
തിരുവനന്തപുരം: കേരളത്തിലെ വിവിധ മേഖലകളിലുള്ള നാല് ലക്ഷത്തോളം ആളുകളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് നേരിട്ട് സംവദിക്കും. വൈകുന്നേരം 4.30-ന് 'ഓഡിയോ ബ്രിഡ്ജ്' സാങ്കേതികവിദ്യ വഴിയാണ് ഈ വിപുലമായ ആശയവിനിമയം നടക്കുന്നത്. നരേന്ദ്രമോദി ആപ്പ് വഴി തിരഞ്ഞെടുക്കപ്പെട്ട വ്യക്തികളുടെ ചോദ്യങ്ങള്‍ക്ക് പ്രധാനമന്ത്രി നേരിട്ട് മറുപടി നല്‍കും.
യുവാക്കള്‍, വനിതകള്‍, കര്‍ഷകര്‍, വിദ്യാര്‍ത്ഥികള്‍, പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ എന്നിങ്ങനെ സമൂഹത്തിന്റെ വിവിധ തുറയില്‍ നിന്നുള്ളവര്‍ പരിപാടിയില്‍ സംവദിക്കുമെന്നാണ് സൂചനകള്‍. പ്രധാനമന്ത്രിയുടെ ഹിന്ദിയിലുള്ള പ്രസംഗം ബിജെപി സംസ്ഥാന വക്താവ് അഡ്വ. ശ്രീപദ്മനാഭന് തത്സമയം പരിഭാഷപ്പെടുത്തും. അദ്ദേഹം ഇതിനായി ഡല്‍ഹിയില്‍ പ്രധാനമന്ത്രിക്കൊപ്പമുണ്ടാകും.
വികസിത കേരളത്തിനായുള്ള ക്രിയാത്മകമായ ആശയങ്ങള്‍ പ്രധാനമന്ത്രിയുമായി നേരിട്ട് പങ്കുവെക്കാന്‍ ലഭിക്കുന്ന സുവര്‍ണ്ണാവസരമാണിത്. എല്ലാവരും ഈ സംവാദത്തില്‍ പങ്കാളികളാകണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസങ്ങളില്‍ പാലക്കാട്, തൃശൂര്‍ ജില്ലകളില്‍ പ്രധാനമന്ത്രി എത്തിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായി ഏപ്രില്‍ നാലിന് അദ്ദേഹം തിരുവല്ലയിലും തിരുവനന്തപുരത്തും വീണ്ടും പ്രചാരണത്തിനെത്തും. ഈ സന്ദര്‍ശനങ്ങള്‍ക്ക് മുന്നോടിയായാണ് നവമാധ്യമ സാധ്യതകള്‍ പ്രയോജനപ്പെടുത്തി ഇത്രയും വലിയ ജനസമൂഹവുമായി പ്രധാനമന്ത്രി സംവദിക്കുന്നത്്.






