
ദോഹ: അറിവിന്റെ ചിറകിലേറി 25,000 പാഠപുസ്തകങ്ങളുമായി ക്വിഖ്-ഐസിബിഎഫ് പുസ്തകമേള ശ്രദ്ധേയമായി. കേരളാ വുമൺസ് ഇനിഷ്യേറ്റിവ് ഖത്തറും (ക്വിഖ്) ഇന്ത്യൻ കമ്യൂണിറ്റി ബെനവലന്റ് ഫോറവും (ഐസിബിഎഫ്) സംയുക്തമായി സംഘടിപ്പിച്ച ഒമ്പതാമത് സൗജന്യ പുസ്തകമേള വിജയകരമായി സമാപിച്ചു. ഐസിബിഎഫ് കാഞ്ചാണിഹാളിൽ അഞ്ച് ദിവസങ്ങളിലായി നടന്ന മേളയിൽ നാലാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള 25,000-ത്തോളം സിബിഎസ്ഇ അക്കാദമിക് പുസ്തകങ്ങളാണ് വിദ്യാർത്ഥികൾക്കായി കൈമാറിയത്.മേളയുടെ ഉദ്ഘാടനച്ചടങ്ങിൽ ഇന്ത്യൻ അംബാസഡർ വിപുൽ മുഖ്യാതിഥിയായി പങ്കെടുത്തു. ഖത്തറിലെ ഇന്ത്യൻ സമൂഹത്തിന് ഏറെ പ്രയോജനപ്രദമായ ഇത്തരം വേറിട്ട സേവനപ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന് ഇന്ത്യൻ സ്ഥാനപതി അഭിപ്രായപ്പെട്ടു.
പഴയ പുസ്തകങ്ങൾ പുതിയ കുട്ടികളിലേക്ക്എത്തിയതോടെ ഏകദേശം രണ്ടായിരത്തോളം രക്ഷിതാക്കൾക്ക് പുസ്തകമേള വലിയ ആശ്വാസമായി. പുസ്തകങ്ങളുടെ പുനരുപയോഗം പ്രോത്സാഹിപ്പിക്കുന്നതിലൂടെ സുസ്ഥിരമായ സാമൂഹിക മാതൃകയാണ് ക്വിഖ് മുന്നോട്ടുവെക്കുന്നതെന്ന് ചടങ്ങിൽ സംസാരിച്ചവർ ചൂണ്ടിക്കാട്ടി.ഐസിബിഎഫ് പ്രസിഡന്റ് ഷാനവാസ് ബാവ അധ്യക്ഷത വഹിച്ച ചടങ്ങിൽ ക്വിഖ് പ്രസിഡന്റ് അഞ്ജു മേനോൻ സ്വാഗതവും ഐസിബിഎഫ് ജനറൽ സെക്രട്ടറി ദീപക് ഷെട്ടി നന്ദിയും പറഞ്ഞു. വെല്ലുവിളികൾക്കിടയിലും ഓരോ വർഷവും മികച്ച രീതിയിൽ മേള സംഘടിപ്പിക്കുന്ന ക്വിഖ് പ്രവർത്തകരെ രക്ഷാധികാരി സറീന അഹദ്പ്രശംസിച്ചു.
ഐസിബിഎഫ് അഡ്വൈസറി ചെയർമാൻ കെ.എസ്. പ്രസാദ്, വൈസ് പ്രസിഡൻറ് അഹമ്മദ് റഷീദ്, ഐസിസി വൈസ് പ്രസിഡൻറ് ശന്തനു ദേശ്പാണ്ടെ, ഐഎസ്‌സി പ്രസിഡൻറ് ഇ.പി. അബ്ദുറഹിമാൻ, മുൻ ഐസിസി പ്രസിഡൻറ് മിലൻ അരുണ്‍, ഐസിസി ജനറൽ സെക്രട്ടറി അബ്രഹാം ജോസഫ്, ഐസിസി മാനേജ്‍മെന്റ് കമ്മിറ്റി അംഗങ്ങളായ നന്ദിനി, രവീന്ദ്രപ്രസാദ്, ഐസിബിഎഫ് മാനേജ്‍മെന്റ് കമ്മിറ്റി അംഗങ്ങളായ ഖാജ നിസാമുദ്ദീൻ, മണിഭാരതി, ഐസിബിഎഫ് മുൻ ജനറൽ സെക്രട്ടറികെ.വി.ബോബൻ, ഐസിബിഎഫ് മുൻ മാനേജ്‌മെന്റ് കമ്മിറ്റി അംഗം അബ്ദുൽ റൗഫ്, ഐസിസി മുൻ മാനേജ്‌മന്റ് കമ്മിറ്റി അംഗം ഗാർഗി എന്നിവർ ഉൾപ്പെടെ ഖത്തറിലെ ഇന്ത്യൻ സമൂഹത്തിലെ ഒട്ടേറെ നേതാക്കൾ മേളയിൽ പങ്കെടുത്തു.
ക്വിഖ് കൺവീനർ ലസിത ഗിരീഷ്, വൈസ് പ്രസിഡന്റ് ഡോ. ഇന്ദുലേഖ സുമേഷ്, ഫസീല അബ്ദുൽ സലാം, ഷഹനാസ് അബ്ദുൽ സലാം, ഷെഹ്‌ന ഫൈസൽ എന്നിവർ നേതൃത്വം നൽകി.






