പനജി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളില്‍ ഗോവയ്‌ക്കെതിരേ തകര്‍പ്പന്‍ ജയവുമായി ബംഗളുരു. എഫ്.സി. ഗോവയുടെ തട്ടകമായ ഫറ്റോര്‍ദ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ബംഗളുരുവിനായി സുനില്‍ ഛേത്രിയും നാംഗ്യാല്‍ ഭൂട്ടിയയും ഗോളടിച്ചു. ഏഴ് കളികളില്‍നിന്നു 14 പോയിന്റുള്ള ബംഗളുരു നാലാം സ്‌ഥാനത്താണ്‌്. പത്ത് പോയിന്റുള്ള ഗോവ ഏഴാം സ്‌ഥാനത്താണ്‌്. നിലവിലെ ചാമ്പ്യന്‍ മോഹന്‍ ബഗാന്‍ സുപ്പര്‍ ജയന്റിനെ ജംഷഡ്‌പുര്‍ എഫ്.സി. 1-1 നു സമനിലയില്‍ കുരുക്കി. ജെ.ആര്‍.ഡി. ടാറ്റാ സ്‌പോര്‍ട്‌സ് കോംപ്ലക്‌സില്‍ നടന്ന മത്സരത്തില്‍ ജംഷഡ്‌പുര്‍ അവസാന മിനിറ്റിലാണു സമനില ഗോളടിച്ചത്‌്. 15-ാം മിനിറ്റില്‍ ലിസ്‌റ്റണ്‍ കൊളാകോ ബഗാനായി ഗോളടിച്ചു. രണ്ടാം പകുതിയുടെ ഇഞ്ചുറി ടൈമില്‍ റിത്വിക് ദാസ് ജംഷഡ്‌പുരിനെ തോല്‍വിയില്‍നിന്നു രക്ഷിച്ചു. ബഗാനും ജംഷഡ്‌പുരും ഏഴ് കളികളില്‍നിന്നു 14 പോയിന്റ് വീതം നേടി. ബഗാന്‍ രണ്ടാം സ്‌ഥാനത്തും ജംഷഡ്‌പുര്‍ മൂന്നാം സ്‌ഥാനത്തുമാണ്. ആറ് കളികളില്‍നിന്ന് 14 പോയിന്റുള്ള മുംബൈ സിറ്റിയാണ് ഒന്നാമത്. ഇന്നു നടക്കുന്ന മത്സരത്തില്‍ കേരളാ ബ്ലാസ്‌റ്റേഴ്‌സ് സ്‌പോര്‍ട്ടിങ് ഡല്‍ഹിയെ നേരിടും. ആറ് കളികളില്‍നിന്ന് ഒരു പോയിന്റ് മാത്രമുള്ള ബ്ലാസ്‌റ്റേഴ്‌സ് 13-ാം സ്‌ഥാനത്തും അഞ്ച് കളികളില്‍നിന്നു രണ്ട് പോയിന്റുള്ള ഡല്‍ഹി 12-ാം സ്‌ഥാനത്തുമാണ്. ഡേവിഡ് കറ്റാലയുടെ പിന്‍ഗാമിയായെത്തിയ ആഷ്‌ലെ വെസ്‌റ്റ്വുഡ് ബ്ലാസ്‌റ്റേഴ്‌സിനെ വിജയ വഴിയിലെത്തിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.




