നാലു പതിറ്റാണ്ടുകളുടെ ഇരുട്ടു ചവിട്ടിമെതിച്ച് ഇറാഖ് വീണ്ടും ലോക ഫുട്‌ബോളിന്റെ വെളിച്ചത്തിലേക്ക്. യു.എസ്‌്, കാനഡ, മെക്‌സിക്കോ എന്നിവര്‍ വേദിയാകുന്ന ലോകകപ്പിലെ 48-ാമത്തെ ടീമായാണ് ഇറാഖിന്റെ വരവ്.
ആ കടന്നുവരവ് ഒരു രാജ്യത്തിന്റെ പുനര്‍ജന്മമാണ്. ഒന്നാമനെക്കാളും ഉയര്‍ന്ന തലപ്പൊക്കമുള്ള ഒരു വരവ്. യുദ്ധങ്ങളുടെ ചാരവും ബോംബുകളുടെ പുക മഞ്ഞും വംശീയ വൈരങ്ങളുടെ കുരുക്കുകളും കടന്നു ജീവനോടെ നില്‍ക്കാനുള്ള ഒരു ജനതയുടെ ഉറച്ച പ്രഖ്യാപനമാണ്. കാലം മരുഭൂമിയാക്കിയ ആ വരണ്ട മണ്ണിനടിയില്‍ ''ഫുട്‌ബോള്‍'' എന്ന ഒരിക്കലും മരിക്കാത്ത സ്വപ്‌നമുണ്ടായിരുന്നു. തെരുവുകള്‍ക്കിടയില്‍, സൈറണ്‍ മുഴങ്ങുന്ന ഇടവേളകളില്‍, പന്ത് തട്ടി വളര്‍ന്ന കുട്ടികളുടെ സ്വപ്‌നങ്ങള്‍; 'കുറ അല്‍ ഷാരിയ'യുടെ പൊടിപടലങ്ങളില്‍ നിന്നാണ് ഈ ദേശീയകഥ പിറന്നത്.
ബൊളീവിയക്കെതിരായ 2-1 ജയം ഒരു സ്‌കോര്‍ലൈന്‍ മാത്രമല്ല, അത് ഇറാഖിന്റെ ആത്മാവിന്റെ ഉയിര്‍പ്പാണ്. ലോകകപ്പ് ഏഷ്യന്‍ യോഗ്യതാ പാതയില്‍ നാല് റൗണ്ടുകളുടെയും പ്ലേ ഓഫ് വഴികളുടെയും വളവുകള്‍ കടക്കുമ്പോള്‍ ഭാഗ്യവും നിര്‍ഭാഗ്യവും ഒരുമിച്ചു സാക്ഷികളായി. ഒടുവില്‍ കഴിഞ്ഞ ഒന്നിന് മെക്‌സിക്കോയിലെ മൈതാനത്ത് ഇന്റര്‍കോണ്ടിനെന്റല്‍ പ്ലേ ഓഫില്‍ ബൊളീവിയ എതിരാളികളായി. പിന്നീട് നടന്നത് ഒരു നാടകീയ ഉയിര്‍പ്പ്.
1986 ല്‍ ഇറാഖ് അവസാനമായി ലോകകപ്പ് കളിച്ച മണ്ണ് തന്നെയാണ് വീണ്ടും അവരെ വരവേറ്റത്. ടീമിലെ സൂപ്പര്‍ താരം അയ്‌മെന്‍ ഹുസൈന്റെ ജീവിതം ഈ കഥയുടെ ഹൃദയമിടിപ്പാണ്. പൊടിക്കാറ്റ് വീശുന്ന കിര്‍ക്കുക്കിലെ ഗ്രാമത്തില്‍നിന്ന് ഉയര്‍ന്ന അവന്റെ ഓരോ ചുവടും യുദ്ധത്തിന്റെ നിഴലുകളില്‍നിന്ന് രക്ഷപ്പെടാനുള്ള ഓട്ടമായിരുന്നു. സൈനികനായ അച്‌ഛന്റെ രക്‌തസാക്ഷിത്വം, തീവ്രവാദികള്‍ തട്ടിയെടുത്തു കാണാതായ സഹോദരന്‍, ഓരോ ദിവസവും അനിശ്‌ചിതത്വം. എന്നിട്ടും പന്ത് അവന്റെ കാലില്‍ പ്രതീക്ഷയായി മാറി. അവന് ഫുട്‌ബോള്‍ ജീവിക്കാനുള്ള ഒരു കാരണമായി. ബൊളീവിയ്‌ക്കെതിരെ അവസാന നിമിഷം വിജയ ഗോള്‍ പിറന്നതും അയ്‌മെന്റെ ബൂട്ടില്‍ നിന്നായിരുന്നു. ഈ ടീമില്‍ അസീറിയന്‍ ക്രിസ്‌ത്യാനികളും ഷിയകളും സുന്നികളും കുര്‍ദുകളും ഒരൊറ്റ ദേശീയഗീതമാണ്. യോഗ്യത നേടിയ രാത്രിയില്‍ ഇറാഖ് തെരുവുകള്‍ സന്തോഷത്തില്‍ പൊട്ടിത്തെറിച്ചു.
''നിന്റെ ഉയിര്‍പ്പിനായി ഞങ്ങളുടെ ആത്മാവും രക്‌തവും'' എന്ന ഗാനം ആകാശം കീറിപ്പോയി. ദുഃഖം മാത്രം കാണുന്ന ജനതയ്‌ക്ക് ആഹ്ലാദിക്കാന്‍ കിട്ടിയ അപൂര്‍വ നിമിഷം. സദ്ദാം ഹുസൈന്റെ മകന്‍ ഉദയ് ഹുസൈന്റെ ക്രൂരതകളും, അടിച്ചമര്‍ത്തലുകളും; സ്വന്തം മണ്ണില്‍ കളിച്ചവരുടെ മനസിനെ തകര്‍ക്കാന്‍ ശ്രമിച്ചു. പക്ഷേ 'ബാബിലോണിലെ സിംഹങ്ങള്‍' ഒടുങ്ങിയില്ല. അവര്‍ കാത്തിരുന്നു. അവര്‍ പൊരുതി. അവര്‍ തിരിച്ചുവന്നു. ഇപ്പോള്‍, അവര്‍ ലോകവേദിയിലേക്ക് നടക്കുമ്പോള്‍, അത് ഒരു ടീമിന്റെ പ്രവേശനം മാത്രമല്ല. ഇറാഖ് ഇനി ഒരു രാജ്യം മാത്രം അല്ല. അത് ഒരു കഥയാണ് - ചാരത്തില്‍ നിന്ന് ഉയര്‍ന്ന സ്വപ്‌നത്തിന്റെ കഥ. ഫുട്‌ബോള്‍ ഒരു ജനതയുടെ ഹൃദയമിടിപ്പായി മാറിയ കഥ.
ഷിജു സ്‌കറിയ



