കൊച്ചി: എ.എഫ്.സി. ഏഷ്യന്‍ കപ്പ് യോഗ്യതറൗണ്ടിലെ അവസാന മത്സരത്തില്‍ ഇന്ത്യക്ക് ഹോങ്കോങിനെതിരേ മിന്നും ജയം. കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു രാജ്യാന്തര സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഹോങ്കോങിനെ 2-1നാണ് ഇന്ത്യ തോല്പിച്ചത്. യോഗ്യത കാണാതെ നേരത്തേ പുറത്തായ ഇന്ത്യക്ക്, വിജയത്തോടെ ടൂര്‍ണമെന്റ് അവസാനിപ്പിക്കാനായത് നേട്ടമായി. യോഗ്യതറൗണ്ടില്‍ ഇന്ത്യയുടെ ആദ്യജയമാണിത്. ഇന്ത്യന്‍ ജഴ്സിയില്‍ അരങ്ങേറിയ റയാന് വില്യംസും പ്രതിരോധം താരം ആകാശ് മിശ്രയും ഇന്ത്യക്കായി ഗോളുകള്‍ നേടി. മുഖ്യപരിശീലകനായി ചുമതലയേറ്റതിന് ശേഷം ഇന്ത്യന്‍ മണ്ണില്‍ ഖാലിദ് ജമീലിന്റെ ആദ്യജയം കൂടിയാണിത്.
അഞ്ച് പോയിന്റോടെ ഗ്രൂപ്പ് സി-യില്‍ ബംഗ്ലാദേശിന് പിന്നിലായി നാലാമതായാണ് ഇന്ത്യയുടെ ഫിനിഷിങ്. ഹോങ്കോങ് രണ്ടാമതായി. ഗ്രൂപ്പില്‍ നിന്ന് സിംഗപ്പൂര്‍ നേരത്തേ ഏഷ്യന്‍ കപ്പിന് യോഗ്യത നേടിയിരുന്നു. ഇന്ത്യയുടെ സമീപകാലത്തെ ഏറ്റവും മികച്ച പ്രകടനത്തിനാണ് പത്തുവര്‍ഷത്തിന് ശേഷം രാജ്യാന്തര മത്സരത്തിന് അരങ്ങൊരുക്കിയ കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം സാക്ഷിയായത്.
ഓസ്ട്രേലിയന്‍ പൗരനായിരുന്ന റയാന് വില്യംസ് ഇന്ത്യക്കായി അരങ്ങേറിയ മത്സരത്തില്‍ അഭിഷേക് സിങ് ടെക്കാമും മന്‍വീര്‍ സുങും മുന്നേറ്റത്തില്‍ ഇടം നേടി. ലാലിയന്‍സുവാല ചാങ്തെ, ലാലെങ്മാവിയ അപൂയ, ലിസ്റ്റന്‍ കൊളാറ്റോ എന്നിവര്‍ മധ്യനിരയിലെത്തി. രാഹുല്‍ ഭേക്കെ, അന്‍വര്‍ അലി, സന്ദേശ് ജിങ്കാന്, ആകാശ് മിശ്ര പ്രതിരോധക്കോട്ട കെട്ടി. ഗുര്‍പ്രീത് സിങ് സന്ധുവിനായിരുന്നു നായകന്റെയും ഗോള്‍കീപ്പറുടെയും ചുമതല. മലയാളി താരങ്ങളായ ആഷിഖ് കുരുണിയനും, ബിജോയ് വര്‍ഗീസും രണ്ടാം പകുതിയില്‍ കളത്തിലെത്തി.തുടക്കത്തില്‍ തന്നെ എതിര്‍ബോക്സിലേക്ക് ഇന്ത്യ ഇരച്ചുകയറി. വലതുവിങിലൂടെയായിരുന്നു ഇന്ത്യയുടെ മിക്ക നീക്കങ്ങളും. നാലാം മിനിറ്റില്‍ ഫലമെത്തി, വലതുവിങിലൂടെ പന്തുമായി മുന്നേറിയ അഭിഷേക് ടെക്കം നല്കിയ പാസുമായി ബോക്സിനകത്തേക്ക് കയറിയ മന്‍വീര്‍ സിങ്, വലയുടെ ഇടതുഭാഗത്ത് നിന്ന റയാന് വില്യംസിന് തളികയിലേക്കെന്ന പോലെ കൃത്യം പന്ത് നീട്ടിനല്‍കി, ഓസ്ട്രേലിയന്‍ പൗരത്വം ഉപേക്ഷിച്ച് ഇന്ത്യന്‍ ജഴ്സിയില്‍ ആദ്യ മത്സരത്തിനിറങ്ങിയ റയാന്റെ വലങ്കാല്‍ ഷോട്ടില്‍ ഗോളും ചരിത്രവും പിറന്നു.
32-കാരന്റെ കന്നി ഗോള്‍ നേട്ടം ഗ്യാലറിയില്‍ ആരാധകര്‍ ആഘോഷമാക്കി. അരങ്ങേറ്റ മത്സരത്തില്‍ ഇന്ത്യന്‍ ടീമിനായി അതിവേഗം ഗോള്‍ നേടുന്ന താരമെന്ന റെക്കോഡും ഈ ബെംഗളൂരൂ എഫ്.സി താരത്തിന്റെ പേരിലായി. മിന്നല്‍തുടക്കം ഇന്ത്യന്‍ നിരയില്‍ ആത്മവിശ്വാസം കൂട്ടി. നിര്‍ഭയത്വത്തോടെയുള്ള കളി എതിര്‍നിരയില്‍ സമ്മര്‍ദമേറ്റി. പന്തടക്കത്തില്‍ ഇന്ത്യ സമ്പൂര്‍ണ ആധ്യപത്യം കാട്ടി. തുടരെ രണ്ട് അവസരങ്ങള്‍ കൂടി ലഭിച്ചെങ്കിലും ലക്ഷ്യം അകന്നു. അര്‍ധാവസരങ്ങള്‍ മുതലെടുക്കാന്‍ ഹോങ്കോങിനുമായില്ല.
ഖാലിദ് ജമീലിന്റെ പ്രതിരോധത്തില്‍ ഊന്നിയുള്ള കളിശൈലിക്ക് വിപരീതമായി അറ്റാക്കിങ് ഫുട്ബോള്‍ പുറത്തെടുത്ത ഇന്ത്യ പലതവണ ഹോങ്കോങ് ഗോള്‍മുഖത്തെത്തി. മറുഭാഗത്ത് സന്ദര്‍ശകരുടെ പ്രത്യാക്രമണങ്ങള്‍ വലയിലെത്താതെ സന്ധുവും പ്രതിരോധവും ചേര്‍ന്ന് സമര്‍ഥമായി തടയുകയും ചെയ്തു.
രണ്ടാം പകുതിയിലും ഇന്ത്യ കളം നിറഞ്ഞു. അമ്പതാം മിനിറ്റില്‍ ആകാശ് മിശ്രയിലൂടെ ഇന്ത്യ ലീഡുയര്‍ത്തി. ശ്രമകരമായ ആംഗിളില്‍ നിന്നുള്ള രാഹുല്‍ ഭേക്കെയുടെ ലോങ് ത്രോയിലെ അപകടം ഹെഡറടിച്ച് ഒഴിവാക്കാനുള്ള ഹോങ്കോങ് താരങ്ങളുടെ ശ്രമം പാളി, പന്ത് വലക്ക് തൊട്ടരികെ നിന്ന ആകാശിന്റെ മുന്നില്‍ വീണു. അവസരം മുതലെടുത്ത മുംബൈ സിറ്റി താരത്തിന്റെ വലങ്കാല്‍ ഷോട്ട്, ഗ്രൗണ്ടും പിന്നാലെ വലയുടെ ആകാശവും തൊട്ടു. നാലുമിനുറ്റിനകം ഹോങ്കോങ് തിരിച്ചടിച്ചു.
സൂപ്പര്‍താരം എവര്ട്ടണ് കാമര്‍ഗോയിലൂടെ ടീം ആദ്യഗോള്‍ നേടി. 70-ാം മിനിറ്റില്‍ ഖാലിദ് ജമീല്‍ ആദ്യമാറ്റം വരുത്തി. റയാന് വില്യംസിന് പകരം ജീക്സണ് സിങും, അന്‍വര്‍ അലിക്ക് പകരം ആഷിഖ് കുരുണിയനും കളത്തിലെത്തി. രണ്ട് മിന്നല്നീക്കങ്ങളിലൂടെ ആഷിഖ് വരവറിയിച്ചു. എവര്ട്ടണ് മറ്റൊരു ശ്രമം കൂടിനടത്തിയെങ്കിലും ഗുര്‍പ്രീത് അനായാസം പന്ത് കൈക്കലാക്കി. കളിതീരാന്‍ മിനിറ്റുകള്‍ മാത്രം അവശേഷിക്കെ ആകാശിനെ മാറ്റി റോഷന് സിങിനെ ഇന്ത്യ പരീക്ഷിച്ചു. പരിക്ക് സമയത്ത് ഹോങ്കോങ് ഒപ്പമെത്താന്‍ സകല ശ്രമങ്ങളും നടത്തിയെങ്കിലും, ഇന്ത്യയുടെ പ്രതിരോധക്കോട്ട ഇളക്കാനായില്ല.





