
ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ട്വന്റി20 ക്രിക്കറ്റില്‍ തുടര്‍ച്ചയായ രണ്ടാം ജയവുമായി ഡല്‍ഹി ക്യാപിറ്റല്‍സ്. ഇന്നലെ സ്വന്തം തട്ടകമായ അരുണ്‍ ജയ്‌റ്റ്ലി സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഡല്‍ഹി മുംബൈ ഇന്ത്യന്‍സിനെ ആറ് വിക്കറ്റിനു തോല്‍പ്പിച്ചു. ആദ്യം ബാറ്റ് ചെയ്‌ത മുംബൈ ഇന്ത്യന്‍സ് ആറ് വിക്കറ്റിന് 162 റണ്ണെടുത്തു. മറുപടി ബാറ്റ് ചെയ്‌ത ഡല്‍ഹി കളി തീരാന്‍ 11 പന്തുകള്‍ ശേഷിക്കേ വിജയ റണ്ണെടുത്തു.
51 പന്തില്‍ ഏഴ് സിക്‌സറും ഏഴ് ഫോറുമടക്കം 90 റണ്ണെടുത്ത സമീര്‍ റിസ്‌വിയാണു ഡല്‍ഹിയെ തോല്‍വിയുടെ വക്കില്‍നിന്നു രക്ഷിച്ചെടുത്തത്. ലഖ്‌നൗ സൂപ്പര്‍ ജയന്റിനെതിരേ നടന്ന ആദ്യ മത്സരത്തിലും റിസ്‌വി അര്‍ധ സെഞ്ചുറിയുമായി തിളങ്ങിയിരുന്നു. ലോകേഷ് രാഹുല്‍ (ഒന്ന്), നിതീഷ് റാണ (0), പാതും നിസങ്ക (30 പന്തില്‍ ഒരു സിക്‌സറും ആറ് ഫോറുമടക്കം 44) എന്നിവരെ പുറത്താക്കി മുംബൈ ഡല്‍ഹിയെ ഞെട്ടിച്ചിരുന്നു. നിസങ്കയും റിസ്‌വിയും ചേര്‍ന്ന മൂന്നാം വിക്കറ്റ് കൂട്ടുകെട്ട് ടീമിനെ കരകയറ്റി. ഇരുവരും ക്രീസില്‍ നിലയുറപ്പിച്ച് ബാറ്റേന്തിയതോടെ ഡല്‍ഹി മത്സരത്തിലേക്ക് തിരിച്ചുവന്നു.
എട്ടാം ഓവറില്‍ കൂട്ട്‌കെട്ട് 50 ലെത്തി. നിസങ്കയെ മിച്ചല്‍ സാന്റ്‌നര്‍ മായങ്ക് മര്‍കാണ്ഡെയുടെ കൈയിലെത്തിച്ചു കൂട്ടുകെട്ട് പൊളിച്ചു. പത്തോവര്‍ പിന്നിടുമ്പോള്‍ ഡല്‍ഹി മൂന്ന് വിക്കറ്റിന് 73 റണ്‍ എന്ന നിലയിലായിരുന്നു. പിന്നീടാണു സമീര്‍ റിസ്‌വിയുടെ വെടിക്കെട്ടുണ്ടായത്. കോര്‍ബിന്‍ ബോഷ് എറിഞ്ഞ 11-ാം ഓവറില്‍ 20 റണ്ണാണ് താരം അടിച്ചെടുത്തത്. 12-ാം ഓവറിലും തകര്‍ത്തടിച്ച റിസ്‌വി അര്‍ധ സെഞ്ചുറി തികച്ചു. ഓവറില്‍ രണ്ട് സിക്‌സറുകളടക്കം 14 റണ്‍ പിറന്നു. 16-ാം ഓവര്‍ അവസാനിക്കുമ്പോള്‍ ഡല്‍ഹി മൂന്നിന് 149 എന്ന നിലയിലായിരുന്നു. 17-ാം ഓവറില്‍ റിസ്‌വിലെ ബോഷ് തിലക് വര്‍മയുടെ കൈയിലെത്തിച്ചെങ്കിലും ഡേവിഡ് മില്ലറും (18 പന്തില്‍ 21) ട്രിസ്‌റ്റണ്‍ സ്‌റ്റബ്‌സും (മൂന്ന്) ചേര്‍ന്ന് ടീമിനെ ജയത്തിലെത്തിച്ചു. ടോസ് നേടിയ ഡല്‍ഹി നായകന്‍ അക്ഷര്‍ പട്ടേല്‍ മുംബൈ ഇന്ത്യന്‍സിനെ ആദ്യം ബാറ്റ് ചെയ്യാന്‍ വിട്ടു.
മുംബൈയെ ഡല്‍ഹി ബൗളര്‍മാര്‍ ഞെട്ടിച്ചു. 18 റണ്ണെടുക്കുന്നതിനിടെ റയാന്‍ റികല്‍ടണും (ഒന്‍പത്) തിലക് വര്‍മയും (0) പുറത്തായി. മുകേഷ് കുമാര്‍ ഒരേ ഓവറിലാണ് ഇരുവരെയും പുറത്താക്കിയത്. മൂന്നാം വിക്കറ്റില്‍ ഒന്നിച്ച ഓപ്പണര്‍ രോഹിത് ശര്‍മയും (26 പന്തില്‍ ഒരു സിക്‌സറും അഞ്ച് ഫോറുമടക്കം 35) നായകന്‍ സൂര്യകുമാര്‍ യാദവും (36 പന്തില്‍ രണ്ട് സിക്‌സറും മൂന്ന് ഫോറുമടക്കം 51) ടീമിനെ കരകയറ്റി. ഏഴ് ഓവറില്‍ മുംബൈ അമ്പത് കടന്നു. രോഹിത്തും സൂര്യകുമാറും ട്രാക്ക് മാറ്റിയതോടെയാണ് മുംബൈ സ്‌കോര്‍ 70 കടന്നത്. രോഹിത്തിനെ പുറത്താക്കി അക്ഷര്‍ പട്ടേല്‍ കൂട്ടുകെട്ട് പൊളിച്ചു. പിന്നാലെയിറങ്ങിയ ഷെര്‍ഫാനെ റഥര്‍ഫോഡ് അഞ്ച് റണ്ണുമായി മടങ്ങി. അഞ്ചാം വിക്കറ്റില്‍ സൂര്യയും നമന്‍ ധിറും (21 പന്തില്‍ ഒരു സിക്‌സറും രണ്ട് ഫോറുമടക്കം 28) ചേര്‍ന്ന് ടീമിനെ നൂറുകടത്തി. സൂര്യ അര്‍ധ സെഞ്ചുറിയും കടന്നു. 16-ാം ഓവറില്‍ സൂര്യയെ ലുങ്കി എന്‍ഗിഡി വിക്കറ്റിനു മുന്നില്‍ കുടുക്കി. മിച്ചല്‍ സാന്റ്‌നര്‍ 13 പന്തില്‍ 18 റണ്ണും കോര്‍ബിന്‍ ബോഷ് നാല് പന്തില്‍ 11 റണ്ണെടുത്തും പുറത്താകാതെനിന്നു. ഡല്‍ഹിക്കായി മുകേഷ് കുമാര്‍ രണ്ട് വിക്കറ്റും എന്‍ഗിഡി, അക്ഷര്‍ പട്ടേല്‍, വിപ്രാജ് നിഗം, ടി. നടരാജന്‍ എന്നിവര്‍ ഒരു വിക്കറ്റ് വീതമെടുത്തു.



