ദോഹ: പശ്ചിമേഷ്യൻ സംഘർഷ സാഹചര്യത്തിലും ഖത്തർ എയർവേയ്‌സ് പറന്നുയരുന്നു.ആഗോളതലത്തിൽ തങ്ങളുടെ വിമാന സർവീസുകൾ ഘട്ടംഘട്ടമായി വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി പരിഷ്കരിച്ച പുതിയ സമയവിവരപ്പട്ടിക ഖത്തർ എയർവേയ്‌സ് പുറത്തിറക്കി. പുതിയ ഷെഡ്യൂൾ പ്രകാരം 2026 മെയ് പകുതിയോടെ ദോഹയിൽ നിന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 120-ലധികം കേന്ദ്രങ്ങളിലേക്ക് സർവീസുകൾ പുനഃസ്ഥാപിക്കുമെന്ന് കമ്പനി അറിയിച്ചു.
നിലവിലെ സാഹചര്യത്തിൽ ഖത്തർ സിവിൽ ഏവിയേഷൻ അതോറിറ്റിയുമായി ചേർന്ന് നിശ്ചയിച്ചിട്ടുള്ള പ്രത്യേക സുരക്ഷിത വ്യോമപാതകളിലൂടെ (Dedicated flight corridors) മാത്രമായിരിക്കും സർവീസുകൾ നടത്തുകയെന്ന് എയർലൈൻ പ്രസ്താവനയിൽ വ്യക്തമാക്കി. എന്നാൽ സുരക്ഷാപരമായ കാരണങ്ങളാലോ മറ്റ് സാങ്കേതിക സാഹചര്യങ്ങളാലോ വിമാന സമയത്തിൽ മാറ്റം വരാനോ സർവീസുകൾ റദ്ദാക്കാനോ സാധ്യതയുണ്ടെന്നും കമ്പനി മുന്നറിയിപ്പ് നൽകി.പുതിയ ഷെഡ്യൂൾ പ്രകാരം വിമാനങ്ങൾ ബുക്ക് ചെയ്തിട്ടുള്ള യാത്രക്കാരെ പുതിയ വിവരങ്ങൾ അറിയിക്കുന്നതിനായി നേരിട്ട് ബന്ധപ്പെടും. യാത്രക്കാർ തങ്ങളുടെ കോൺടാക്ട് വിവരങ്ങൾ കൃത്യമാണെന്ന് ഖത്തർ എയർവേയ്‌സ് വെബ്‌സൈറ്റിലൂടെയോ ആപ്പിലൂടെയോ ഉറപ്പുവരുത്തണമെന്ന് അധികൃതർ നിർദ്ദേശിച്ചു. യാത്രയ്ക്ക് മുൻപായി വിമാനങ്ങളുടെ നിലവിലെ സ്ഥിതി പരിശോധിക്കാനും യാത്രക്കാരോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഷഫീക്ക് അറയ്ക്കൽ






