
ചുരുങ്ങിയ സമയം കൊണ്ട് തന്നെ മലയാള സിനിമയിൽ സ്ഥാനം പിടിച്ച താരമാണ് പാര്‍വതി തിരുവോത്ത്. ‘ഔട്ട് ഓഫ് സിലബസ്’ എന്ന ചിത്രത്തിലൂടെയാണ് തുടക്കമെങ്കിലും ‘നോട്ട്ബുക്ക്’ എന്ന ചിത്രത്തിലെ മികച്ച അഭിനയത്തിലൂടെയാണ് താരം ശ്രദ്ധിക്കപ്പെട്ടത്. പിന്നീടങ്ങോട്ട് കാമ്പുള്ള കഥാപാത്രങ്ങളിലൂടെ മലയാളസിനിമയിൽ തന്റേതായ ഇടം ഉറപ്പിക്കാൻ പാർവതിയ്ക്കു സാധിച്ചു. മികച്ച നടിയ്ക്കുള്ള കേരള സംസ്ഥാനപുരസ്കാരവും പാർവതിയെ തേടിയെത്തി. സിറ്റി ഓഫ് ഗോഡ്, മരിയാൻ, ബാംഗ്ലൂർ ഡെയ്സ്, എന്ന് നിന്റെ മൊയ്തീൻ, ചാർളി, ടേക്ക് ഓഫ്, ഉയരെ, ഉള്ളൊഴുക്ക് എന്നീ ചിത്രങ്ങളിലെ താരത്തിന്റെ അഭിനയമികവ് പ്രേക്ഷകര്‍ കണ്ടറിഞ്ഞിട്ടുള്ളതാണ്.
മലയാള സിനിമയിലെ വനിതകളുടെ കൂട്ടായ്മയായ ഡബ്ല്യൂസിസിയുടെ സ്ഥാപക അംഗം കൂടിയായ താരം, തന്റെ വ്യക്തിജീവിതത്തെയും നിലപാടുകളെയും കുറിച്ച് നടത്തുന്ന തുറന്നുപറച്ചിലുകൾ എന്നും ചർച്ചയാകാറുണ്ട്. എന്നാലതിന്റെ പേരില്‍ താരത്തിന്റെ കരിയറില്‍ വലിയ ചലനങ്ങളൊന്നും സംഭവിച്ചിട്ടില്ല. മികച്ച കഥാപാത്രങ്ങള്‍ നല്‍കി പാര്‍വതി എന്നും പ്രേക്ഷകരെ അതിശയിപ്പിക്കാറുണ്ട്.
ഇപ്പോഴിതാ പിറന്നാൾ മാസം ആഘോഷമാക്കുകയാണ് പാര്‍വതി തിരുവോത്ത്. ബോൾഡ് ലുക്കിലുള്ള ചിത്രങ്ങളാണ് താരം സോഷ്യല്‍ മീഡിയയില്‍ പങ്കിട്ടിരിക്കുന്നത്. ‘‘പിറന്നാൾ മാസത്തിലേക്ക് ആഘോഷപൂർവ്വം ചുവടുവെക്കുന്നു...’’ എന്ന ക്യാപ്ഷന്‍ നല്‍കി താരം പങ്കിട്ട ചിത്രങ്ങള്‍ വൈറലാകുകയാണ്. ക്വാ ഡിസൈനേഴ്സിന്റെ സിഗ്നേച്ചർ സ്നേക്ക്‌സ്കിൻ ജാക്ക്വാർഡിൽ നിർമ്മിച്ച ഡബിൾ-ബ്രെസ്റ്റഡ് കോട്ടും കോ-ഓര്‍ഡ് സെറ്റുമാണ് താരം ധരിച്ചിരിക്കുന്നത്. സ്റ്റൈലിഷ് ബോള്‍ഡ് ലുക്കിലുള്ള താരത്തിന്റെ ചിത്രങ്ങള്‍ ഏറ്റെടുക്കുകയാണ് ആരാധകര്‍. രഞ്ജിനി ഹരിദാസ് അടക്കം നിരവധി സെലിബ്രിറ്റികളും ആരാധകരും താരത്തിന്റെ ബോള്‍ഡ് ലുക്കിനെ പ്രശംസിച്ച് കമന്റുകള്‍ കുറിക്കുന്നുണ്ട്.






