
അഹമ്മദാബാദ്: ഗുജറാത്ത് ടൈറ്റന്‍സിനെതിരായ ഐ.പി.എല്‍. ക്രിക്കറ്റ് മത്സരത്തില്‍ കൂറ്റന്‍ സ്‌കോറുമായി രാജസ്‌ഥാന്‍ റോയല്‍സ്. നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ ആദ്യം ബാറ്റ് ചെയ്‌ത രാജസ്‌ഥാന്‍ ആറ് വിക്കറ്റിന് 210 റണ്ണെടുത്തു.
ടോസ് നേടിയ രാജസ്‌ഥാന്‍ നായകന്‍ റിയാന്‍ പരാഗ് ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിച്ചു. ഓപ്പണര്‍ യശസ്വി ജയ്‌സ്വാള്‍ (36 പന്തില്‍ മൂന്ന് സിക്‌സറും ആറ് ഫോറുമടക്കം 55), വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ധ്രുവ് ജൂറല്‍ (42 പന്തില്‍ അഞ്ച് സിക്‌സറും അഞ്ച് ഫോറുമടക്കം 75) എന്നിവരുടെ അര്‍ധ സെഞ്ചുറികളും ഓപ്പണര്‍ വൈഭവ് സൂര്യവംശിയുടെ (18 പന്തില്‍ ഒരു സിക്‌സറും അഞ്ച് ഫോറുമടക്കം 31) വെടിക്കെട്ടുമാണു ടീമിനെ മികച്ച നിലയിലെത്തിച്ചത്. ഹിംറോണ്‍ ഹിറ്റ്‌മീര്‍ എട്ട് പന്തില്‍ രണ്ട് സിക്‌സറും ഒരു ഫോറുമടക്കം 18 റണ്ണെടുത്തു. യശസ്വി ജയ്‌സ്വാളും വൈഭവ് സൂര്യവംശിയും കൂറ്റനടികള്‍ നടത്തി രാജസ്‌ഥാന് നല്ല തുടക്കംനല്‍കി. പവര്‍പ്ലേയില്‍ ടീം സ്‌കോര്‍ 69 ലെത്തി. പവര്‍പ്ലേയില്‍ ക്യാച്ചുകള്‍ കൈവിട്ടും റണ്‍ഔട്ട് നഷ്‌ടപ്പെടുത്തിയും ഗുജറാത്ത് ഫീല്‍ഡര്‍മാര്‍ രാജസ്‌ഥാന് തുണയായി.
വൈഭവിനെ ഗുജറാത്ത് നായകന്‍ റാഷിദ് ഖാന്‍ ഗ്ലെന്‍ ഫിലിപ്‌സിന്റെ കൈയിലെത്തിച്ചു കൂട്ടുകെട്ട് പൊളിച്ചു. മൂന്നാമനായ ജുറേലിന്റെ ഊഴമായിരുന്നു പിന്നീട്. ജുറേലിന്റെ തകര്‍പ്പന്‍ പ്രകടനമാണ് രാജസ്‌ഥാന്റെ സ്‌കോര്‍ 200 ലെത്തിച്ചത്. അവസാന ഓവറില്‍ മുഹമ്മദ് സിറാജിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ജോസ് ബട്ട്‌്ലര്‍ക്ക് ക്യാച്ച് നല്‍കിയാണ് താരം മടങ്ങിയത്. റിയാന്‍ പരാഗ് നേരിട്ട പന്തില്‍ തന്നെ സിക്‌സര്‍ അടിച്ചെങ്കിലും എട്ട് റണ്ണിനു പുറത്തായി. ഗുജറാത്തിനായി കാഗിസോ റബാഡ നാല് ഓവറില്‍ 42 റണ്‍ വഴങ്ങി രണ്ട് വിക്കറ്റെടുത്തു. റാഷിദ് ഖാന്‍, പ്രസിദ്ധ് കൃഷ്‌ണ, അശോക് ശര്‍മ, മുഹമ്മദ് സിറാജ് എന്നിവര്‍ ഒരു വിക്കറ്റമെടുത്തു.



