ഗ്വാഡലൂപ: വരുന്ന ഫുട്ബോള്‍ ലോകകപ്പിന് യോഗ്യത നേടുന്ന അവസാന ടീമായി ഇറാഖ്. ഇന്റര്‍കോണ്ടിനെന്റല്‍ പ്ലേഓഫില്‍ ബോളീവിയയെ 2-1 നു തോല്പ്പിച്ചാണന് ഇറാഖ് 48-ാമത്തെ ടീമായത്.
1986 നു ശേഷം ആദ്യമായാണ് ഇറാഖ് ലോകകപ്പില്‍ കളിക്കുന്നത്. മെക്സിക്കോയിലെ ഗ്വാഡലൂപയിലെ ബിബിവിഎ ബാന്കോമറിലായിരുന്നു മത്സരം. ഇറാഖിനായി അലി അല്‍ ഹമാദിയും അയ്മന് ഹുസൈനും ഗോളടിച്ചു. ബൊളീവിയയ്ക്കായി മൊയ്സസ് പാനിയാഗ്വയാണു ഗോളടിച്ചത്. 10-ാം മിനിറ്റില്‍ ഹമാദി ഇറാഖിനെ മുന്നിലെത്തിച്ചു. 38-ാം മിനിറ്റില്‍ പാനിയാഗ്വ സമനില ഗോളടിച്ചു. 53-ാം മിനിറ്റില്‍ ഹുസൈന് വീണ്ടും ഇറാഖിനെ മുന്നിലെത്തിച്ചു.
മധ്യേഷ്യയിലെ സംഘര്‍ഷാവസ്ഥ കാരണം ഇറാഖി താരങ്ങള്‍ പരിശീലനത്തിനുള്ള അവസരം വിരളമായിരുന്നു. മൂന്ന് ദിവസം യാത്ര ചെയ്താണ് അവര്‍ മെക്സിക്കോയിലെത്തിയത്. കോച്ച് ഗ്രഹാം അര്‍നോള്‍ഡ് ടീമിന് പരിശീലിക്കാന്‍ മതിയായ അവസരം കിട്ടാത്തതില്‍ അസന്തുഷ്ടനായിരുന്നു. അലി അല്‍ ഹമാദിയുടെയും അയ്മന് ഹുസൈന്റെയും ഗോളുകള്‍ അദ്ദേഹത്തിന്റെ ആശങ്കകള്‍ അസ്ഥാനത്താക്കി. ഫ്രാന്‍സ്, സെനഗല്‍, നോര്‍വേ എന്നിവര്‍ക്കൊപ്പം ഐ ഗ്രൂപ്പിലാണ് ഇറാഖ് ലോകകപ്പ് കളിക്കുക.
ലോകകപ്പില്‍ ഇറാന് പങ്കെടുക്കുമെന്നും മത്സരങ്ങള്‍ മുമ്പ് നിശ്ചയിച്ചിരുന്നത് പോലെ യു.എസിലെ വേദികളില്‍ തന്നെ നടക്കുമെന്നും ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോ. തുര്‍ക്കിയില്‍ നടന്ന ഇറാന്റെ സൗഹൃദ മത്സരത്തിനിടെ സംസാരിക്കുകയായിരുന്നു ഇന്‍ഫാന്റിനോ. ''ഇറാന് ലോകകപ്പിലുണ്ടാകും. അതുകൊണ്ടാണ് നമ്മളിവിടെയുള്ളത്. അവര്‍ വളരെ ശക്തരായ ടീമാണ്'' ജിയാനി ഇന്‍ഫാന്റിനോ പറഞ്ഞു. തുടര്‍ സംഘര്‍ഷത്തെ തുടര്‍ന്ന് തങ്ങളുടെ മത്സരങ്ങള്‍ യു.എസില്‍നിന്ന് മെക്സിക്കോയിലേക്ക് മാറ്റണമെന്ന് ഇറാന് ഫിഫയോട് ആവശ്യപ്പെട്ടിരുന്നു. ആവശ്യം അംഗീകരിക്കില്ലെന്ന് ഫിഫ വ്യക്തമാക്കിയിരുന്നു. ലോകകപ്പ് യോഗ്യത നേടിയ ആദ്യ രാജ്യമാണ് ഇറാന്. ഫുട്ബോള്‍ ഭ്രാന്തന്മാരുള്ള രാജ്യവുമാണ്. അതുകൊണ്ട് തന്നെ പ്ലാന്‍ ബിയും സിയുമൊന്നുമില്ല. അവര്‍ ലോകകപ്പില്‍ മത്സരിക്കും- ഇന്‍ഫാന്റിനോ പറഞ്ഞു. ജൂണ്‍ 11 നാണ് ലോകകപ്പ് ആരംഭിക്കുന്നത്. യു.എസ്.എ., മെക്സിക്കോ, കാനഡ തുടങ്ങിയ രാജ്യങ്ങള്‍ സംയുക്തമായാണ് ലോകകപ്പിന് വേദിയാകുക. ഗ്രൂപ്പ് ജിയില്‍ ഉള്‍പ്പെടുന്ന ഇറാന് ജൂണ്‍ 15 ന് ലോസാഞ്ചല്‍സില്‍ നടക്കുന്ന മത്സരത്തില്‍ ന്യൂസിലന്ഡിനെയാണു നേരിടേണ്ടത്.





