മഞ്ചേശ്വരം പോത്തോട്ടത്തിന്റെയും കോഴിപ്പോരിന്റെയും നാട്ടില്‍ രാഷ്‌ട്രീയ പോരാട്ടം കനക്കുകയാണ്. ഭാഷാ-മതന്യൂനപക്ഷങ്ങള്‍ക്ക് ഒരേപോലെ നിര്‍ണായക സ്വാധീനമുള്ള മഞ്ചേശ്വരം നിയമസഭ മണ്ഡലത്തില്‍ അവസാന ലാപ്പില്‍ ഇരുമുന്നണികളും വിജയം ഉറപ്പിക്കുകയാണ്. ഓരോ വോട്ടിനും അസാധാരണമായ വിലയുള്ള ഈ മണ്ഡലത്തില്‍ വികാരപ്രചാരണവും തന്ത്രപ്രയോഗങ്ങളും ശക്‌തമായി രംഗത്തിറക്കി മണ്ഡലം പിടിച്ചെടുക്കാനുള്ള ഒരുക്കത്തിലാണ് ഇരുമുന്നണികളും. യു.ഡി.എഫ്. സ്‌ഥാനാര്‍ഥി എ.കെ.എം. അഷ്‌റഫും എന്‍.ഡി.എ. സ്‌ഥാനാര്‍ഥി കെ. സുരേന്ദ്രന്‍യും തമ്മിലുള്ള നേര്‍ക്കുനേര്‍ പോരാട്ടം അവസാന നിമിഷങ്ങളില്‍ കൂടുതല്‍ കടുപ്പമേറുകയാണ്. നിര്‍ണായക ശക്‌തി അല്ലെങ്കിലും മൂന്നാമതായി എല്‍.ഡി.എഫ്. സ്‌ഥാനാര്‍ത്ഥി കെ.ആര്‍. ജയാനന്ദയുമുണ്ട്. സംഘപരിവാര്‍ വിരുദ്ധ വോട്ട് ചിതറി പോകാതിരിക്കാന്‍ യു.ഡി.എഫ്. ശക്‌തമായ ശ്രമത്തിലാണ്. മറുവശത്ത്, ഇനിയും തോല്‍ക്കരുത് എന്ന സഹതാപ തരംഗം ഉയര്‍ത്തിയാണ് എന്‍.ഡി.എ കെ.സുരേന്ദ്രനെ മൂന്നാമതും മത്സരിപ്പിക്കുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പിലെ പരാജയം മറികടക്കാന്‍ ഇത്തവണ വിജയമുറപ്പിക്കുമെന്ന ആത്മവിശ്വാസമാണ് സുരേന്ദ്രന്‍ ക്യാമ്പ് പങ്കുവെയ്‌ക്കുന്നത്.
എസ്.ഡി.പി.ഐ. സ്‌ഥാനാര്‍ഥിയെ പിന്‍വലിച്ചെങ്കിലും, ആ വോട്ടുകള്‍ ഏകകക്ഷിക്ക് കിട്ടാതെ യു.ഡി.എഫും എല്‍.ഡി.എഫും തമ്മില്‍ വിഭജിക്കപ്പെടാനിടയുണ്ടെന്നതാണ് പ്രധാന രാഷ്‌ട്രീയ ചര്‍ച്ച. സംസ്‌ഥാന രാഷ്‌ട്രീയത്തില്‍ ദുര്‍ബലരാണെന്ന് വിധിയെഴുതപ്പെട്ട എസ്.ഡി.പി.ഐക്ക് സ്‌ഥാനാത്ഥിത്വം പിന്‍വലിച്ചതോടെ മഞ്ചേശ്വരത്ത് നല്ല മൈലേജാണ് ഉണ്ടാക്കി കൊടുത്തിരിക്കുന്നത്. മണ്ഡലത്തിലെ ജയപരാജയം നിര്‍ണയിക്കാന്‍ തങ്ങള്‍ക്ക് കഴിയുമെന്നാണ് ഇവര്‍ പറയുന്നത്. മഞ്ചേശ്വരത്ത് അയ്ായിരത്തോളം എസ്.ഡി.പി.ഐ. വോട്ട് ഉണ്ടെന്നാണ് പാര്‍ട്ടിയുടെ അവകാശവാദം. എക്കാലത്തും നേരീയ ഭൂരിപക്ഷമുള്ള മണ്ഡലത്തില്‍ ഇത് നിര്‍ണായകമാണ്.
തദ്ദേശ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ ദയനീയ പ്രകടനത്തിന് കാരണമായത് അഷറഫ് സ്വീകരിച്ച കടുത്ത നിലപാടാണെന്ന വിലയിരുത്തലാണ് അദ്ദേഹത്തിനെതിരേ മത്സരിക്കാന്‍ എസ്.ഡി.പി.ഐയെ പ്രേരിപ്പിച്ച ഘടകം. എന്നാല്‍, എസ്.ഡി.പി.ഐയുടെ വോട്ട് വേണ്ടെന്ന് പറയാനുള്ള ധൈര്യം നിയമസഭാ തെരെഞ്ഞടുപ്പ് ആയപ്പോള്‍ അഷറഫിന് ഉണ്ടായില്ല. യു.ഡി.എഫിനെതിരേ എസ്.ഡി.പി.ഐ. സ്‌ഥാനാര്‍ത്ഥിയെ നിര്‍ത്തിയപ്പോള്‍ ഏറ്റവും കൂടുതല്‍ സന്തോഷിച്ചത് ബി.ജെ.പിയായിരുന്നു. അതേസമയം, ഏകദേശം ആയിരത്തോളം വോട്ടുള്ള പി.ഡി.പി വോട്ടുകള്‍ അവസാന ഘട്ടത്തില്‍ ഇടതുപക്ഷത്തേക്ക് ചായാന്‍ സാധ്യതയുണ്ടെന്നാണ് സൂചന. ഇരു വിഭാഗങ്ങളോടും യു.ഡി.എഫ് സ്‌ഥാനാര്‍ഥി വികാരാത്മക സമീപനമാണ് സ്വീകരിക്കുന്നത്. വോട്ടര്‍ പട്ടിക പരിഷ്‌കരണ നടപടികളുടെ ഗുണം തങ്ങള്‍ക്കാകുമെന്ന വിലയിരുത്തല്‍ യു.ഡി.എഫില്‍ ആത്മവിശ്വാസം പകരുന്നുണ്ട്. പുതുതായി ചേര്‍ത്ത വോട്ടര്‍മാരിലും യുഡിഎഫിന് മേല്‍ക്കൈയുണ്ടെന്നതാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍, പശ്‌ചിമേഷ്യയിലെ യുദ്ധം കാരണം പതിവായി പിന്തുണയ്‌ക്കുന്ന പ്രവാസി വോട്ടര്‍മാരുടെ നാട്ടിലേക്കുള്ള വരവ് തടസപ്പെട്ടത് യു.ഡി.എഫിനെ ആശങ്കയിലാക്കുന്നുണ്ട്. ഇത് എന്‍.ഡി.എയ്‌ക്ക് ആശ്വാസമായി മാറുന്നു.
അതിനിടെ, സ്വതന്ത്ര സ്‌ഥാനാര്‍ഥിയായ ജീന്‍ ലാവിന മൊന്തേറോയുടെ സാന്നിധ്യവും രണ്ട് മുന്നണികള്‍ക്കും തലവേദനയാകുന്നു. കൊങ്കണി ലത്തീന്‍ ക്രിസ്‌ത്യന്‍ വിഭാഗത്തിന്റെ പ്രശ്‌നങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചാണ് ഇവര്‍ രംഗത്തിറങ്ങിയിരിക്കുന്നത്. ഏകദേശം 6000 ത്തിലധികം വോട്ടുള്ള ഈ വിഭാഗത്തില്‍ നിന്ന് എത്രമാത്രം പിന്തുണ ലഭിക്കും എന്നത് നിര്‍ണായകമാണ്. പരമ്പരാഗതമായി യു.ഡി.എഫിന് അനുകൂലമായാണ് ഇവര്‍ നിലപാട് സ്വീരിക്കാറുള്ളത്. സമുദായത്തിനകത്ത് ഭിന്നത നിലനില്‍ക്കുന്നതിനാല്‍ മുഴുവന്‍ വോട്ടും മൊന്തേറോയ്‌ക്ക് ലഭിക്കില്ലെന്നാണു വിലയിരുത്തല്‍. മുന്‍ പഞ്ചായത്ത് പ്രസിഡന്റായിരുന്ന മൊന്തേറോ, മുന്‍പ് യു.ഡി.എഫ് പിന്തുണയോടെ വിജയിച്ചെങ്കിലും പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുമ്പോള്‍ എല്‍.ഡി.എഫും ബി.ജെ.പിയും നല്‍കിയ പിന്തുണയാണ് നിര്‍ണായകമായത്. അതുകൊണ്ട് തന്നെ, ഇവര്‍ നേടുന്ന വോട്ടുകള്‍ ആരുടെ സാധ്യതയെ ബാധിക്കുമെന്ന ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്. യു.ഡി.എഫിന്റെ ഇടപെടലിനെ തുടര്‍ന്ന് മത്സര രംഗത്ത് നിന്ന് പിന്‍മാറാന്‍ പുരോഹിതര്‍ സമ്മര്‍ദ്ദം ചെലുത്തിയിട്ട് പോലും മൊന്തേറോ പിന്‍മാറാന്‍ തയ്ാറാകാതെ മത്സര രംഗത്ത് ഉറച്ച് നില്‍ക്കുകയായിരുന്നു. തന്നെ സ്‌ഥാനാര്‍ത്ഥിയാക്കാന്‍ കൂടെ നിന്നവരെ ചതിക്കാന്‍ കഴിയില്ലെന്നതായിരുന്നു മൊന്തേറോയുടെ നിലപാട്.
2016 ലെ തെരഞ്ഞെടുപ്പില്‍ വെറും 89 വോട്ടിനാണ് യു.ഡി.എഫിലെ പി.ബി. അബ്‌ദുള്‍ റസാഖ്, കെ.സുരേന്ദ്രനെ പരാജയപ്പെടുത്തിയത്. 2021 ല്‍ സുരേന്ദ്രനുമായി ഏറ്റുമുട്ടിയപ്പോള്‍ അഷറഫിന്റെ ഭൂരിപക്ഷം കേവലം 745 വോട്ടായിരുന്നു. ഇത്തവണയും ഇവിടെ ഫോട്ടോഫിനിഷ് സാധ്യതയിലേക്കാണ് നിരീക്ഷകര്‍ വിരല്‍ചൂണ്ടുന്നത്. ഒറ്റവാക്കില്‍ പറഞ്ഞാല്‍, മഞ്ചേശ്വരത്ത് ഓരോ വോട്ടും പൊന്നിന്റെ വിലയാണ്. തന്ത്ര-കുതന്ത്രങ്ങള്‍ കൂടിക്കലരുന്ന അവസാന പോരാട്ടത്തില്‍ ചെറിയ ചലനങ്ങള്‍ പോലും വിജയിയെ നിര്‍ണയിക്കാനിടയുണ്ട്.
ബാലഗോപാലന്‍ പെരളത്ത്




