സെനിക: ലോകകപ്പ് ഫുട്ബോള്‍ തുടര്‍ച്ചയായ മൂന്നാം തവണയും ഇറ്റലിയില്ല. യൂറോപ്യന്‍ മേഖലാ യോഗ്യതാ റൗണ്ട് പ്ലേഓഫ് ഫൈനലില്‍ ബോസ്നിയ ഹെര്സഗോവ്നിയോടു പെനാല്‍റ്റി ഷൂട്ടൗട്ടിലാണ് (4-1) ഇറ്റലി തോറ്റത്.
സ്വന്തം തട്ടകമായ ബിലിനോ പോജെയില് നടന്ന മത്സരത്തിന്റെ മുഴുവന്‍ സമയത്തും അധിക സമയത്തും സ്കോര്‍ 1-1 നു തുല്യനിലയിലായിരുന്നു. 15-ാം മിനിറ്റില്‍ മൊയ്സസ് കീന്‍ ഇറ്റലിയെ മുന്നിലെത്തിച്ചു. 79-ാം മിനിറ്റില്‍ ഹാരിസ് ടാബാകോവിച് ബോസ്നിയയെ ഒപ്പമെത്തിച്ചു. 41-ാം മിനിറ്റില്‍ അലക്സാന്‍ഡ്രോ ബാസ്തോണി ചുവപ്പ് കാര്‍ഡ് കണ്ടു പുറത്തായതും ഇറ്റലിക്കു ക്ഷീണമായി. ഷൂട്ടൗട്ടില്‍ ഇറ്റലിയുടെ ബ്രിയാന്‍ ക്രിസ്റ്റാനെ, പിയോ എസ്പോസിറ്റോ എന്നിവര്‍ക്കു ലക്ഷ്യം കാണാനായില്ല. ബെഞ്ചമിന്‍ താഹിറോവിച്, ഹാരിസ് ടാബാകോവിച്, കെരിം അലാജ്ബെഗോവിച്, എസ്മിര്‍ ബാജ്റാക്രാവിച് എന്നിവരുടെ കിക്കുകള്‍ ഇറ്റാലിയന്‍ ഗോള്‍ കീപ്പര്‍ ജിയാന്‍ലൂയിജി ഡൊന്നരൂമയെ മറികടന്നു.
നാല് തവണ ലോക ചാമ്പ്യന്മാരായ ഇറ്റലിക്ക് 2014 ന് ശേഷം ലോകകപ്പിന് യോഗ്യത നേടാനായില്ല. ബോസ്നിയയ്ക്കെതിരേ ജയിച്ചാല്‍ ലോകകപ്പ് യോഗ്യത ഉറപ്പായിരുന്നു. പന്തടക്കത്തോടെ ആധിപത്യം പുലര്‍ത്തിയ ടീം 15-ാം മിനിറ്റില്‍ തന്നെ മുന്നിലെത്തി. അതോടെ ടീമിന് ജയപ്രതീക്ഷ കൈവന്നു. 41-ാം മിനിറ്റില്‍ പ്രതിരോധതാരം അലസ്രാന്ഡ്രോ ബാസ്റ്റോണി ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായതു തിരിച്ചടിയായി.
പ്രതിരോധം ഉറപ്പിച്ച് ഗോള്‍ വഴങ്ങാതെ ജയം പിടിച്ചെടുക്കുകയായിരുന്നു ടീമിന്റെ ലക്ഷ്യം. അത് ഏറെക്കുറെ ഫലപ്രദമായി നടപ്പാക്കുകയും ചെയ്തു. 79-ാം മിനിറ്റില്‍ കളി മാറി. ഹാരിസ് തബാക്കോവിച്ചിലൂടെ ബോസ്നിയ സമനില പിടിച്ചു. മുഴുവന്‍ സമയത്തും അധിക സമയത്തും കൂടുതല്‍ ഗോള്‍ വീഴാത്തതിനാല്‍ കളി ഷൂട്ടൗട്ടിലേക്ക്. ആദ്യ മൂന്ന് കിക്കുകളില്‍ സാന്‍ഡ്രോ ടോണാലി മാത്രമാണു ലക്ഷ്യത്തിലെത്തിച്ചത്. നാല് തവണ ലോകകപ്പ് നേടിയ രാജ്യമാണ് തുടര്‍ച്ചയായ മൂന്നാം തവണയും ലോകകപ്പിന് യോഗ്യത നേടാനാവനാതെ പുറത്താവുന്നത്. 1934, 1938, 1982, 2006 വര്‍ഷങ്ങളിലാണ് ഇറ്റലി ലോകകപ്പ് ജേതാക്കളായത്. പങ്കെടുത്ത ആദ്യ ലോകകപ്പ് തന്നെ കിരീടം നേടിയായിരുന്നു ഇറ്റലി തുടങ്ങിയത്.
1934 ലെ രണ്ടാം ലോകകപ്പില്‍ തന്നെ കിരീടം നേടി. 1938 ലെ ലോകകപ്പിലും ഇറ്റലി ചാമ്പ്യന്മാരായി. 1982 ല്‍ ജേതാക്കളായ ടീം 1970,1994 വര്‍ഷങ്ങളില്‍ ഫൈനലില്‍ കടന്നു. 2006 ല്‍ ഇറ്റലി നാലാം കിരീടം സ്വന്തമാക്കി. പിന്നീട് ഇറ്റലിയുടെ പതനമായി. 2010, 2014 ലോകകപ്പുകളില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ പുറത്തായി. തോല്‍വി ഹൃദയഭേദകമാണെങ്കിലും അംഗീകരിക്കുന്നതായി ഇറ്റാലിയന്‍ കോച്ച് ഗെന്നാരോ ഗട്ടൂസോ പറഞ്ഞു. ഗ്രൂപ്പ് ബിയില്‍ ആതിഥേയരായ കാനഡ, ഖത്തര്‍, സ്വിറ്റ്സര്‍ലന്‍ഡ് എന്നിവര്‍ക്കൊപ്പമാണ് ബോസ്നിയ കളിക്കുക. 2014-ല്‍ അരങ്ങേറിയ ശേഷം 12 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണു ബോസ്നിയ ലോകകപ്പില്‍ തിരിച്ചെത്തിയത്.





