അഴിമതിരഹിത ഭരണസംവിധാനമെന്ന ജനാധിപത്യ സങ്കല്പത്തിന് കരുത്തുപകരാന്‍ രൂപം നല്കിയ ലോകായുക്ത സംവിധാനം, നിയമഭേദഗതിയുടെയും കോടതി വിധിയുടെയും പുതിയൊരു വഴിത്തിരിവിലാണ്. ലോകായുക്തയുടെ അധികാരം വെട്ടിക്കുറയ്ക്കുന്ന രീതിയില്‍ സര്‍ക്കാര്‍ കൊണ്ടുവന്ന നിയമഭേദഗതി ഹൈക്കോടതി ശരിവച്ചിരിക്കുന്നു. ലോകായുക്തയ്ക്ക് ജുഡീഷ്യല്‍ അധികാരമില്ലെന്നും സമിതിയുടെ റിപ്പോര്‍ട്ടുകള്‍ ബന്ധപ്പെട്ട അധികാരികള്‍ക്ക് (എക്സിക്യൂട്ടീവ്) പുനഃപരിശോധിക്കാമെന്നുമുള്ള വിധി സങ്കീര്‍ണമായ നിയമപ്രശ്നങ്ങള്‍ക്ക് താല്‍ക്കാലിക പരിഹാരമാകുന്നുണ്ടെങ്കിലും, അഴിമതിക്കെതിരായ ഈ 'കാവല്‍നായ' നിശബ്ദനാക്കപ്പെടുമോ എന്ന ആശങ്ക പൊതുസമൂഹത്തില്‍ അവശേഷിക്കുന്നുണ്ട്.
പദവിയിലിരിക്കുന്നവര്‍ അഴിമതി നടത്തിയെന്നു തെളിഞ്ഞാല്‍ അവര്‍ സ്ഥാനമൊഴിയണമെന്ന് നിര്‍ദേശിക്കാന്‍ ലോകായുക്തയ്ക്ക് മുന്‍പ് സാധിക്കുമായിരുന്നു. എന്നാല്‍, ഭേദഗതിയോടെ, ഈ റിപ്പോര്‍ട്ടുകളില്‍ അന്തിമ തീരുമാനമെടുക്കാനുള്ള അധികാരം മുഖ്യമന്ത്രിയിലേക്കും നിയമസഭയിലേക്കും വന്നെത്തിയിരിക്കുന്നു. കുറ്റം ആരോപിക്കപ്പെട്ടവര്‍ തന്നെ വിധിയെഴുത്തുകാരാകുന്നു എന്ന വൈരുദ്ധ്യം ഇവിടെ നിഴലിക്കുന്നുണ്ടെന്ന ഹര്‍ജിക്കാരുടെ വാദം തള്ളിക്കളയാവുന്നതല്ല. എങ്കിലും, ഭരണഘടനാപരമായ സന്തുലിതാവസ്ഥ ഉറപ്പാക്കാനാണ് കോടതി ശ്രമിച്ചിട്ടുള്ളത്.
ഈ സാഹചര്യത്തില്‍, പുതിയ നിയമം നടപ്പിലാക്കുമ്പോള്‍ ഭരണകൂടം അതീവ ജാഗ്രതയും നൈതികതയും പുലര്‍ത്തേണ്ടതുണ്ട്. കോടതി വിധിയില്‍ അടിവരയിട്ടു പറയുന്ന ചില നിര്‍ണായക കാര്യങ്ങള്‍ ഇവിടെ ശ്രദ്ധേയമാണ്. ലോകായുക്ത നല്കുന്ന റിപ്പോര്‍ട്ടുകള്‍ പൂഴ്ത്തിവയ്ക്കാന്‍ ഇനി സര്‍ക്കാരിന് കഴിയില്ല. 90 ദിവസത്തിനകം തീരുമാനമെടുത്തില്ലെങ്കില്‍ റിപ്പോര്‍ട്ട് അംഗീകരിച്ചതായി കണക്കാക്കപ്പെടുമെന്ന കോടതിയുടെ വ്യാഖ്യാനം സ്വാഗതാര്‍ഹമാണ്. ലോകായുക്തയുടെ ശിപാര്‍ശകള്‍ തള്ളണമെങ്കില്‍ അതിന് വ്യക്തമായ കാരണങ്ങള്‍ ബോധിപ്പിക്കാന്‍ അധികാരികള്‍ക്ക് ബാധ്യതയുണ്ട്. ഈ കാരണങ്ങള്‍ യുക്തിസഹമെല്ലങ്കില് പരാതിക്കാര്‍ക്ക് വീണ്ടും നീതിപീഠത്തെ സമീപിക്കാനുള്ള വാതില്‍ തുറന്നുതന്നെ കിടക്കുന്നു എന്നത് ആശ്വാസകരമാണ്.
വിധികള്‍ക്കപ്പുറം ആ സംവിധാനത്തിന്റെ വിശ്വാസ്യത നിലനിര്‍ത്തുക എന്ന ഭാരിച്ച ഉത്തരവാദിത്വം ഇനി സര്‍ക്കാരിന്റെ ചുമലിലാണ്. ലോകായുക്ത കണ്ടെത്തുന്ന അഴിമതികള്‍ രാഷ്ട്രീയ ഭൂരിപക്ഷത്തിന്റെ ബലത്തില്‍ നിയമസഭയോ മുഖ്യമന്ത്രിയോ തള്ളിക്കളയുന്നത് ജനാധിപത്യത്തിലെ ധാര്‍മികമായ വലിയ വീഴ്ചയായി കണക്കാക്കപ്പെടും. ഓരോ തീരുമാനവും പൊതുസമൂഹത്തിന്റെ സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാണെന്ന ബോധ്യം അധികാരികള്‍ക്കുണ്ടാകണം. അഴിമതിക്കെതിരേയുള്ള പോരാട്ടം വെറും സാങ്കേതികത്വങ്ങളില്‍ ഒതുങ്ങാതെ, നിയമത്തിന്റെ അന്തസ്സത്ത ഉള്‍ക്കൊണ്ടുകൊണ്ട് നടപ്പിലാക്കുമ്പോഴാണ് ലോകായുക്ത എന്ന സ്ഥാപനത്തിന്റെ നിലനില്പ് അര്‍ത്ഥപൂര്‍ണമാകുന്നത്.
ലോകായുക്ത എന്നത് കേവലം ഒരു ശിപാര്‍ശ സമിതിയല്ല. ജനാധിപത്യത്തിലെ സുതാര്യത ഉറപ്പാക്കുന്ന അത്യുന്നത സംവിധാനമാണ്. ആ സംവിധാനത്തെ 'പല്ലുകൊഴിഞ്ഞ സിംഹ'മാക്കാനല്ല, മറിച്ച് അതിന്റെ അന്തസ്സ് നിലനിര്‍ത്തിക്കൊണ്ട് ഭരണഘടനാപരമായ പരിമിതികള്‍ക്കുള്ളില്‍നിന്ന് പ്രവര്‍ത്തിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കേണ്ടത്. ലോകായുക്ത പദവിയിലേക്ക് ഹൈക്കോടതി റിട്ടയേര്‍ഡ് ചീഫ് ജസ്റ്റിസുമാരെ തന്നെ നിയമിക്കണമെന്ന മുന്‍ വ്യവസ്ഥ പുനഃസ്ഥാപിക്കണമെന്ന കോടതിയുടെ നിരീക്ഷണം സര്‍ക്കാര്‍ ഗൗരവമായി പരിഗണിക്കണം.
അഴിമതിക്കെതിരായ പോരാട്ടത്തില്‍ നിയമത്തിലെ സാങ്കേതികത്വങ്ങള്‍ സംരക്ഷണമൊരുക്കാന്‍ ഉപയോഗിക്കപ്പെടരുത്. നിയമസഭയ്ക്കും മുഖ്യമന്ത്രിക്കും ലഭിച്ചിരിക്കുന്ന ഈ പുനഃപരിശോധനാ അധികാരം രാഷ്ട്രീയ താല്പര്യങ്ങള് സംരക്ഷിക്കാനുള്ള കവചമായി മാറിയാല്‍, അത് കേരളം ദശാബ്ദങ്ങളായി കാത്തുസൂക്ഷിക്കുന്ന മൂല്യങ്ങള്‍ക്ക് വലിയ തിരിച്ചടിയാകും. ലോകായുക്തയുടെ അന്തസ്സും ഉദ്ദേശലക്ഷ്യങ്ങളും പൂര്‍ണമായും സംരക്ഷിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ ഭരണകൂടത്തിന് നിയമപരമായല്ല, ധാര്‍മികമായ ബാധ്യതയുണ്ട്. പ്രലോഭനങ്ങളില്ലാത്ത നീതിനിര്‍വഹണവും അഴിമതിക്കെതിരേയുള്ള വിട്ടുവീഴ്ചയില്ലാത്ത നിലപാടുമാണ് ജനങ്ങള്‍ പ്രതീക്ഷിക്കുന്നത്. ആ പ്രതീക്ഷ കാത്തുസൂക്ഷിക്കാന്‍ ഈ പുതിയ നിയമവ്യാഖ്യാനങ്ങള്‍ തടസ്സമാകരുത്.





