
കുവൈത്ത് സിറ്റി: പ്രതികൂല സാഹചര്യങ്ങളെത്തുടര്‍ന്ന് ഇന്ത്യയില്‍ കുടുങ്ങിപ്പോയ നഴ്‌സുമാരായ അംഗങ്ങളെയും അവരുടെ കുടുംബങ്ങളെയും സുരക്ഷിതമായി കുവൈത്തില്‍ തിരിച്ചെത്തിച്ച് നഴ്‌സുമാരുടെ കൂട്ടായ്മയായ 'നൈറ്റിംഗേല്‍സ് ഓഫ് കുവൈത്ത്' (NOK). ജസീറ എയര്‍വേയ്സുമായി നേരിട്ട് ഏകോപനം നടത്തി വിപണിയിലെ നിലവിലെ നിരക്കുകളേക്കാള്‍ കുറഞ്ഞ നിരക്കില്‍ വിമാന ടിക്കറ്റുകള്‍ ലഭ്യമാക്കിയാണ് സംഘടന ഈ ദൗത്യം പൂര്‍ത്തിയാക്കിയത്. ഇടനിലക്കാരെ ഒഴിവാക്കിയതിലൂടെ കുറഞ്ഞ ചെലവില്‍ യാത്ര സാധ്യമാക്കിയതിനൊപ്പം പ്രവര്‍ത്തനങ്ങളില്‍ പൂര്‍ണ്ണമായ സുതാര്യത ഉറപ്പാക്കാനും സംഘടനയ്ക്ക് സാധിച്ചു.
പ്രസിഡന്റ് സിജുമോന്‍ തോമസ്, ജനറല്‍ സെക്രട്ടറി ടീന സൂസന്‍ തങ്കച്ചന്‍ എന്നിവരുടെ നേതൃത്വത്തില്‍ പാട്രണ്‍ റോയ് യോഹന്നാന്‍ ഉള്‍പ്പെടെയുള്ള എക്‌സിക്യൂട്ടീവ് അംഗങ്ങളുടെ സഹകരണത്തോടെയാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചത്. ഏകദേശം 16 മണിക്കൂര്‍ നീണ്ട യാത്രയ്ക്ക് ശേഷം കുവൈത്തിലെത്തിയ അംഗങ്ങളെയും കുടുംബങ്ങളെയും സ്വീകരിക്കാന്‍ സംഘടനാ ഭാരവാഹികള്‍ നേരിട്ടെത്തിയിരുന്നു. ഇവര്‍ക്കായി ഷെഫ് നൗഷാദ് റെസ്റ്റോറന്റില്‍ പ്രഭാതഭക്ഷണവും തുടര്‍ന്ന് താമസസ്ഥലങ്ങളിലേക്ക് പോകാനുള്ള പ്രാദേശിക ഗതാഗത സൗകര്യങ്ങളും സംഘടന ഒരുക്കിയിരുന്നുവെന്ന് പ്രസിഡന്റ് സിജുമോന്‍ തോമസ് അറിയിച്ചു.






