
ദോഹ: ഖത്തറിന്റെ വടക്കൻ സമുദ്രമേഖലയിൽ ഖത്തർ എനർജി ചാർട്ടർ ചെയ്ത ഇന്ധന ടാങ്കറിന് നേരെ മിസൈൽ ആക്രമണം. ഇന്ന് (ഏപ്രിൽ 1ബുധനാഴ്ച) പുലർച്ചെയാണ് 'അക്വാ 1' എന്ന ടാങ്കറിന് നേരെ ആക്രമണമുണ്ടായതെന്ന് ഖത്തർ എനർജി സ്ഥിരീകരിച്ചു. ഇറാനിൽ നിന്ന് വിക്ഷേപിച്ച മൂന്ന് ക്രൂയിസ് മിസൈലുകളാണ് ഖത്തറിനെ ലക്ഷ്യമിട്ടതെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു.
ഖത്തറിന് നേരെ വന്ന മൂന്ന് മിസൈലുകളിൽ രണ്ടെണ്ണം സായുധ സേന വിജയകരമായി തകർത്തു. എന്നാൽ മൂന്നാമത്തെ മിസൈൽ ഖത്തർ എനർജിയുടെ ഇന്ധന ടാങ്കറിൽ പതിക്കുകയായിരുന്നു. ആക്രമണത്തിൽ കപ്പലിലെ ജീവനക്കാർക്ക് പരിക്കേൽക്കുകയോ പരിസ്ഥിതിക്ക് ആഘാതം സംഭവിക്കുകയോ ചെയ്തിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കി. പ്രാദേശിക സുരക്ഷാ സാഹചര്യങ്ങൾ അതീവ ഗൗരവകരമായി തുടരുന്നതിനിടെയാണ് ഈ ആക്രമണം. ഖത്തർ പ്രതിരോധ മന്ത്രാലയവും സുരക്ഷാ ഏജൻസികളും സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്.
ഷഫീക്ക് അറയ്ക്കൽ






