ വലിയ മുഴക്കം സൃഷ്‌ടിച്ചുകൊണ്ടിരുന്നു.
അവയുടെ ശബ്‌ദം വിക്ഷേപണത്തറയില്‍നിന്ന് അഞ്ചു കിലോമീറ്റര്‍ അകലെനിന്നു നോക്കിനിന്നവരുടെ പോലും ചെവിയില്‍ പതിച്ചു. വിക്ഷേപണം തുടങ്ങി ഒരു മിനിറ്റ് പത്ത് സെക്കന്‍ഡിന് ശേഷം നിരീക്ഷകര്‍ക്കിടയില്‍ ചെറിയ സന്തോഷ ആരവങ്ങള്‍ ഉയര്‍ന്നു. ഈ ഘട്ടത്തിലാണ് റോക്കറ്റില്‍ ഏറ്റവും കൂടുതല്‍ സമ്മര്‍ദം അനുഭവപ്പെടുന്നത്. ചെറിയ ഘടനാപരമായ ബലഹീനത പോലും വിനാശകരമായേക്കാം എന്ന് എന്‍ജിനീയര്‍മാര്‍ക്ക് അറിയാം.
യാതൊരു ബലഹീനതയും ഉണ്ടായിരുന്നില്ല. എസ്.എല്‍.എസ്. അറ്റ്‌ലാന്റിക്കിന് മുകളിലൂടെ തിളങ്ങുന്ന വെളുത്ത മേഘംപോലെ വളഞ്ഞു, പുകയുടെ വെളുത്ത പാത ബാക്കിവച്ച് ശബ്‌ദം ഇല്ലാതായി. ബഹിരാകാശ പേടകം ചെറുതായിക്കൊണ്ടേയിരുന്നു. ചന്ദ്രനെതേടി ഒറ്റ തിളക്കമുള്ള നക്ഷത്രംപോലെ ചെറുതായി. അതിനുപിന്നാലെ, കെന്നഡി സ്‌പേസ് സെന്ററിലെ ജീവനക്കാര്‍ക്കിടയില്‍നിന്ന് ആരവം ഉയര്‍ന്നു.
ചിലര്‍ക്ക് ആ യാത്ര വളരെ വൈകാരികമായി തോന്നി. ഒരു ആരാധകന് കരയണമെന്നു തോന്നിയത്രേ. ആവേശത്തോടെയായിരുന്നു അവരുടെ പ്രതികരണങ്ങള്‍.
കഴിഞ്ഞ കുറച്ച് മാസങ്ങളായി ആര്‍ട്ടിമിസ് 2 വിക്ഷേപണത്തോട് അടുത്ത് വരികയും എന്നാല്‍ വിവിധ കാരണങ്ങളാല്‍ റദ്ദാക്കപ്പെടുകയും ചെയ്‌തതിന്റെ പിരിമുറുക്കം അവര്‍ക്കുണ്ടായിരുന്നു. അത് ഒഴിഞ്ഞതിന്റെ സന്തോഷം ആ ആരവങ്ങളിലുണ്ടായിരുന്നു.
അവര്‍ ചിരിച്ചും കൈയടിച്ചും ആ നിമിഷങ്ങള്‍ ആഘോഷിച്ചു. അത് വര്‍ഷങ്ങളോളം അവര്‍ പ്രവര്‍ത്തിച്ചതിന്റെ ഫലമാണ്. ഇനിയും ജോലികളുണ്ട്, പക്ഷേ ഇപ്പോഴവര്‍ വിജയത്തിന്റെ നിമിഷം ആസ്വദിക്കുന്നു. വിക്ഷേപണത്തിന് ഒരു മണിക്കൂര്‍ മുമ്പ് പോലും ചില പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. അവ ലോഞ്ച് അബോര്‍ട്ട് സിസ്‌റ്റത്തെ സംബന്ധിച്ചായിരുന്നു. തകരാറുണ്ടെങ്കില്‍ സഞ്ചാരികളെ പുറത്തെടുക്കാനും റോക്കറ്റ് പൊട്ടിത്തെറിപ്പിക്കാനും നാസ എന്‍ജിനീയര്‍മാരെ സഹായിക്കുന്ന സംവിധാനമാണത്. എന്‍ജിനീയര്‍മാര്‍ പ്രശ്‌നം പരിഹരിക്കുന്നതുവരെ കൗണ്ട്‌ഡൗണ്‍ കേ്ലാക്ക് 10 മിനിറ്റില്‍ നിര്‍ത്തിവച്ചു. അവര്‍ വേഗത്തില്‍ പ്രവര്‍ത്തിച്ചു, എന്നാല്‍ വിക്ഷേപണം മുന്നോട്ട് പോകുമോ എന്ന് അറിയാനുള്ള കാത്തിരിപ്പ് പലര്‍ക്കും അസഹനീയമായിരുന്നു.
പിന്നീട് റോക്കറ്റിന്റെ പ്രധാനപ്പെട്ട സംവിധാനങ്ങള്‍ക്ക് ഉത്തരവാദികളായ ഓരോ എന്‍ജിനീയറുടെയും വാക്കുകള്‍ ഒരു താളത്തില്‍ കേള്‍ക്കാന്‍ സാധിച്ചു: 'ബൂസ്‌റ്റര്‍, ഗോ', 'ജിഎന്‍സി, ഗോ', 'റേഞ്ച്, ഗോ' - ഓരോ മറുപടിയും പിരിമുറുക്കം കുറയ്‌ക്കുകയും പ്രതീക്ഷ വര്‍ധിപ്പിക്കുകയും ചെയ്‌തു.
'ആര്‍ട്ടിമിസ് 2, ഇത് ലോഞ്ച് ഡയറക്‌ടറാണ്,' നാസയുടെ ആദ്യ വനിതാ ലോഞ്ച് ഡയറക്‌ടറായ ചാര്‍ലി ബ്ലാക്ക്‌വെല്‍തോംസണ്‍ പറഞ്ഞു.
'നിങ്ങള്‍ക്ക് വിക്ഷേപണത്തിന് അനുമതിയുണ്ട്,' അവര്‍ സഞ്ചാരികളോട് പറഞ്ഞു. 'എല്ലാ മനുഷ്യരാശിക്കും വേണ്ടി ഞങ്ങള്‍ പുറപ്പെടുന്നു,' കമാന്‍ഡര്‍ റീഡ് വൈസ്‌മാന്‍ പ്രതികരിച്ചു.
സാധാരണ സാഹചര്യങ്ങളില്‍ ഇത് വെറും വാക്കുകളാകാം, പക്ഷേ ആ നിമിഷം പ്രധാനമാണ്. ചരിത്രം സൃഷ്‌ടിക്കാനായി പോകുന്നു എന്നാണര്‍ഥം. കെന്നഡി സ്‌പേസ് സെന്റര്‍ ചന്ദ്രനിലേക്ക് സഞ്ചാരികളെ അയക്കാനാണ് നിര്‍മിച്ചത്, എന്നാല്‍ 1972 ല്‍ അപ്പോളോ 17 വിക്ഷേപിച്ചതിന് ശേഷം അത് സംഭവിച്ചിട്ടില്ല. ഇന്നലെ ആ സെന്റര്‍ അതിന്റെ ഉദ്ദേശ്യത്തിനായി വീണ്ടും പ്രവര്‍ത്തിക്കാന്‍ തുടങ്ങി. വിക്ഷേപണം റദ്ദാക്കാന്‍ ഭീഷണിപ്പെടുത്തിയിരുന്ന മേഘങ്ങള്‍ മാഞ്ഞുപോയിരുന്നു. കൗണ്ട്‌ഡൗണ്‍ കേ്ലാക്ക് വീണ്ടും ആരംഭിച്ചപ്പോള്‍, അന്തരീക്ഷത്തില്‍ പ്രതീക്ഷ.
നാല് ആര്‍.എസ്. 25 എന്‍ജിനുകളും ഇരട്ട സോളിഡ് റോക്കറ്റ് ബൂസ്‌റ്ററുകളും കത്തിജ്വലിച്ചു, ഫ്‌ലോറിഡയുടെ സായാഹ്‌ന ആകാശത്തേക്ക് 8.8 ദശലക്ഷം പൗണ്ടിലധികം ഊര്‍ജം പ്രവഹിപ്പിച്ചു.
'ദൈവം നിങ്ങളെ കാക്കട്ടെ ആര്‍ട്ടിമിസ് 2,' ബ്ലാക്ക്‌വെല്‍തോംസണ്‍ പറഞ്ഞു, പഴയ ഓര്‍മ്മകളെ ഉണര്‍ത്തുന്ന വാക്കുകളായിരുന്നു അത്. 1962 ല്‍ ജോണ്‍ ഗ്ലെന്നിനെ, ഭൂമിയെ ഭ്രമണം ചെയ്‌ത ആദ്യത്തെ അമേരിക്കക്കാരനെ, അയച്ച വിക്ഷേപണത്തിലും ഇതേ വാക്കുകള്‍ ഉപയോഗിച്ചിരുന്നു. എന്നാല്‍ എസ്.എല്‍.എസ്. വിക്ഷേപണം കൂടുതല്‍ സൗന്ദര്യമുള്ളതായി തോന്നും. അതിന് കൂടുതല്‍ അര്‍ത്ഥമുണ്ടായിരുന്നു. അത് കണ്ട എല്ലാവര്‍ക്കും വൈകാരികമായ ഒരു നിമിഷം. ഒരുപക്ഷേ നമ്മള്‍ ബഹിരാകാശ യാത്രയുടെ ഒരു പുതിയ യുഗത്തിലേക്ക് പ്രവേശിക്കുകയാകാം.
1990 കളില്‍, 1969 ല്‍ ചന്ദ്രനില്‍ കാല്‍കുത്തിയ ആദ്യത്തെ മനുഷ്യനായ നീല്‍ ആംസ്‌ട്രോങ് പറഞ്ഞു. 'യാഥാര്‍ത്ഥ്യം മങ്ങിയതാകാം, പക്ഷേ സ്വപ്‌നം ഇപ്പോഴും നിലനില്‍ക്കുന്നു, അത് കാലക്രമേണ തിരിച്ചുവരും.' - നാസ ചാന്ദ്ര യാത്രകള്‍ അവസാനിപ്പിച്ചതിനെക്കുറിച്ചായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍. മനുഷ്യ ബഹിരാകാശയാത്രയുടെ സ്വപ്‌നം അവസാനിച്ചതായി തോന്നിയിരുന്ന ഒരു സമയത്താണ് അദ്ദേഹം ആ വാക്കുകള്‍ പറഞ്ഞത്. ആംസ്‌ട്രോങ്ങിന്റെ വാക്കുകള്‍ വീണ്ടും ഓര്‍മിപ്പിച്ചുകൊണ്ട് ആര്‍ട്ടിമിസ് 2 മനുഷ്യരുമായി ചന്ദ്രനിലേക്ക്...
10 ദിവസത്തെ ബഹിരാകാശ വാസം
മനുഷ്യ ശരീരത്തില്‍ ഉണ്ടാക്കാന്‍
സാധ്യതയുള്ള മാറ്റങ്ങള്‍
റേഡിയേഷന്‍: ഓക്കാനം, വയറുവേദന എന്നിവ ഉണ്ടാക്കാന്‍ സാധ്യതയുണ്ട്.
മൈക്രോഗ്രാവിറ്റി : ആദ്യത്തെ കുറച്ച് ദിവസങ്ങളില്‍ ചലന അസുഖം, പേശികളുടെ നാശം എന്നിവയ്‌ക്ക് കാരണമായേക്കാം.
ദ്രാവക മാറ്റങ്ങള്‍: ശരീരദ്രാവകങ്ങള്‍ തലയിലേക്ക് നീങ്ങുന്നതിനാല്‍ വീക്കത്തിനും തലവേദനയ്‌ക്കും കാരണമാകാം.
ഉറക്ക തടസ്സങ്ങള്‍: തെളിച്ചമുള്ള വിളക്കുകള്‍ ഉറക്കത്തിന്റെ ഗുണമേന്മ കുറയ്‌ക്കാന്‍ സാധ്യതയുണ്ട്.
മാനസിക സമ്മര്‍ദം: ഒറ്റപ്പെടലും ദൗത്യത്തിന്റെ സ്വഭാവവും കാരണം ഇത് ഉണ്ടാകാം.
ദൗത്യത്തിന്റെ സമയത്ത്, ഓറിയോണ്‍ ബഹിരാകാശ പേടകത്തിലെ എല്ലാ സംവിധാനങ്ങളും യാത്രികര്‍ പരിശോധിക്കുകയും ദീര്‍ഘദൂര ബഹിരാകാശ യാത്രയുടെ ആരോഗ്യപരമായ ഫലങ്ങളെക്കുറിച്ച് മനസിലാക്കാന്‍ ജീവശാസ്‌ത്രപരമായ ഡേറ്റ ശേഖരിക്കുകയും ചെയ്യും.
ഇത് ചൊവ്യിലേക്കുള്ള ദീര്‍ഘദൂര യാത്രകള്‍ പോലുള്ള ഭാവി ദൗത്യങ്ങള്‍ക്ക് സഹായകമാകും. ആര്‍ട്ടെമിസ് 2 ദൗത്യം ചന്ദ്രനില്‍ ഇറങ്ങുന്നതിനും തുടര്‍ന്ന് ചന്ദ്രനില്‍ ദീര്‍ഘകാല സാന്നിധ്യം സ്‌ഥാപിക്കുന്നതിനുമുള്ള ആദ്യപടിയായാണു കാണുന്നത്.
നാസ മുമ്പ് തന്നെ മനുഷ്യ ബഹിരാകാശ യാത്രയുടെ അഞ്ച് പ്രധാന അപകടഘടകങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ട് ബഹിരാകാശ റേഡിയേഷന്‍, ഒറ്റപ്പെടല്‍, ഭൂമിയില്‍നിന്നുള്ള ദൂരം, ഗുരുത്വാകര്‍ഷണം, അടഞ്ഞ അല്ലെങ്കില്‍ അപകടകരമായ ചുറ്റുപാടുകള്‍.
ഇതുകൂടാതെ, അപ്പോളോ ദൗത്യങ്ങള്‍ ചന്ദ്രനിലെ അധിക പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാട്ടി പൊടി, ചലന സ്‌ഥിരത.
മനുഷ്യര്‍ ചന്ദ്രോപരിതലത്തില്‍ താവളം സ്‌ഥാപിക്കുന്നതില്‍ വിജയിക്കുകയാണെങ്കില്‍, താമസക്കാര്‍ കാന്‍സര്‍, അവയവങ്ങള്‍ക്ക് കേടുപാടുകള്‍, നാഡീവ്യൂഹ തകരാറുകള്‍ എന്നിവയുടെ അപകടസാധ്യത വര്‍ധിപ്പിക്കുന്ന റേഡിയേഷന്‍ അളവിന് വിധേയരാകും. ചന്ദ്രനിലെ ഗുരുത്വാകര്‍ഷണം ഭൂമിയുടെ ആറിലൊന്ന് മാത്രമാണ്, ഇത് പേശികളുടെ പ്രവര്‍ത്തനക്കുറവ്, അസ്‌ഥി നഷ്‌ടം, തലേച്ചാറിനെയും കണ്ണിനെയും ബാധിക്കുന്ന ഹൃദയ സംബന്ധമായ പ്രവര്‍ത്തനങ്ങളിലെ മാറ്റങ്ങള്‍ എന്നിവയ്‌ക്ക് കാരണമാകാം.
അതേസമയം ചന്ദ്രനിലെ പൊടിക്ക് മൂര്‍ച്ചയും നേര്‍മയും ഉരസല്‍ സ്വഭാവവുമുണ്ട്, ഇത് ശ്വാസമെടുക്കുന്നതിലെ ബുദ്ധിമുട്ടുകള്‍ക്കും ചര്‍മ്മത്തിലും കണ്ണുകളിലും അസ്വസ്‌ഥതകള്‍ക്കും കാരണമായേക്കാം.
ആര്‍ട്ടെമിസ് 2 ദൗത്യത്തിലെ യാത്രികര്‍ക്ക് പരിശീലനത്തിന്റെ ഭാഗമായി, ബഹിരാകാശത്തെ മെഡിക്കല്‍ അടിയന്തര സാഹചര്യങ്ങള്‍ക്ക് തയ്യാറെടുക്കുകയും പ്രഥമ ശുശ്രൂഷ, സിപിആര്‍, മുറിവുകള്‍ പരിചരിക്കല്‍, മെഡിക്കല്‍ കിറ്റുകള്‍ ഉപയോഗിക്കല്‍ എന്നിവ പഠിക്കുകയും ചെയ്‌തിട്ടുണ്ട്.
വെള്ളത്തിനടിയിലുള്ളതുപോലുള്ള സിമുലേറ്റഡ് മൈക്രോഗ്രാവിറ്റി സാഹചര്യങ്ങളില്‍ ഈ നടപടിക്രമങ്ങള്‍ നടത്താന്‍ അവര്‍ പരിശീലനം നേടിയിട്ടുണ്ട്.



