നാലരപ്പതിറ്റാണ്ടായി കേരളരാഷ്ട്രീയത്തിലുള്ള ബി.ജെ.പി. മുന്‍ സംസ്ഥാനാധ്യക്ഷന്‍ അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള ജാതി, മത, കക്ഷിഭേദമന്യേ വിപുലമായ സൗഹൃദവലയത്തിന്റെ ഉടമകൂടിയാണ്. മിസോറം, ഗോവ മുന്‍ ഗവര്‍ണറും നിരവധി പുസ്തകങ്ങളുടെ രചയിതാവും കവിയുമായ അദ്ദേഹം നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ പ്രതീക്ഷകള്‍ പങ്കുവയ്ക്കുന്നു.
ഈ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ പ്രതീക്ഷകള്‍?
മുമ്പൊക്കെ ബി.ജെ.പി. വോട്ടുകള്‍ അംഗങ്ങളുടേതും സംഘപരിവാര്‍ അനുഭാവികളുടേതുമായിരുന്നു. ഇപ്പോള്‍ പൊതുസമൂഹം ബി.ജെ.പിക്കൊപ്പമുണ്ട്. അതുകൊണ്ടാണ് സംസ്ഥാനതലസ്ഥാനമായ തിരുവനന്തപുരത്തും കൊച്ചിയുടെ ഹൃദയഭൂമിയായ തൃപ്പുണിത്തുറയിലും അധികാരത്തില്‍ വന്നത്. ബി.ജെ.പിക്കു വോട്ട് ചെയ്താല്‍ ജയിക്കുമെന്ന ധാരണ ജനങ്ങളിലുണ്ടായി. മോദി സര്‍ക്കാരിന്റെ നേട്ടങ്ങള്‍ സാധാരണക്കാരിലേക്ക് എത്തുന്നു. ഇതെല്ലാം ബി.ജെ.പിക്കു വന്‍മുന്നേറ്റമുണ്ടാക്കും. വലിയ മാറ്റമുണ്ടാക്കാന്‍ ബി.ജെ.പിക്കു കഴിയും. തൃശൂരില്‍ സുരേഷ് ഗോപി ജയിക്കുമെന്ന് ആരെങ്കിലും പ്രവചിച്ചിരുന്നോ? പ്രവചനങ്ങള്‍ക്കപ്പുറത്താണ് ബി.ജെ.പിയുടെ മുന്നേറ്റം. പൂരവുമായി ബന്ധപ്പെട്ടൊന്നുമല്ല സുരേഷ് ഗോപി തൃശൂരില്‍ മുന്നേറിയത്.
ന്യൂനപക്ഷ വോട്ടുകള്‍
ബി.ജെ.പിക്ക്
അനുകൂലമാകുമോ?
അനുകൂലമാണ്. പക്ഷേ, ഒരുപാട് കുപ്രചാരണങ്ങള്‍ നടക്കുന്നു. യു.ഡി.എഫും എല്‍.ഡി.എഫും നടത്തുന്ന അവാസ്തവപ്രചാരണങ്ങള് ഒരുപക്ഷേ ബി.ജെ.പിയെ ദോഷകരമായി ബാധിക്കുന്ന സന്ദര്‍ഭങ്ങള്‍ സൃഷ്ടിച്ചേക്കും. അത് അതിജീവിക്കാനുള്ള തന്ത്രങ്ങള്‍ ബി.ജെ.പിക്കുണ്ട്. ലോകത്ത് ഏറ്റവും സുരക്ഷിതമായ രാജ്യം മോദിയുടെ ഇന്ത്യയാണെന്ന് ന്യൂനപക്ഷങ്ങള്‍ക്ക് അറിയാം.
ക്രിസ്ത്യന്‍ വോട്ടുകള്‍
കിട്ടുമോ?
തൃശൂരില്‍ സുരേഷ് ഗോപിയുടെ വിജയത്തിലുള്പ്പെടെ ക്രിസ്ത്യന്‍ വോട്ടുകളുടെ പങ്കുണ്ട്. മുമ്പത്തേക്കാള്‍ കൂടുതല്‍ ക്രിസ്ത്യന്‍ വോട്ടുകള്‍ ലഭിക്കുന്ന സാഹചര്യമാണിപ്പോള്‍. അത് പല മണ്ഡലങ്ങളിലും വിജയികളെ തീരുമാനിക്കും.
ബി.ജെ.പിക്കെതിരായ
ഡീല്‍ ആരോപണം?
രണ്ട് കൂട്ടരും വെറുതേ ആരോപിക്കുകയാണ്. പരാജയഭീതി മൂലം പറയുന്നതാണിതൊക്കെ. ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ നുണയുമാണിത്.
പണ്ടത്തെ കോലീബി
സഖ്യം?
അത് പരസ്യമായി ചര്‍ച്ച നടത്തി ഉണ്ടാക്കിയതാണ്. ഇപ്പോള്‍ അങ്ങനെയൊരു ചര്‍ച്ചയുമില്ല.
പത്തുവര്‍ഷത്തെ
പിണറായി ഭരണം?
ജനവിരുദ്ധവും അഴിമതിയില്‍ മുങ്ങിക്കുളിച്ചതുമായ ഭരണം. യഥാര്‍ത്ഥത്തിലുള്ള ഒരു വികസനവും ജനങ്ങളിലെത്തിക്കാന്‍ അവര്‍ക്കായില്ല. കേന്ദ്രം ഫണ്ടുകള്‍ ലാപ്സാക്കുകയാണ്.
കേന്ദ്രം സഹായിച്ചില്ലെന്ന ആക്ഷേപത്തിന് അടിസ്ഥാനമില്ല. പദ്ധതികളുടെ ഒരുഘട്ടം പൂര്‍ത്തിയാക്കിയാലേ അടുത്ത ഘട്ടത്തിന് പണം ലഭിക്കൂ. കെടുകാര്യസ്ഥതയുടെ പ്രതീകമാണു കേരളഭരണം. ഇവിടെ ബി.ജെ.പി. ചെയ്യാന്‍ പോകുന്ന കാര്യങ്ങള്‍ പ്രകടനപത്രികയിലുണ്ട്.
എസ്.ഡി.പി.ഐ,
ജമാഅത്തെ ഇസ്ലാമി?
ഭീകരപ്രവര്‍ത്തനങ്ങളുടെ പേരില്‍ കേരളത്തിലെ മുസ്ലിംകള് അകറ്റിനിര്‍ത്തിയ എസ്.ഡി.പി.ഐയും ജമാഅത്തെ ഇസ്ലാമിയുമായുള്ള ബന്ധം യു.ഡി.എഫും എല്‍.ഡി.എഫും അവസാനിപ്പിക്കണം. അവരെ തള്ളിപ്പറയണം.
പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ തൊടുപുഴയില്‍ പ്രഫ. ജോസഫിന്റെ കൈ വെട്ടിമാറ്റിയ പ്രാകൃതവും നികൃഷ്ടവുമായ സംഭവത്തേത്തുടര്‍ന്നാണ് മുസ്ലിം സംഘടനകള്‍ അവസരത്തിനൊത്തുയര്‍ന്ന് കോട്ടയ്ക്കലില്‍ 2010 ഓഗസ്റ്റില്‍ സുപ്രധാനതീരുമാനങ്ങളെടുത്തത്.
നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ടിനായി ഈ കളങ്കിതപ്രസ്ഥാനങ്ങളെ ഇരുമുന്നണികളും പുല്കുകയാണ്. കോണ്‍ഗ്രസും സി.പി.എമ്മും മുസ്ലിംലീഗും രാജ്യതാത്പര്യങ്ങള്‍ അട്ടിമറിച്ചാണ് ഈ നിലപാട് സ്വീകരിച്ചിട്ടുള്ളത്. മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും ഇക്കാര്യത്തില്‍ നിലപാട് പുനഃപരിശോധിക്കണം. അപകടകാരികളായ തീവ്രവാദികളുമായുള്ള ബന്ധം ഉപേക്ഷിക്കണം.
വിനോദ് താമരശേരി





