
കൊച്ചി: ലൈംഗികപീഡനക്കേസില്‍ അറസ്റ്റിലായ നടനും സംവിധായകനുമായ രഞ്ജിത്തിനെതിരേ ഉയരുന്ന മൂന്നാമത്തെ ലൈംഗികപീഡനക്കേസ്. കഴിഞ്ഞ രണ്ടു കേസുകളിലും രക്ഷപ്പെട്ട രഞ്ജിത്തിന് പക്ഷേ മൂന്നാമത്തെ കേസില്‍ രക്ഷപ്പെടാനായില്ല. തെളിവുകളുടെ അടിസ്ഥാനത്തില്‍ രഹസ്യമായ അന്വേഷണം നടത്തിയായിരുന്നു പോലീസ് ഇത്തവണ രഞ്ജിത്തിനെ കുടുക്കിയത്.
കേസെടുത്തതും തുടര്‍നടപടികളും അതീവ രഹസ്യമായാണ് നടത്തിയത്. പരാതി സിറ്റി കമ്മിഷണര്‍ കാളിരാജ് മഹേശ്വറിന് കൈമാറിയിരുന്നു. നടിയുടെ മൊഴിയില്‍ കഴമ്പുണ്ടെന്നാണ് പോലിസ് പറയുന്നത്. ബംഗാളി നടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന ആരോപണത്തില്‍ 2024 ഓഗസ്റ്റില്‍ രഞ്ജിത് കേരള ചലച്ചിത്ര അക്കാദമി അധ്യക്ഷ സ്ഥാനം രാജിവച്ചിരുന്നു. 2009-10 കാലഘട്ടത്തില്‍ രഞ്ജിത്ത് സംവിധാനം ചെയ്ത 'പാലേരി മാണിക്യം' സിനിമയില്‍ അഭിനയിക്കാന്‍ എത്തിയപ്പോള്‍ മോശമായി പെരുമാറിയെന്നാണ് ബംഗാളി നടി വെളിപ്പെടുത്തിയത്.
ഒരു രാത്രി മുഴുവന്‍ ഹോട്ടലില്‍ പേടിച്ചാണ് കഴിഞ്ഞതെന്നും നടി പറഞ്ഞിരുന്നു. സംഭവത്തില്‍ പരാതി അറിയിച്ചിരുന്നു. തുടര്‍ന്ന് പാലേരി മാണിക്യത്തിലും മറ്റ് മലയാളം സിനിമകളിലും അവസരം നിഷേധിക്കപ്പെട്ടതായും നടി വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ ഈ കേസില്‍ കേസിന്റെ സമയം പരിഗണിച്ച് ഹൈക്കോടതി തള്ളുകയയായിരുന്നു. ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെയായിരുന്നു സംഭവം.
പിന്നാലെ കോഴിക്കോട്ടുള്ള ഒരു യുവാവ് നല്‍കിയ പരാതിയില്‍ കര്‍ണാടകയിലെ പോലീസ് കേസെടുത്തിരുന്നു. എന്നാല്‍ വേണ്ടത്ര തെളിവില്ലാത്ത സാഹചര്യത്തില്‍ ആ കേസും കോടതിയില്‍ തള്ളിപ്പോകുകയായിരുന്നു.
രഞ്ജിത്തിന്റെ പുതിയ സിനിമയില്‍ അഭിനയിക്കുന്ന നടിയാണ് പുതിയ പരാതിക്കാരി. കോട്ടയത്തെ ഷൂട്ടിങ് ലൊക്കേഷനില്‍വെച്ച് രണ്ട് മാസം മുന്‍പാണ് സംഭവം നടന്നത്. കൂടുതല്‍ പ്രാധാന്യമുള്ള റോള്‍ നല്‍കാമെന്ന് പറഞ്ഞ് കാരവാനിലേക്ക് വിളിച്ചുവരുത്തി രഞ്ജിത്ത് ലൈംഗികമായി ഉപദ്രവിച്ചുവെന്നാണ് നടി പറയുന്നത്. ഇതിനിടെ പുറത്തേയ്ക്ക് ഓടിയ നടി സഹപ്രവര്‍ത്തകരോട് കാര്യം പറഞ്ഞു. ഡിജിപിക്ക് നല്‍കിയ പരാതിയില്‍ നടിയുടെ മൊഴി രേഖപ്പെടുത്തി. കൊച്ചി ഡിസിപി അശ്വതി ജിജിയുടെ നേതൃത്വത്തില്‍ അന്വേഷണം നടത്തിവരികയായിരുന്നു.






