ചെന്നൈ: ഐ.പി.എല്‍. ക്രിക്കറ്റ് 19-ാം സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് തുടരെ രണ്ടാം തോല്‍വി നേരിട്ടതിനു പിന്നാലെ നായകന്‍ ഋതുരാജ് ഗെയ്‌ക്വാദിനെതിരേ രൂക്ഷ വിമര്‍ശനം. വെള്ളിയാഴ്‌ച നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്‌ത സി.എസ്.കെ. അഞ്ച് വിക്കറ്റിന് 209 റണ്ണെടുത്തു. മറുപടി ബാറ്റ് ചെയ്‌ത പഞ്ചാബ് കിങ്‌സ് 18.4 ഓവറില്‍ അഞ്ച് വിക്കറ്റിന് 210 റണ്ണെടുത്തു.
നായകന്‍ ശ്രേയസ് അയ്യര്‍ (29 പന്തില്‍ മൂന്ന് സിക്‌സറും നാല് ഫോറുമടക്കം 50), ഓപ്പണര്‍മാരായ പ്രഭ്‌സിമ്രന്‍ സിങ് (34 പന്തില്‍ ഒരു സിക്‌സറും ആറ് ഫോറുമടക്കം 43), പ്രിയാന്‍ശ് ആര്യ (11 പന്തില്‍ നാല് സിക്‌സറും മൂന്ന് ഫോറുമടക്കം 39), കൂപര്‍ കോണോലി (22 പന്തില്‍ 36) എന്നിവരാണു പഞ്ചാബിനെ ജയത്തിലെത്തിച്ചത്.
ആയുഷ് എംഹാത്രെ (43 പന്തില്‍ അഞ്ച് സിക്‌സറും ആറ് ഫോറുമടക്കം 73), ശിവം ദുബെ (27 പന്തില്‍ ഒരു സിക്‌സറും അഞ്ച് ഫോറുമടക്കം പുറത്താകാതെ 45), സര്‍ഫ്രാസ് ഖാന്‍ (12 പന്തില്‍ ഒരു സിക്‌സറും ആറ് ഫോറുമടക്കം 32) എന്നിവരുടെ പ്രകടനമാണു സൂപ്പര്‍ കിങ്‌സിനെ 200 കടത്തിയത്. ഗെയ്‌ക്വാദിന്റെ തെറ്റായ തീരുമാനങ്ങളാണു തോല്‍വിക്കു കാരണമെന്നു സൂപ്പര്‍ കിങ്‌സിന്റെ മുന്‍ താരം അമ്പാട്ടി റായിഡു കുറ്റപ്പെടുത്തി. ഇന്നു നടക്കുന്ന മത്സരത്തില്‍ സൂപ്പര്‍ കിങ്‌സ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ നേരിടാനിരിക്കുകയാണ്. ബംഗളുരുവിലെ ചിന്നസ്വാമി സ്‌റ്റേഡിയത്തിലാണു മത്സരം.
നായകനെന്ന നിലയില്‍ ഋതുരാജ് ഗെയ്‌ക്വാദിന്റെ തുടര്‍ച്ചയായ ആറാം തോല്‍വിയാണിത്. കഴിഞ്ഞ സീസണില്‍ ആര്‍.സി.ബി., രാജസ്‌ഥാന്‍ റോയല്‍സ്, ഡല്‍ഹി ക്യാപ്പിറ്റല്‍സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് എന്നിവര്‍ക്കെതിരേ തോറ്റിരുന്നു. 19-ാം സീസണിലെ ആദ്യ രണ്ട് മത്സരങ്ങളും അവര്‍ തോറ്റു.
സ്വന്തം തട്ടകമായ എം.എ. ചിദംബരം സ്‌റ്റേഡിയത്തില്‍ കഴിഞ്ഞ ഏഴ് മത്സരത്തിലും ടീം തോറ്റു. മുംബൈ ഇന്ത്യന്‍സിനെതിരെയാണ് സൂപ്പര്‍ കിങ്‌സ് ഇവിടെ അവസാനം ജയിച്ചത്. പഞ്ചാബിനെതിരേ ബാറ്റര്‍മാര്‍ തിളങ്ങിയ മത്സരത്തില്‍ ബൗളര്‍മാരുടെ മോശം പ്രകടനമാണ് ടീമിനെ തോല്‍വിയിലേക്ക് തള്ളിയിട്ടത്. മുന്‍ നായകന്‍ എം.എസ്. ധോണിയില്ലാതെയായിരുന്നു സൂപ്പര്‍ കിങ്‌സ് കളത്തിലറങ്ങിയത്.



